കമ്മട്ടിപ്പാടം, അങ്കമാലീസ് ഡയറീസ് തുടങ്ങി അനേകം സിനിമകളില്‍ സംഘട്ടനം ഒരുക്കിയ പ്രശസ്ത തെന്നിന്ത്യന്‍ ആക്ഷന്‍ കോറിയോഗ്രാഫര്‍ ജോളി ബാസ്റ്റ്യന്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഡിസംബര്‍ 26 ന് മരണമടയുകയായിരുന്നു.
57 വയസ്സുള്ള ജോളി ബാസ്റ്റ്യന്‍ കന്നഡ, തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി, പഞ്ചാബി എന്നീ ഭാഷകളില്‍ 400-ലധികം സിനിമകള്‍ക്ക് അസാധാരണമായ സംഘട്ടന രംഗങ്ങള്‍ ചിട്ടപ്പെടുത്തിയിട്ടുണ്ട്. ‘അങ്കമാലി ഡയറീസ്’, ‘കമ്മട്ടിപ്പാടം’, ‘ബാംഗ്ലൂര്‍ ഡേയ്സ്’, ‘ഓപ്പറേഷന് ജാവ’, ‘മാസ്റ്റര്‍പീസ്’, ‘ഹൈവേ’, ‘ജോണി വാക്കര്‍’ തുടങ്ങിയവ ജനപ്രിയ സിനിമകളില്‍ സംഘട്ടനം ഒരുക്കിയത് അദ്ദേഹമായിരുന്നു.
1966 സെപ്റ്റംബര്‍ 24ന് ആലപ്പുഴയില്‍ ജനിച്ച ജോളി ബാസ്റ്റ്യന്‍ വളര്‍ന്നത് ബാംഗ്ലൂരിലാണ്. മെക്കാനിക്ക് ആയി പേരെടുത്ത ശേഷമാണ് ജോളി ബാസ്റ്റ്യന്‍ സിനിമയിലെ സംഘട്ടന രംഗത്തേക്ക് കടന്നത്. കന്നഡ സൂപ്പര്‍സ്റ്റാര്‍ വി രവിചന്ദ്രന്റെ ഒരു സ്റ്റണ്ട് ഡബിള്‍ ആയാണ് അദ്ദേഹം സിനിമകളില്‍ തന്റെ യാത്ര ആരംഭിച്ചത്. ക്രമേണ, കന്നഡ ചലച്ചിത്രമേഖലയില്‍ ഏറ്റവും കൂടുതല്‍ ആവശ്യപ്പെടുന്ന ആക്ഷന്‍ സംവിധായകനായി.
ജോളി ബാസ്റ്റ്യന്റെ പെട്ടെന്നുള്ള വിയോഗം വിനോദ വ്യവസായത്തെയാകെ ഞെട്ടിച്ചിരിക്കുകയാണ്. അദ്ദേഹത്തിന്റെ വേര്‍പാടില്‍ ഫെഫ്ക ഡയറക്ടര്‍ യൂണിയന് അനുശോചനം രേഖപ്പെടുത്തി. ഭാവന സ്റ്റുഡിയോയും ദുഃഖം രേഖപ്പെടുത്തി. വെള്ളിയാഴ്ച ബംഗലുരുവിലാണ് സംസ്ക്കാരം.