Featured Lifestyle

നഖം കടിക്കുന്ന ശീലം നല്ലതോ ? ചീത്തയോ ?

നഖം കടിക്കുന്ന ശീലം പലര്‍ക്കുമുണ്ട്. ശീലം മാറ്റിയില്ലെങ്കില്‍ പിന്നീടതൊരു പ്രശ്‌നമായി മാറിയേക്കാം… സൗന്ദര്യമത്സര വേദി. വിജയികളുടെ പേരുകള്‍ ഓരോന്നായി അവതാരകര്‍ പറയുകയാണ്. ഹൃദയമിടിപ്പിന് വേഗമേറുന്ന സമയം. മത്സരാര്‍ത്ഥികളുടെ മുഖത്ത് കാര്‍മേഘങ്ങള്‍ ഇരുണ്ടു മൂടുന്നത് ക്യാമറയിലൂടെ പ്രേക്ഷകര്‍ കാണുന്നുണ്ട്. ഇടയ്ക്ക് ക്യാമറ സൂം ചെയ്തപ്പോള്‍ കണ്ട രംഗം എല്ലാവരുടെയും ടെന്‍ഷന്‍ ചിരിയിലായി. മത്സരാര്‍ത്ഥികളില്‍ ഒരാള്‍ നഖം കടിച്ചു നില്‍ക്കുന്നു… ഇത് കെട്ടുകഥയല്ല, നടന്ന സംഭവമാണ്.

നഖം കടി ശീലമാക്കിയവര്‍ അത് ഏറ്റവുമധികം പ്രകടിപ്പിക്കുന്നത് ടെന്‍ഷന്‍ വരുമ്പോഴാണ്.

ശീലം നല്ലതോ ചീത്തയോ

നഖം കടിക്കുന്നത് ഒരു വൃത്തികെട്ട ശീലമായി കുറ്റപ്പെടുത്താറുണ്ട്. ഈ ശീലം ആരോഗ്യപരമായി നല്ലതല്ല, എന്നാല്‍ അത്ര കുഴപ്പം പിടിച്ചതുമല്ല. സ്ഥലവും സന്ദര്‍ഭവുമൊന്നും നോക്കാതെ നഖം കടിക്കുന്നവര്‍ സാധാരണമാണ്. സദസില്‍ ഇവര്‍ പലപ്പോഴും അപഹാസ്യരാകും. എവിടെയെങ്കിലും വച്ച് അറിയാതെ സ്വഭാവം വെളിപ്പെട്ടാല്‍ ഇവരുടനെ അത് മറയ്ക്കാന്‍ ശ്രമിച്ച് പരാജയപ്പെടും. നഖം കടിക്കുന്നത് പെര്‍ഫക്ഷനിസ്റ്റുകളാണെന്ന് അടുത്തിടെ ഒരു പഠനം തെളിയിച്ചെങ്കിലും ഇവര്‍ അനുഭവിക്കുന്ന ചില പ്രതിസന്ധികളുണ്ട്.

നഖം കടിക്കുന്നത് എപ്പോള്‍ ?

പലരും നഖം കടിക്കുന്നത് അറിയാതെയാണ്. ശീലമായിക്കഴിഞ്ഞാല്‍ അനിയന്ത്രിതമായി അത് വന്നുപോകും. നഖം കടിക്കുന്നവരില്‍ മിക്കവരും ഈ അവസ്ഥകളിലൂടെയും പ്രതിസന്ധികളിലൂടെയും കടന്നു പോയവരായിരിക്കും.

1. സിനിമയ്ക്കിടയിലെ പ്രധാന രംഗങ്ങള്‍, ക്രിക്കറ്റ് മാച്ച്, ഫുട്‌ബോള്‍ മാച്ച് എന്നിവയിലൊക്കെ വളരെ ടെന്‍ഷനടിച്ച സാഹചര്യം വന്നാല്‍ ഇവര്‍ നഖം കടിക്കും.

2. ചില സമയത്ത് ഈ ശീലം മറച്ചു വച്ചാലും സംസാരത്തില്‍ അല്‍പ്പം സമ്മര്‍ദ്ദം വന്നാല്‍ ഇവരറിയാതെ നഖം കടിക്കും.

3. നഖം കടിക്കുക മാത്രമല്ല, ആ ഭാഗത്തെ തൊലിയും കൂടി പോരുമ്പോഴുള്ള വേദന ഇവര്‍ ആസ്വദിക്കും.

4. ശീലം അവസാനിപ്പിക്കാന്‍ ശ്രമിച്ച് പലവട്ടം പരാജയപ്പെടും.

5. പലര്‍ക്കും സദസ്സില്‍ നഖം കടിക്കാന്‍ കഴിയാത്തത്, പുറം ചൊറിയാന്‍ കഴിയാത്തതിന്റെ അസ്വസ്ഥത പോലെയാണ്.

6. നഖം കടിച്ച ശേഷം ആ നഖം തിന്നുന്നവര്‍ക്ക് ആ ശബ്ദവും ഒരു ആസ്വാദനമാണ്.

7. ഏത് അവസരത്തിലും ഏത് നിമിഷത്തിലും നഖം കടിക്കാനുള്ള ത്വരയുണ്ടാകും.

നഖംകടി തടയാം

1. വേപ്പെണ്ണ പുരട്ടി നഖംകടി തടയാം. ഒരു പഞ്ഞിയില്‍ വേപ്പെണ്ണ മുക്കി നഖത്തില്‍ തുടയ്ക്കുക. ഉണങ്ങാന്‍ അനുവദിക്കുക. എപ്പോഴെങ്കിലും നഖം കടിച്ചാല്‍ വേപ്പിന്റെ കയ്പ്പ് സഹിക്കേണ്ടി വരും. സാവധാനം ശീലം മാറും.

2. വെളുത്തുള്ളി തൊലി കളഞ്ഞ് രണ്ടായി മുറിച്ച് നഖങ്ങളില്‍ ഉരസുക. അല്‍പ്പസമയം വച്ച ശേഷം കഴുകി കളയുക. കയ്പ്പ് ഈ ശീലം ഇല്ലാതാക്കും.

3. പാവയ്ക്ക പേസ്റ്റ് നഖത്തില്‍ തേച്ചു പിടിപ്പിക്കുക. ഉണങ്ങിയ ശേഷം കഴുകുക.

4. കയ്പ്പുള്ള നെയില്‍ പോളിഷുകള്‍ വിപണിയില്‍ സുലഭമാണ്. അവയിലൊരെണ്ണം വാങ്ങി നഖങ്ങളിലടിക്കുക.

5. കടുത്ത നിറത്തിലുള്ള നെയില്‍ പോളിഷുകള്‍ അടിക്കുന്നതും നഖംകടി ശീലം ഒഴിവാക്കും.

6. നഖം കൂടുതല്‍ വളരാന്‍ അനുവദിക്കാതിരിക്കുക. കൃത്യ ഇടവേളകളില്‍ നഖം വെട്ടുക. നഖത്തിന് നീളം കുറയുന്നത് നഖംകടി ശീലം പതിയെ മാറ്റും.

7. കൃത്യമായി മാനിക്യൂര്‍ ചെയ്യുക. ബ്യൂട്ടിപാര്‍ലറുകളില്‍ ചെയ്യുന്ന മാനിക്യൂറിലൂടെ ഭംഗിയുള്ള നഖം കിട്ടും. അത് കാണുന്നതോടെ നഖം കടിക്കാനുള്ള പ്രവണത മാറിക്കിട്ടും.