Oddly News

രണ്ടുപേര്‍ ചേര്‍ന്ന് പോലും ഈ ലാന്റ് ക്രൂയിസര്‍ ഉയര്‍ത്താനാകും ; തിരിച്ചുവരാന്‍ തയ്യാറെടുത്ത് ടൊയോട്ട

ഐക്കണിക് ലാന്‍ഡ് ക്രൂയിസര്‍ 70 എസ്യുവിയുടെ വിപണിയിലേക്കുള്ള തിരിച്ചുവരവ് ആഘോഷിക്കാന്‍ തയ്യാറെടുക്കുകയാണ് വാഹന നിര്‍മ്മാതാക്കളായ ടൊയോട്ട. അതിന്റെ ഭാഗമായിട്ടാണ് അവര്‍ ജാപ്പനീസ് ആര്‍ട്ടിസ്റ്റ് മസുമി യമാഗുച്ചിയുമായി കൈകോര്‍ത്തത്.

സാധാരണഗതിയില്‍ എസ്‌യുവി കള്‍ അത്ര ഭാരം കുറഞ്ഞതായി കരുതാനാകില്ല. എന്നാല്‍ മസൂമി യമാഗുച്ചി നിര്‍മ്മിച്ച ലാന്‍സ് ക്രൂയിസര്‍ ഇതുവരെ നിര്‍മ്മിച്ചതില്‍ വെച്ച് ഏറ്റവും ഭാരം കുറഞ്ഞതാണ്. വെറും രണ്ടു പേര്‍ പിടിച്ചാല്‍ പോലും ഉയര്‍ത്താന്‍ കഴിയും.

ഐതിഹാസികമായ ലാന്‍ഡ് ക്രൂയിസര്‍ 70 ന്റെ 1:1 മോഡല്‍ ആണെങ്കിലും ഈ പ്രത്യേക എസ്യുവി യഥാര്‍ത്ഥത്തില്‍ യമാഗുച്ചി കൂട്ടിച്ചേര്‍ത്ത സ്‌റ്റൈറോഫോം ഭാഗങ്ങള്‍ കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്. കാറിന്റെ ബോഡി മുതല്‍ ജനാലകളും ടയറുകളും വരെ സ്‌റ്റൈറോഫോം കൊണ്ട് നിര്‍മ്മിച്ച് പെയിന്റ് ചെയ്‌തെടുത്ത ശില്‍പ്പം യഥാര്‍ത്ഥ വാഹനത്തിന്റെ തനിപകര്‍പ്പാണ്.

യാതൊരു വ്യത്യാസവും വരാത്ത രീതിയില്‍ അസാധാരണമായ പെയ്ന്റിംഗും മറ്റുമാണ് ഇതിന് നല്‍കിയിരിക്കുന്നത്. ടയറുകളിലെ ത്രെഡിംഗ് പോലെയുള്ള ഏറ്റവും ചെറിയ വിശദാംശങ്ങള്‍ വരെ എല്ലാം ഏതാണ്ട് പൂര്‍ണതയിലേക്ക് പകര്‍ത്തി. ലാന്‍ഡ് ക്രൂയിസര്‍ 70-ന്റെ ഹുഡ്, എല്‍ഇഡി ഹെഡ്ലൈറ്റുകള്‍, ടൊയോട്ട എംബ്ലങ്ങള്‍ എന്നിവ പോലും സ്‌റ്റൈറോഫോമില്‍ നിന്ന് പുനര്‍നിര്‍മ്മിച്ചു.

ശില്‍പ്പമാണെന്ന് അറിയാത്ത ആദ്യമായി കാണുന്ന മിക്ക ആളുകളും ഈ മോഡലിനെ ഒരു യഥാര്‍ത്ഥ എസ്യുവിയാണെന്ന് തെറ്റിദ്ധരിക്കും. മസുമി യമാഗുച്ചി ഒരു മികച്ച സ്‌റ്റൈറോഫോം ശില്‍പിയാണ്. ലാന്‍ഡ് ക്രൂയിസര്‍ 70 അദ്ദേഹത്തിന്റെ ഏറ്റവും ശ്രദ്ധേയമായ പ്രോജക്റ്റുകളില്‍ ഒന്നാണ്.