നിലവില്‍ ഇന്ത്യന്‍ ദേശീയ ടീമിന്റെ മുഖ്യ പരിശീലകനുമായ രാഹുല്‍ ദ്രാവിഡ് ഒരുകാലത്ത് ഇന്ത്യയുടെ ഏറ്റവും മികച്ച ടെസ്റ്റ് ബാറ്റ്സ്മാനായിരുന്നു. മകന് സമിത്ത് രാഹുല്‍ ദ്രാവിഡിന്റെ പ്രതാപകാലം കൃത്യമായി ഓര്‍മ്മപ്പെടുത്തുകയാണ്. അണ്ടര്‍ 19 കൂച്ച് ബെഹാര്‍ ട്രോഫിയിലെ മികച്ച പ്രകടനത്തിലൂടെ ക്രിക്കറ്റ് പ്രേമികളുടെ ശ്രദ്ധ പിടിച്ചുപറ്റുകയാണ് മകന് സമിത്തും.
ഈ മാസം ആദ്യം മൈസൂരിലെ എസ്ഡിഎന്‍ആര്‍ഡബ്ള്യൂ ഗ്രൗണ്ടില്‍ ഉത്തരാഖണ്ഡിനെതിരായ മത്സരത്തില്‍ സമിത്ത് തകര്‍പ്പന്‍ ബാറ്റിംഗ് പുറത്തെടുത്തു. 159 പന്തില്‍ 98 റണ്‍സ് നേടിയ താരം 13 ബൗണ്ടറികളും ഒരു സിക്സറും പറത്തി. കര്‍ണാടകയ്ക്ക് വേണ്ടിയായിരുന്നു സമിത്ത് ജഴ്സിയണിഞ്ഞത്. നേരത്തേ ജമ്മു കശ്മീരിനെതിരേ കര്‍ണാടക 480 റണ്‍സ് അടിച്ച ആദ്യ ഇന്നിംഗ്സിലും സമിത്ത് മികച്ച ബാറ്റിംഗ് നടത്തിയിരുന്നു. താരത്തിന്റെ ബാറ്റിംഗിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
ഉറച്ചതും അച്ചടക്കമുള്ളതുമായ പ്രതിരോധ ബാറ്റിംഗ് സാങ്കേതികതയ്ക്ക് പേരുകേട്ട ബാറ്ററായിരുന്നു പിതാവ് രാഹുല്‍ ദ്രാവിഡ്. തന്റെ മികച്ച കരിയറില്‍ ഉടനീളം നിരവധി ലോകോത്തര ബൗളര്‍മാര്‍ക്ക് ശക്തമായ വെല്ലുവിളി ഉയര്‍ത്തുന്ന ബാറ്റ്സ്മാനായിരുന്നു ദ്രാവിഡ്. രാഹുലിന്റെ സാങ്കേതിക മികവിന്റെ പ്രതിധ്വനികള്‍ സമിത്തിന്റെ ബാറ്റിംഗ് ശൈലിയില്‍ പ്രതിധ്വനിക്കുന്നതായി ആരാധകര്‍ കണ്ടെത്തുന്നു. മകന്റെ ബാറ്റിംഗ് പ്രകടനം കാണാന്‍ രാഹുലും ഭാര്യ വിജേതയും എത്തിയിരുന്നു.