Movie News

ഉലകനായകന്‍ പ്രഭാസിന്റെ വില്ലനാകുന്നു ; പിന്നാലെ വരാനിരിക്കുന്നത് വമ്പന്‍ ചിത്രങ്ങള്‍

ഇന്ത്യന്‍ സിനിമയില്‍ ദീര്‍ഘകാല പ്രവര്‍ത്തി പരിചയത്തിനിടയില്‍ അപൂര്‍വ്വമായി മാത്രം വില്ലന്‍ വേഷം ചെയ്തിട്ടുള്ള കമല്‍ഹാസന്‍ ദീര്‍ഘനാളത്തെ ഇടവേളയ്ക്ക് ശേഷം വില്ലനായി എത്തുന്നു. നാഗ് അശ്വിന്റെ പുതിയ സിനിമ ‘കല്‍ക്കി 2898എഡി’ എന്ന സിനിമയിലാണ് കമല്‍ വില്ലന്‍ വേഷത്തില്‍ എത്തുന്നത്. സയന്‍സ് ഫിക്ഷന്‍ ഡ്രാമയായ സിനിമ പാന്‍ ഇന്ത്യന്‍ സിനിമയായിട്ടാണ് അവതരിപ്പിക്കപ്പെടുന്നത്.

തെലുങ്ക് നടന്‍ പ്രഭാസ് നായകനാകുമെന്നാണ് വിവരം. സിനിമയില്‍ അമിതാഭ് ബച്ചന്‍, ദീപികാ പദുക്കോണ്‍, ദിഷാ പഠാണി എന്നിവരാണ് മറ്റു പ്രധാന വേഷത്തില്‍ എത്തുന്നത്. സിനിമയില്‍ കമല്‍ഹാസന്റെ തനിച്ചുള്ള ഭാഗങ്ങള്‍ രണ്ടാഴ്ചയ്ക്ക് മുമ്പ് ഹൈദരാബാദില്‍ തുടങ്ങിയിരുന്നു. അത് ഏറെക്കുറെ പൂര്‍ത്തിയാക്കിയതായിട്ടാണ് വിവരം. ഇനി കമലിന് 20 ദിവസത്തെ ഷൂട്ടിംഗ് കൂടിയാണ് ബാറ്റിയുള്ളത്. ഇനി പ്രഭാസിനൊപ്പമുള്ള രംഗങ്ങളാണ് താരത്തിന്റേതായി ചിത്രീകരിക്കാനുള്ളത്. സലാറിന്റെ ഷൂട്ടിംഗിന് പിന്നാലെ പ്രമോഷന്‍ പരിപാടികളില്‍ പ്രഭാസ് തിരക്കായതിനാല്‍ ഈ ചിത്രീകരണം വൈകിയേക്കാന്‍ സാധ്യതയുണ്ട്.

കല്‍ക്കിക്കൊപ്പം ശങ്കര്‍ സംവിധാനം ചെയ്യുന്ന ‘ഇന്ത്യന്റെ’ ഷൂട്ടിംഗും സമാന്തരമായി കമല്‍ കൊണ്ടുപോകുന്നുണ്ട്. ഇന്ത്യന്‍ 2, 3 ഭാഗങ്ങള്‍ ഒരുമിച്ചാണ് ചിത്രീകരിക്കുന്നത്. കമല്‍ ഈ സിനിമകളില്‍ സേനാപതിയായി തിരിച്ചുവരുന്നു. 36 വര്‍ഷങ്ങള്‍ക്ക് ശേഷം മണിരത്‌നവുമായി ഒന്നിക്കുന്ന ‘തഗ്‌ലൈഫ്’ ആണ് താരം ഇനി ചെയ്യാന്‍ പോകുന്ന സിനിമ. അതിന് പിന്നാലെ എച്ച് വിനോദിനൊപ്പം താരം തന്റെ 233 മത് സിനിമയിലും അഭിനയിക്കും. ഈ സിനിമ തുടങ്ങാന്‍ അല്‍പ്പം സമയമെടുത്തേക്കും.