Movie News

‘ദി ഫെയ്‌സ് ഓഫ് ദ ഫെയ്സ്ലെസ്’ ഓസ്‌കര്‍ പുരസ്‌കാര യോഗ്യത പട്ടികയില്‍; സന്തോഷം പങ്കുവെച്ച് വിന്‍സി അലോഷ്യസ്

നായികാ നായകന്‍ എന്ന പരിപാടിയിലൂടെ മലയാളികളുടെ ഹൃദയത്തില്‍ ഇടം നേടിയ മത്സരാര്‍ത്ഥിയായിരുന്നു വിന്‍സി അലോഷ്യസ്. പരിപാടിയില്‍ നായികാ പട്ടം നേടിയില്ലെങ്കിലും വിന്‍സിക്ക് വലിയൊരു ആരാധകവൃന്ദത്തെ സ്വന്തമാക്കാന്‍ സാധിച്ചു. തുടര്‍ന്ന് മലയാളസിനിമയിലും തന്റേതായ സ്ഥാനം നേടാന്‍ വിന്‍സിയ്ക്ക് സാധിച്ചു. മികച്ച കഥാപാത്രങ്ങളാണ് വിന്‍സിയ്ക്ക് ചുരുങ്ങിയ കാലം കൊണ്ട് തന്നെ ചെയ്യാന്‍ സാധിച്ചത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ വിശേഷങ്ങളൊക്കെ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. വിന്‍സി ഇപ്പോള്‍ തന്റെ വലിയൊരു സന്തോഷം ആരാധകരുമായി പങ്കുവെച്ചിരിയ്ക്കുകയാണ്.

താന്‍ അഭിനയിച്ച ‘ദി ഫെയ്‌സ് ഓഫ് ദ ഫെയ്സ്ലെസ്’ എന്ന ചിത്രം ഓസ്‌കര്‍ പുരസ്‌കാരത്തിനുള്ള യോഗ്യത പട്ടികയില്‍ ഇടം പിടിച്ച സന്തോഷ വാര്‍ത്തയാണ് വിന്‍സി ആരാധകരുമായി പങ്കുവെയ്ക്കുന്നത്. നിരവധി പേരാണ് വാര്‍ത്ത അറിഞ്ഞ് താരത്തിന് ആശംസകള്‍ അറിയിക്കുന്നത്. മധ്യപ്രദേശില്‍ വച്ച് കൊലചെയ്യപ്പെട്ട മലയാളി കന്യാസ്ത്രീ റാണി മരിയയുടെ ജീവിതം പറയുന്ന ചിത്രമാണ് ഇത്. ഷെയ്‌സണ്‍ പി ഔസേഫ് സംവിധാനം ചെയ്ത ‘ദി ഫെയ്‌സ് ഓഫ് ദ ഫെയ്സ്ലെസ്’ അന്താരാഷ്ട്ര വേദികളില്‍ ശ്രദ്ധപിടിച്ചു പറ്റിയ സിനിമയാണ്. പതിനാറ് സംസ്ഥാനങ്ങളിലെ കലാകാരികളും കലാകാരന്മാരുമാണ് ചിത്രത്തില്‍ അഭിനയിച്ചിട്ടുള്ളത്.

21 വയസ്സ് പ്രായമുള്ളപ്പോള്‍ ഉത്തര്‍പ്രദേശില്‍ എത്തുകയും അവിടുത്തെ ജനങ്ങള്‍ക്ക് വേണ്ടി ജീവിതം ഹോമിച്ച് വാഴ്ത്തപ്പെട്ട സിസ്റ്റര്‍ റാണിമരിയയുടെ ജീവിതമാണ് സിനിമ പറയുന്നത്. മലയാളം, ഹിന്ദി, സ്പാനിഷ് ഭാഷകളിലാണ് സിനിമ നിര്‍മ്മിച്ചത്. ചിത്രത്തിനായി സംഗീത സംവിധായകന്‍ അല്‍ഫോണ്‍സ് ജോസഫ് ഒരുക്കിയ മൂന്ന് ഗാനങ്ങളാണ് ഒര്‍ജിനല്‍ സോങ് എന്ന വിഭാഗത്തില്‍ ഓസ്‌കര്‍ യോഗ്യത നേടിയിരിക്കുന്നത്. ആകെ വിവിധ ഭാഷകളില്‍ നിന്നുള്ള 94 ഗാനങ്ങളാണ് ഈ വിഭാഗത്തില്‍ മത്സരിക്കുന്നത്.

പാരീസ് സിനി ഫിയസ്റ്റയില്‍ ‘ബെസ്റ്റ് വുമന്‍സ് ഫിലിം’ പുരസ്‌കാരവും കാനഡയിലെ ടൊറന്റോ ഇന്‍ഡിപെന്‍ഡന്റ്‌റ് ഫിലിം ഫെസ്റ്റിവലില്‍ ‘ബെസ്റ്റ് ഹ്യൂമന്‍ റൈറ്റ്‌സ് ഫിലിം’ പുരസ്‌കാരവും ഉള്‍പ്പെടെ മുപ്പതോളം രാജ്യാന്തര പുരസ്‌കാരങ്ങളാണ് സിനിമ ഇതുവരെ സ്വന്തമാക്കിയത്. കൂടാതെ ന്യൂയോര്‍ക്ക് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ വിന്‍സി അലോഷ്യസിന് മികച്ച നടിക്കും സംവിധായകന്‍ ഷൈസണ്‍ പി ഔസേഫിന് മികച്ച നവാഗത സംവിധായകനുമുള്ള പുരസ്‌കാരവും ഈ ചിത്രത്തിലൂടെ ലഭിച്ചിരുന്നു.