Celebrity

ജയസൂര്യയുടെ ജോണ്‍ ലൂഥര്‍ കണ്ടതോടെ മലയാള സിനിമകളുടെ ആരാധകനായി മാറി : രവിചന്ദ്ര അശ്വിന്‍

ചെറിയ ചെറിയ വേഷങ്ങളിലൂടെ മലയാള സിനിമയിലെത്തി തന്റേതായ ഇടം നേടിയ താരമാണ് ജയസൂര്യ. താരത്തിന്റെ ബിഗ് ബജറ്റ് ചിത്രമാണ് വരാന്‍ പോകുന്ന ചിത്രമായ ‘കത്തനാര്‍’. റോജിന്‍ ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം ഹൊറര്‍-ത്രില്ലര്‍ ഴോണറിലാണ് എത്തുന്നത്. ഇപ്പോള്‍ ജയസൂര്യയുടെ അഭിനയ മികവിനെ പുകഴ്ത്തി എത്തിയിരിയ്ക്കുകയാണ് ക്രിക്കറ്റ് താരം രവിചന്ദ്ര അശ്വിന്‍.

ജയസൂര്യയുടെ ജോണ്‍ലൂഥര്‍ എന്ന സിനിമയെ കുറിച്ച് അശ്വിന്‍ തന്റെ പുതിയ വ്‌ലോഗില്‍ സംസാരിച്ചത്. തന്റെ ഈ ചിത്രം കണ്ട് അഭിപ്രായം പറഞ്ഞതിന് നന്ദി പറഞ്ഞു കൊണ്ട് ഈ വീഡിയോ ജയസൂര്യ തന്നെ ഇന്‍സ്റ്റാഗ്രാം പേജില്‍ പങ്കുവെച്ചിട്ടുണ്ട്. ജൊഹാനസ്‌ബെര്‍ഗില്‍ നടക്കുന്ന ട്വന്റി ട്വന്റി സീരിസില്‍ പങ്കെടുക്കുന്നതിനു വേണ്ടി യാത്ര ചെയ്യുന്നതിനിടെ ഫ്‌ളൈറ്റില്‍ വെച്ചാണ് അശ്വിന്‍ സിനിമ കണ്ടത്. ജോണ്‍ ലൂഥര്‍ കണ്ടതോടെ മലയാള സിനിമകളുടെ ആരാധകനായി മാറിയെന്നും അദ്ദേഹം പറഞ്ഞു.

”വിജയ് ആന്റണി നായകനായ ‘കൊലൈ’ എന്നൊരു സിനിമ കണ്ടു. അതൊരു പൊലീസ് സ്റ്റോറിയായിരുന്നു. ഡീസന്റ് വാച്ച് എന്നാണ് പറയേണ്ടത്. സിനിമകള്‍ കാണുമ്പോള്‍ എന്നെ തൃപ്തിപ്പെടുത്തുന്നുണ്ടോ എന്നുമാത്രമേ നോക്കാറുള്ളൂ. പക്ഷേ അതിനു ശേഷം ഞാനൊരു സിനിമ കണ്ടു, ‘ജോണ്‍ ലൂഥര്‍’. എന്നാ ആക്ടിങ്. ഞാന്‍ പറയുന്നത് ശരിയാണെങ്കില്‍ ഇതേ ഹീറോ തന്നെയാണ് വസൂല്‍ രാജ എംബിബിഎസില്‍ കമല്‍ഹാസനൊപ്പം സാക്കിര്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്. എന്നാ ആക്ടിങ്. സത്യസന്ധനായ പൊലീസ് ഉദ്യോഗസ്ഥന്റെ കഥയാണ് ചിത്രം പറയുന്നത്.

ഒരാളുടെ ജീവന്‍ ആയാളുടെ ജോലിയിലാണിരിക്കുന്നത് എന്ന് പറയുന്നതു പോലെ. ഒരു കഥാപാത്രത്തെ എങ്ങനെ രൂപപ്പെടുത്തുന്നു, തിരക്കഥയുടെ മികവ് ഇതെല്ലാം കൃത്യമായി അടയാളപ്പെടുത്തുന്ന സിനിമ. വിമാനത്തില്‍ ഇരിക്കുമ്പോള്‍ മറ്റ് ചില ജോലികളും തീര്‍ക്കാം എന്ന് വിചാരിച്ചിരുന്നതാണ്. ഫ്‌ലൈറ്റ് ഇന്റര്‍നെറ്റ് വരെ വാങ്ങി, ഡയറിയും എടുത്തു. ഇതെല്ലാം റെഡിയാക്കിയ ശേഷമാണ് ജോണ്‍ ലൂഥര്‍ കണ്ടുതുടങ്ങിയത്. സിനിമ തുടങ്ങിയ ശേഷം ഫോണിലും ഡയറിയിലുമൊന്നും തൊട്ടേയില്ല. അതുപോലെ തന്നെ ഇരുന്ന് രണ്ടരമണിക്കൂര്‍ സിനിമയില്‍ മുഴുകിയിരുന്നു. ഇതിനു മുമ്പും പല സിനിമകളും കണ്ടിട്ടുണ്ട്. നൃത്തസംവിധായിക കലാ മാസ്റ്റര്‍ പറയുന്നതുപോലെ ‘കിഴിച്ചിട്ടാങ്കേ’ എന്നു പറയേണ്ടി വരും. അതിഗംഭീരം. നന്നായി ആസ്വദിച്ചു. നിങ്ങളും ഈ സിനിമ തീര്‍ച്ചയായും കാണണം.”-അശ്വിന്‍ പറഞ്ഞു.

അഭിജിത്ത് ജോസഫ് രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രം ക്രൈം ത്രില്ലറാണ്. കേസന്വേഷണത്തിന് ഭാഗമായി ഒരു ചെവിയുടെ കേള്‍വിക്ക് നഷ്ടമാകുന്ന പോലീസ് ഉദ്യോഗസ്ഥനായി ജയസൂര്യ വേഷമിടുന്നു. ആത്മീയ രാജന്‍, സിദ്ദിഖ്, ദീപക് പറമ്പോല്‍ തുടങ്ങിയവരായിരുന്നു പ്രധാന അഭിനേതാക്കള്‍.