Sports

ബാറ്റിംഗ് ടീമിന് അഞ്ചു റണ്‍സ് വെറുതേ കിട്ടുന്ന പരിപാടി ! എന്താണ് സ്‌റ്റോപ്പ് ക്‌ളോക്ക്?

ന്യൂഡല്‍ഹി: ക്രിക്കറ്റ് മത്സരങ്ങളിലെ സമയം ലാഭിക്കുന്നതിനും കളി കൂടുതല്‍ ആവേശകരമാക്കുന്നതിനും ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സില്‍ ‘സ്റ്റോപ്പ് ക്ലോക്ക് ട്രയല്‍’ ആരംഭിക്കും. അത് ഡിസംബര്‍ 13 മുതല്‍ ആരംഭിക്കുന്ന ഇംഗ്‌ളണ്ടും വെസ്റ്റിന്‍ഡീസും തമ്മിലുള്ള ടി 20 പരമ്പര മുതലാണ് ഐസിസി പുതിയ നിയമം നടപ്പിലാക്കുന്നത്. ഓവറുകള്‍ക്ക് ഇടയിലുള്ള സമയത്തിന്റെ അളവ് നിയന്ത്രിക്കാനാണ് സ്‌റ്റോപ്പ് ക്‌ളോക്ക്.

ഓവറുകളില്‍ ബൗളിംഗ് ടീം അവരുടെ അടുത്ത ഓവറിലെ ആദ്യ പന്ത് മുമ്പത്തെ ഓവര്‍ അവസാനിച്ച് ഒരു മിനിറ്റിനുള്ളില്‍ എറിയുന്നുണ്ടോ എന്നറിയാനാണ് സ്‌റ്റോപ്പ് ക്‌ളോക്ക് ഉപയോഗിക്കുന്നത്. ഓവര്‍ തുടങ്ങാന്‍ താമസിക്കുന്നതായു രണ്ടു തവണ ബാറ്റിംഗ് ടീം പരാതിപ്പെടുകയും മൂന്നാം തവണയും ബൗളിംഗ് ടീം പരാജയപ്പെടുകയും ചെയ്താല്‍ ഫീല്‍ഡിംഗ് ടീമിന് 5 റണ്‍സ് പിഴ ഈടാക്കും. സ്ലോ ഓവര്‍ റേറ്റിന്റെ പേരില്‍ ടീമിന് രണ്ട് തവണ മുന്നറിയിപ്പ് നല്‍കിയതിന് ശേഷം മാത്രമേ ഈ പിഴ ബാധകമാകൂ. കളിയുടെ വേഗത മെച്ചപ്പെടുത്തുകയും ക്രിക്കറ്റ് ആരാധകരെ കൂടുതല്‍ ആകര്‍ഷകമാക്കുകയും ചെയ്യുക എന്നതാണ് ട്രയലിന്റെ ലക്ഷ്യം.

അതേസമയം ഈ നിയമത്തിനെതിരേ രൂക്ഷ വിമര്‍ശനവും ഉയരുന്നുണ്ട്. ബൗളര്‍മാര്‍ക്ക് പരിക്കേല്‍ക്കുന്നത് ഉള്‍പ്പെടെയുള്ള മറ്റ് അപ്രതീക്ഷിത സാഹചര്യങ്ങളില്‍ ഇത് ടീമുകളെ അന്യായമായി ശിക്ഷിക്കുന്നത് പോലെയാകും എന്നാണ് ഉയരുന്ന ആക്ഷേപം. ഇതിനൊപ്പം കളിക്കാരിലും ഒഫീഷ്യലുകളിലും അനാവശ്യ സമ്മര്‍ദം കൂട്ടാനും കാരണമാകുമെന്ന് വിമര്‍ശനമുണ്ട്. തിരക്കു കൂട്ടിയുള്ള തന്ത്രപരമല്ലാത്തതുമായ കളി ശൈലിയിലേക്ക് നയിക്കാനും സാധ്യതകള്‍ വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

വൈറ്റ് ബോള്‍ അന്താരാഷ്ട്ര ക്രിക്കറ്റിലെ സ്റ്റോപ്പ് ക്ലോക്ക് ട്രയല്‍ 2022 ല്‍ വിജയകരമായ ഒരു പുതിയ കളി വ്യവസ്ഥ അവതരിപ്പിച്ചിരുന്നു. ഫീല്‍ഡിംഗ് ടീമിന് ആദ്യ പന്ത് സമയത്തിനുള്ളില്‍ എറിയാന്‍ കഴിയുന്നില്ലെങ്കില്‍ തൊട്ടടുത്ത ഓവറില്‍ ആന്തരിക സര്‍ക്കിളിന് പുറത്ത് നാല് ഫീല്‍ഡര്‍മാരെ മാത്രമേ അനുവദിക്കൂ. സ്റ്റോപ്പ് ക്ലോക്ക് ട്രയലിന്റെ ഫലങ്ങള്‍ ട്രയല്‍ കാലയളവിന്റെ അവസാനത്തില്‍ വിലയിരുത്തപ്പെടും. ജോസ് ബട്ട്ലര്‍ നയിക്കുന്ന ഇംഗ്ലണ്ടിനെതിരെ റോവ്മാന്‍ പവലിന്റെ നേതൃത്വത്തിലുള്ള വെസ്റ്റ് ഇന്‍ഡീസ് കൊമ്പുകോര്‍ക്കും, അടുത്തിടെ സമാപിച്ച ഏകദിന ലോകകപ്പിലെ മോശം പ്രകടനത്തിന് ശേഷം ഇംഗ്ലണ്ടും ലോകകപ്പ് യോഗ്യത നേടാതെ പോയ വെസ്റ്റിന്‍ഡീസും ലോകകപ്പിന് ശേഷം ഇതാദ്യമായാണ് ഒരു അന്താരാഷ്ട്ര മത്സരം കളിക്കുന്നത്. ബാര്‍ബഡോസ് ബ്രിഡ്ജ്ടൗണിലെ കെന്‍സിംഗ്ടണ്‍ ഓവലിലാണ് ഏറ്റുമുട്ടല്‍.