മരണത്തിന്റെ വക്കില്‍ നിന്ന് ജീവിതത്തിലേക്ക് അദ്ഭുതകരമായി രക്ഷപ്പെട്ട ഒരു 18-കാരന്റെ വാര്‍ത്തയാണ് ശ്രദ്ധേയമാകുന്നത്. ഓസ്ട്രേലിയയിലെ വളരെ പ്രശസ്തമായ ഷോള്‍വാട്ടര്‍ ബീച്ചില്‍ നിന്ന് ജേക്കബ് എഗ്ഗിംഗ്ടണ്‍ എന്ന യുവാവ് തന്റെ സഹോദരിയുടെ മകള്‍ക്ക് സമ്മാനിക്കാനായി കടല്‍ തീരത്ത് നിന്ന് കുറച്ച് ഷെല്ലുകള്‍ എടുത്ത് പോക്കറ്റിലിട്ടു. എന്നാല്‍ ആ ഷെല്ലുകള്‍ക്കുള്ളില്‍ അപകടം ഒളിഞ്ഞിരിയ്ക്കുന്നത് അവന്‍ അറിഞ്ഞിരുന്നില്ല.
ഷെല്ലുകള്‍ കുട്ടിയ്ക്ക് സമ്മാനിക്കാനായി പുറത്തെടുത്തതും ഉഗ്രവിഷമുള്ള ഒരു നീരാളി ഷെല്ലില്‍ നിന്ന് പുറത്തു വന്ന് ജേക്കബിനെ കടിക്കുകയായിരുന്നു. നീരാളിയെ കണ്ട ഉടന്‍ അവന്‍ ഉറക്കെ നിലവിളിച്ചു. കാലില്‍ കടിച്ചതിന്റെ പാടും കണ്ടെത്തി. എന്നാല്‍ അപ്പോള്‍ അധികം വേദനയൊന്നും അനുഭവപ്പെട്ടിരുന്നില്ലെങ്കിലും പിന്നീടാണ് സംഭവം മാറിമറിഞ്ഞത്. ബ്ലൂ റിംഗ്ഡ് ഒക്ടോപസ് അഥവാ നീല വളയമുള്ള നീരാളി എന്നറിയപ്പെടുന്ന ഇത് ലോകത്തിലെ ഏറ്റവും അപകടകാരിയായ കടല്‍ ജീവികളില്‍ ഒന്നാണ്.
ടെട്രോഡോടോക്‌സിന്‍ എന്ന മാരക വിഷമാണ് ഈ നീരാളിയില്‍ ഉള്ളത്. ഇതിന്റെ വിഷം ഉള്ളില്‍ ചെന്നാല്‍ പക്ഷാഘാതവും 30 മിനിറ്റിനുള്ളില്‍ മരണവും സംഭവിക്കാം. കൂടാതെ കടിയേറ്റയാള്‍ക്ക് പലതരത്തിലുള്ള രോഗലക്ഷണങ്ങളും അനുഭവപ്പെടും. എന്നാല്‍ കൃത്യസമയത്ത് വൈദ്യസഹായം ലഭിച്ചതിനാല്‍ ജേക്കബിന്റെ ജീവന്‍ രക്ഷിക്കാനായി. യുവാവിനെ ഉടന്‍ തന്നെ ബീച്ചില്‍ നിന്ന് സ്‌ട്രെച്ചറില്‍ റോക്കിംഗ്ഹാം ജനറല്‍ ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നു. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന യുവാവ് ആറുമണിക്കൂറിന് ശേഷമാണ് അപകടനില തരണം ചെയ്തത്.