Crime

കേരളമേ…. കാമുകനെ ഒഴിവാക്കാൻ ക്വട്ടേഷൻ; 19കാരിയും സംഘവും പോലീസ് പിടിയിൽ

ആൺസുഹൃത്തിനെ ഒഴിവാക്കുന്നതിനായി ക്വട്ടേഷൻ നൽകിയ സംഭവത്തിൽ പട്ടാമ്പി സ്വദേശിയായ യുവതിയും കൂട്ടാളികളും പിടിയിലായി. കഴിഞ്ഞ ദിവസം കാമുകിയെ അന്വേഷിച്ച് തിരൂരിലെത്തിയ പട്ടാമ്പി സ്വദേശിയായ യുവാവിനെയാണ് യുവതിയുടെ സുഹൃത്തുക്കൾ ക്വട്ടേഷൻ നൽകി ആക്രമിച്ചത്. പെൺകുട്ടിയുടെ അടുത്തെത്തിക്കാം എന്ന് വിശ്വസിപ്പിച്ച് കാറിൽ കയറ്റിയ ശേഷം ഇയാളെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു.

പട്ടാമ്പി പനങ്ങാട് സ്വദേശിയായ 19കാരി സഫാനയാണ് കാമുകനെ ബോധപൂർവ്വം ഒഴിവാക്കാൻ വേണ്ടി സുഹൃത്തുക്കളുടെ സഹായത്തോടെ ഈ പദ്ധതി നടപ്പിലാക്കിയത്. അർധരാത്രിയോടെ തിരൂരിലെത്തിയ യുവാവിനെ സഫാനയെ കാണിച്ചുതരാമെന്ന് പറഞ്ഞ് സുഹൃത്തുക്കൾ കാറിൽ കയറ്റിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയായിരുന്നു. തുടർന്ന് ഇയാളുടെ മൊബൈൽ ഫോൺ തട്ടിയെടുത്ത് പുഴയോരത്തുള്ള പാതയോരത്ത് ഉപേക്ഷിച്ചു കടന്നുകളയുകയായിരുന്നു.

സംഭവത്തിൽ തിരൂർ നോർത്ത് അന്നാറ സ്വദേശികളായ നാദിയ (20), റബീബ (25), പറവണ്ണ സ്വദേശികളായ ഇർഷാദ് (28), അസ്റുദീൻ എന്നിവരാണ് അറസ്റ്റിലായത്. പിടിയിലായ ഇർഷാദും അസ്റുദീനും ലഹരിമരുന്ന് കേസുകളിൽ മുൻപും ജയിൽശിക്ഷ അനുഭവിച്ചിട്ടുള്ളവരാണ്.

അറസ്റ്റിലായ പ്രതികളെ തിരൂർ കോടതി റിമാൻഡ് ചെയ്തു.