യുഎഇ ലോട്ടറിയിലൂടെ ഏകദേശം 240 കോടി രൂപ സമ്മാനമായി നേടിയ ഇന്ത്യൻ പ്രവാസി അനിൽകുമാർ ബൊല്ല തന്റെ ജീവിതത്തിൽ വന്ന മാറ്റങ്ങളെക്കുറിച്ച് തുറന്നുപറയുന്നു. കൃത്യം ഒരു വർഷം മുൻപാണ് അബുദാബിയിൽ ജോലി ചെയ്യുന്ന ഇരുപത്തിയൊൻപതുകാരനായ ഈ ടെക്കിക്ക് ലോട്ടറി അടിച്ചത്. ഈ കാലയളവിനുള്ളിൽ അദ്ദേഹം ഇന്ത്യയിലും യുഎഇയിലും സ്വത്തുക്കൾ വാങ്ങുകയും, അമ്മയ്ക്ക് സ്വർണാഭരണങ്ങളും അച്ഛന് കൃഷിയിടവും സമ്മാനിക്കുകയും ചെയ്തു.
തെലങ്കാന സ്വദേശിയായ അനിൽകുമാർ ബൊല്ലയ്ക്ക് ലോട്ടറി നേടിയതിന് ശേഷമുള്ള ഏറ്റവും വലിയ മാറ്റം കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാൻ കഴിഞ്ഞതാണ് എന്ന് വ്യക്തമാക്കുന്നു. കുടുംബത്തോടൊപ്പം കൂടുതൽ സമയം ചിലവഴിക്കാൻ കഴിഞ്ഞതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യമെന്നും, ലോട്ടറി വിജയം തന്റെ ജീവിതവും ലക്ഷ്യങ്ങളും മാറ്റിമറിച്ചുവെന്നും അദ്ദേഹം പറഞ്ഞു. തനിക്കായി ഐഫോൺ 17 എയറും ചില ആഡംബര വാച്ചുകളും വാങ്ങിയെങ്കിലും, കുടുംബത്തെ സഹായിക്കാനായതാണ് ഏറ്റവും വലിയ സന്തോഷമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
അമ്മയുടെ ആഗ്രഹപ്രകാരം അവർക്ക് സ്വർണാഭരണങ്ങൾ വാങ്ങി നൽകിയപ്പോൾ അമ്മയുടെ കണ്ണുകൾ നിറഞ്ഞൊഴുകിയെന്ന് അദ്ദേഹം ഓർത്തു. കർഷക കുടുംബത്തിൽ ജനിച്ച അനിൽകുമാർ ഇന്ത്യയിലും യുഎഇയിലും പുതിയ വസ്തുവകകൾ വാങ്ങിയിട്ടുണ്ടെങ്കിലും, ഇന്ത്യയിലെ പഴയ വീട്ടിൽ തന്നെയാണ് കുടുംബം ഇപ്പോഴും താമസിക്കുന്നത്. അച്ഛന്റെ സ്വപ്നഭവനമായ ആ വീട് അവർ മാറ്റാൻ തയ്യാറായില്ല. എങ്കിലും അച്ഛന് ഓർഗാനിക് ഫാമിങ് ചെയ്യുന്നതിനായി പുതിയ കൃഷിയിടം വാങ്ങി നൽകി.
ബാലി, തായ്ലൻഡ്, ആംസ്റ്റർഡാം തുടങ്ങിയ സ്ഥലങ്ങൾ കുടുംബത്തോടൊപ്പം സന്ദർശിച്ച അദ്ദേഹം, ഇപ്പോൾ ദീർഘകാല നിക്ഷേപങ്ങളെക്കുറിച്ചും ബിസിനസ്സ് ആശയങ്ങളെക്കുറിച്ചും ചിന്തിച്ചുകൊണ്ടിരിക്കുന്നു. അബുദാബി വിമാനത്താവളത്തിന് സമീപവും ദുബായ് മറീനയിലും അദ്ദേഹം പ്രോപ്പർട്ടികൾ വാങ്ങിയിട്ടുണ്ട്. ലോട്ടറി വിജയികൾക്കുള്ള അദ്ദേഹത്തിന്റെ ഉപദേശം ഇതാണ്: “മില്ല്യണയർ ക്ലബ്ബിലേക്ക് സ്വാഗതം. എളിമയോടെ ജീവിക്കുക, പണം കൃത്യമായി കൈകാര്യം ചെയ്യുക, അച്ചടക്കത്തോടെ അത് വിവേകപൂർവ്വം ചെലവഴിക്കുക.”




