Hollywood

ഷോയ്ക്കിടയില്‍ മരണമടഞ്ഞ ആരാധികയുടെ കുടുംബത്തിന് വേണ്ടി സമയം ചെലവഴിച്ച് ടെയ്‌ലര്‍ സ്വിഫ്റ്റ്

തന്റെ ഷോയ്ക്കിടയില്‍ മരണമടഞ്ഞ ആരാധികയുടെ കുടുംബത്തിന് വേണ്ടി തന്റെ വിലപ്പെട്ട സമയം ചെലവഴിച്ച് നടിയും പാട്ടുകാരിയുമായ ടെയ്‌ലര്‍ സ്വിഫ്റ്റ്. ഇറാസ് ടൂറിന്റെ ഭാഗമായി ബ്രസീലിലുള്ള താരം സാവോപോളോയില്‍ സ്റ്റേജില്‍ കയറുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ്, ടെയ്ലര്‍ സ്വിഫ്റ്റ് അന ക്ലാര ബെനവിഡിസിന്റെ കുടുംബത്തിന് വേണ്ടി സമയം മാറ്റി വെയ്ക്കുകയായിരുന്നു.

അന ക്ലാരയുടെ കുടുംബത്തെ സ്റ്റേജിന് പിന്നില്‍ കാണുകയും അവരോടൊപ്പം ഫോട്ടോകള്‍ എടുക്കുകയും ചെയ്തു. നവംബര്‍ 17 ന് റിയോ ഡി ജനീറോയില്‍ നടന്ന ഇറാസ് ടൂര്‍ ഷോയ്ക്കിടെ അമിതമായ ചൂട് കാരണം 23 കാരിയായ അന ബോധരഹിതയായി മരിക്കുകയായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അവള്‍ മരിച്ചതെന്ന് പിന്നീട് കണ്ടെത്തി. ബെനവിഡീസിന്റെ മരണവാര്‍ത്ത പരസ്യമായതിന് തൊട്ടുപിന്നാലെ, ടെയ്ലര്‍ സ്വിഫ്റ്റ് തന്റെ ആരാധികയുടെ നഷ്ടത്തില്‍ ദുഃഖം രേഖപ്പെടുത്തി സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു. ബെനിവിഡീസിന്റെ കുടുംബാംഗങ്ങള്‍ ഇപ്പോഴും ദുഃഖത്തിലാണ്.

കുടുംബാംഗങ്ങള്‍ അനയുടെ ചിത്രം ഉള്‍ക്കൊള്ളുന്ന ടി-ഷര്‍ട്ടുകള്‍ ധരിച്ചാണ് പ്രിയ പാട്ടുകാരക്കൊപ്പം ഫോട്ടോയ്ക്കായി നിന്നത്. ”എന്റെ ഷോയ്ക്ക് മുമ്പ് ഇന്ന് രാത്രി ഞങ്ങള്‍ക്ക് ഒരു ആരാധകനെ നഷ്ടപ്പെട്ടുവെന്ന് തകര്‍ന്ന ഹൃദയത്തോടെയാണ് ഞാന്‍ പറയുന്നത്. ഇതില്‍ ഞാന്‍ എത്രമാത്രം തകര്‍ന്നുവെന്ന് പറയാന്‍ പോലും എനിക്കാവില്ല. അവള്‍ അവിശ്വസനീയമാംവിധം സുന്ദരിയും ചെറുപ്പവുമായിരുന്നു എന്ന വസ്തുതയല്ലാതെ എനിക്ക് കാര്യമായ വിവരമില്ല. ” സ്വിഫ്റ്റ് തന്റെ ഇന്‍സ്റ്റാഗ്രാം സ്റ്റോറിയില്‍ എഴുതി.