പൂർവ ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജയ് ബംഗാറിന്റെ മകൾ അനയ ബംഗാറിന്റെ ഒരു അഭിമുഖ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. കൃഷ്ണങ്ക് അത്രേയുടെ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ശുഭ്മാൻ ഗിൽ, അഭിഷേക് ശർമ്മ, ശ്രേയസ് അയ്യർ എന്നീ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളെ വെച്ച് ‘കൊല്ലുക, വിവാഹം കഴിക്കുക, ഡേറ്റ് ചെയ്യുക’ (Kill, marry, hookup) എന്ന ഗെയിം കളിക്കാൻ അനയയോട് ആവശ്യപ്പെട്ടത്.
“ശ്രേയസ് അയ്യരെ കൊല്ലും, അഭിഷേക് ശർമ്മയെ വിവാഹം കഴിക്കും, ശുഭ്മാൻ ഗില്ലിനെ ഹുക്ക് അപ്പ് ചെയ്യും” എന്ന് അനയ അതിന് മറുപടി നൽകി. 2022-ൽ ആരംഭിച്ച ലിംഗമാറ്റ ശസ്ത്രക്രിയ പൂർത്തിയാക്കിക്കൊണ്ട് ഈ വർഷം മാർച്ചിൽ ശസ്ത്രക്രിയയ്ക്ക് വിധേയയാകുന്നതിന് മുൻപ് അനയ മുംബൈയ്ക്കായി പുരുഷന്മാരുടെ ഏജ്-ഗ്രൂപ്പ് ക്രിക്കറ്റ് കളിച്ചിട്ടുണ്ട്.
ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് ശേഷം ക്രിക്കറ്റ് കരിയർ പുനരാരംഭിക്കുന്നതിനായി ഓസ്ട്രേലിയയിലേക്ക് പോകാൻ തയ്യാറെടുക്കുന്ന അനയ, ട്രാൻസ്ജെൻഡർ താരങ്ങൾക്ക് വനിതാ ക്രിക്കറ്റിൽ മത്സരിക്കാനുള്ള അവസരമൊരുക്കാൻ ക്രിക്കറ്റ് ഓസ്ട്രേലിയയുടെ മാതൃക പിൻതുടരണമെന്ന് ഈ മാസം ആദ്യം ബിസിസിഐയോട് അഭ്യർത്ഥിച്ചിരുന്നു. “ബിസിസിഐ ഓസ്ട്രേലിയയുടെ പാത പിന്തുടരുകയാണെങ്കിൽ അതൊരു വലിയ കാര്യമായിരിക്കും,” അനയ ഹിന്ദുസ്ഥാൻ ടൈംസിനോട് പറഞ്ഞു. ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് ശേഷം താൻ നേരിട്ട ഓൺലൈൻ അധിക്ഷേപങ്ങളെക്കുറിച്ചും അവർ പ്രതികരിച്ചു. “ഞാൻ അനുഭവിച്ചതെന്താണെന്ന് അവർ അനുഭവിച്ചിട്ടില്ല,” അനയ വ്യക്തമാക്കി.
ട്രാൻസ്ജെൻഡർ ക്രിക്കറ്റ് താരങ്ങളെക്കുറിച്ചുള്ള ക്രിക്കറ്റ് ഓസ്ട്രേലിയയുടെ സുപ്രധാന തീരുമാനത്തിനെതിരെ സൗത്താഫ്രിക്കൻ ഓൾറൗണ്ടർ മരിസാനെ കാപ്പ് രംഗത്തെത്തിയിരുന്നു. “തികച്ചും അപഹാസ്യമാണ്, ഇത് അനുവദിക്കാൻ പാടില്ല!” ഡബ്ല്യുബിബിഎല്ലിന്റെ (WBBL) ഔദ്യോഗിക പേജ് ടാഗ് ചെയ്തുകൊണ്ട് കാപ്പ് പറഞ്ഞു. എന്നാൽ സിഎയുടെ (CA) തീരുമാനത്തെ എതിർത്ത കാപ്പിന്റെ പരാമർശങ്ങളോട് ദേഷ്യം കാണിക്കാതെ അനയ അതിന് മറുപടി നൽകി. താൻ സമഗ്രമായ പരിശോധനകൾക്ക് വിധേയയായ ശേഷമാണ് ഈ വഴി തെരഞ്ഞെടുത്തിട്ടുള്ളതെന്ന് അവർ വ്യക്തമാക്കി.
“അവർ എവിടെ നിന്നാണ് ഈ രീതിയിൽ ചിന്തിക്കുന്നതെന്ന് എനിക്ക് മനസ്സിലാകുന്നുണ്ട്. മാഞ്ചസ്റ്റർ യൂണിവേഴ്സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പോർട്ട്സ് ഇതിനായി പരിശോധനകൾ നടത്തിയിട്ടുണ്ട് എന്നതാണ്. ഒരു വർഷത്തെ ഹോർമോൺ റീപ്ലേസ്മെന്റ് തെറാപ്പിക്ക് ശേഷം എന്റെ ശരീരത്തിന്റെ കായികക്ഷമതയെക്കുറിച്ച് അവർ 12 ആഴ്ച നീണ്ടുനിൽക്കുന്ന പരിശോധന നടത്തി. എന്റെ ശാരീരിക അളവുകൾ ഒരു സിസ്ജെൻഡർ (cisgender) വനിതാ അത്ലറ്റിന്റെ പരിധിക്കുള്ളിലാണെന്നാണ് ആ പരിശോധനയിൽ കണ്ടെത്തിയത്,” അവർ പറഞ്ഞു.
പ്രൊഫഷണൽ വനിതാ ക്രിക്കറ്റിലേക്ക് തിരിച്ചെത്തുമ്പോൾ തനിക്ക് യാതൊരുവിധ അന്യായമായ മുൻതൂക്കവും ഉണ്ടാകില്ലെന്നതിന് ശാസ്ത്രീയമായ തെളിവുകളുണ്ടെന്നും അനയ ഊന്നിപ്പറഞ്ഞു. “അതുകൊണ്ട് തന്നെ അന്യായമായ മുൻതൂക്കത്തിന്റെ കാര്യത്തിൽ എന്റെ വാദത്തെ പിന്താങ്ങുന്ന ശാസ്ത്രീയ തെളിവുകൾ എന്റെ കൈവശമുണ്ട്.
വനിതാ കായികരംഗത്തിന്റെ അന്തസ്സ് നിലനിർത്താന് ക്രിക്കറ്റ് ഓസ്ട്രേലിയ കൃത്യമായ നയങ്ങൾ രൂപീകരിച്ചിട്ടുണ്ട്. ഞാൻ ആ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുന്നുണ്ട്. ശസ്ത്രക്രിയയ്ക്ക് ശേഷം എന്റെ ശരീരം ഇനി ടെസ്റ്റോസ്റ്റിറോൺ ഉത്പാദിപ്പിക്കുന്നില്ല. എന്റെ ടെസ്റ്റോസ്റ്റിറോൺ അളവ് 0.6 നാനോമോൾ ആണ്. അതുകാരണം എന്റെ അസ്ഥികളുടെ സാന്ദ്രത കുറയുന്നുണ്ട്, എന്റെ അസ്ഥികൾ വേദനിക്കുന്നത് എനിക്ക് വ്യക്തമായി അറിയാൻ കഴിയുന്നുണ്ട്. എന്റെ പേശികളുടെ അളവും സ്റ്റാമിനയും കുറയുന്നതും എനിക്ക് അനുഭവപ്പെടുന്നുണ്ട്. മുൻപ് ചെയ്തതുപോലെ എനിക്ക് വർക്ക്ഔട്ട് ചെയ്യാൻ കഴിയുന്നില്ല. അതിനാൽ, നിയമങ്ങളും നയങ്ങളും നടപ്പിലാക്കുമ്പോൾ എല്ലാ ട്രാൻസ് സ്ത്രീകളും ഒരേപോലെ അന്യായമായ മുൻതൂക്കം ഉള്ളവരല്ല എന്നതിനാൽ ഓരോ കേസ് അനുസരിച്ചായിരിക്കണം അവ നടപ്പിലാക്കേണ്ടത് എന്ന് ഞാൻ പറയും,” അനയ വ്യക്തമാക്കി.




