The Origin Story

UPSC 43-ാം റാങ്ക് മുതൽ രാഷ്ട്രപതിയുടെ മെഡൽ വരെ:ഡി. രൂപയുടെ തിളക്കമാർന്ന IPS യാത്ര! സിവിൽ സർവീസ് സ്വപ്നം കാണുന്നവർക്ക് വഴിവിളക്ക്

2000-ലെ ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥയായ ഡി. രൂപ മൗദ്ഗിൽ, വെല്ലുവിളി നിറഞ്ഞ ചുമതലകളും നേതൃത്വപരമായ പങ്ക് വഹിച്ചതും നിരന്തരമായ സ്ഥലംമാറ്റങ്ങളും അടയാളപ്പെടുത്തിയ ഒരു ഔദ്യോഗിക ജീവിതമാണ് നയിച്ചിട്ടുള്ളത്. യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (യു.പി.എസ്.സി) സിവിൽ സർവീസ് പരീക്ഷയിൽ 43-ാം റാങ്ക് നേടിയ അവർ, രാഷ്ട്രപതിയുടെ പോലീസ് മെഡലും സ്വന്തമാക്കിയിട്ടുണ്ട്.

നിലവിൽ ബെംഗളൂരു മെട്രോപൊളിറ്റൻ ടാസ്ക് ഫോഴ്സിൽ (ബി.എം.ടി.എഫ്) അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പോലീസ് (എ.ഡി.ജി.പി) ആയി സേവനം അനുഷ്ഠിക്കുകയാണ് അവർ. ഔദ്യോഗിക ജീവിതത്തിനിടയിൽ 40-ലധികം തവണ സ്ഥലംമാറ്റം ലഭിച്ചിട്ടുള്ള അവർ, കർണാടക ആഭ്യന്തര സെക്രട്ടറി, പ്രിസൺസ് ഡി.ഐ.ജി, കർണാടക സ്റ്റേറ്റ് ഹാൻഡിക്രാഫ്റ്റ്സ് ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് (കെ.എസ്.എച്ച്.ഡി.സി.എൽ) മാനേജിംഗ് ഡയറക്ടർ തുടങ്ങിയ സുപ്രധാന പദവികൾ വഹിച്ചിട്ടുണ്ട്. ഐ.എ.എസ് ഉദ്യോഗസ്ഥനായ മുനീഷ് മൗദ്ഗിൽ ആണ് ഭർത്താവ്.

ജോഷ് ടോക്സിൽ (Josh Talks) സംസാരിക്കവെ, തന്റെ ആഗ്രഹങ്ങൾക്ക് രൂപം നൽകിയ കുട്ടിക്കാലത്തെ അനുഭവങ്ങളെക്കുറിച്ചും, യു.പി.എസ്.സി സിവിൽ സർവീസ് പരീക്ഷയിൽ ഉയർന്ന റാങ്ക് നേടിയ ശേഷം ഐ.പി.എസ് തിരഞ്ഞെടുക്കാനുള്ള കാരണത്തെക്കുറിച്ചും, ആദ്യകാല നിയമനങ്ങളിൽ നേരിട്ട വെല്ലുവിളികളെക്കുറിച്ചും ഡി. രൂപ സംസാരിച്ചു.

സ്കൂൾ കാലത്തെ ഒരു സംഭവത്തെക്കുറിച്ച് ഓർത്തെടുത്ത രൂപ, തനിക്ക് മൂന്നാം ക്ലാസിൽ പഠിക്കുമ്പോൾ തന്നെ സിവിൽ സർവീസിൽ ചേരണമെന്ന ആഗ്രഹം ഉണ്ടായതായി പറഞ്ഞു. വളർന്നു വലുതാകുമ്പോൾ എന്താകാനാണ് ആഗ്രഹം എന്ന് ടീച്ചർ ചോദിക്കുകയും, ഇക്കാര്യം മാതാപിതാക്കളുമായി ചർച്ച ചെയ്ത ശേഷം അടുത്ത ദിവസം മറുപടി പറയാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. അമ്മയോട് ചോദിച്ചപ്പോൾ ഡോക്ടർ ആകാനായിരുന്നു അമ്മ നിർദ്ദേശിച്ചത്. എന്നാൽ രൂപയ്ക്ക് വൈദ്യശാസ്ത്രത്തിൽ താൽപ്പര്യമുണ്ടായിരുന്നില്ല. എന്നാൽ അച്ഛൻ ഒരു ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസ് (ഐ.എ.എസ്) അല്ലെങ്കിൽ ഇന്ത്യൻ പോലീസ് സർവീസ് (ഐ.പി.എസ്) ഓഫീസർ ആകാൻ ശ്രമിക്കാനാണ് നിർദ്ദേശിച്ചത്.

അച്ഛന്റെ ഉപദേശം തന്നെ എങ്ങനെ സ്വാധീനിച്ച എന്ന് രൂപ വിശദീകരിച്ചു. ഒരു ഐ.എ.എസ് ഓഫീസർക്ക് ഡിസ്ട്രിക്റ്റ് മജിസ്ട്രേറ്റ് (ഡി.എം) അല്ലെങ്കിൽ ഡെപ്യൂട്ടി കമ്മീഷണർ (ഡി.സി) ആകാൻ കഴിയുമെന്നും, ഒരു ഐ.പി.എസ് ഓഫീസർക്ക് സൂപ്രണ്ട് ഓഫ് പോലീസ് (എസ്.പി) ആകാൻ കഴിയുമെന്നും അച്ഛൻ പറഞ്ഞുതന്നതായി അവർ വ്യക്തമാക്കി. ഈ നേതൃത്വപരമായ പങ്ക് തനിക്ക് വളരെ ഇഷ്ടപ്പെട്ടതിനാൽ അടുത്ത ദിവസം ക്ലാസിൽ താൻ ഈ മറുപടി നൽകി. ഈ ഉത്തരം നൽകിയ ഏക വിദ്യാർത്ഥി താനായിരുന്നു. ഇത് ടീച്ചറെ സന്തോഷിപ്പിക്കുകയും, എല്ലാവരോടും തനിക്ക് വേണ്ടി കയ്യടിക്കാൻ ടീച്ചർ ആവശ്യപ്പെടുകയും ചെയ്തു. ഇതിലൂടെ ഐ.പി.എസ് വളരെ വിശേഷപ്പെട്ട ഒന്നാണെന്ന് താൻ കരുതി. അങ്ങനെ താൻ ഐ.പി.എസോ ഐ.എ.എസോ ആകാൻ തീരുമാനിച്ചു എന്ന് അവർ പറഞ്ഞു.

കർണാടകയിലെ ദാവൺഗെരെയാണ് രൂപയുടെ സ്വന്തം സ്ഥലം. എൻജിനീയറിംഗും മെഡിക്കലുമാണ് അവിടെയുള്ള വിദ്യാർത്ഥികൾക്കിടയിൽ കൂടുതൽ ജനപ്രിയമായ കരിയറുകൾ എന്ന് അവർ പറഞ്ഞു. യാഥാസ്ഥിതിക ബ്രാഹ്മണ കുടുംബത്തിൽ വളർന്ന തനിക്ക് തുടക്കത്തിൽ സിവിൽ സർവീസിനെക്കുറിച്ച് വലിയ അറിവുകളൊന്നും ഉണ്ടായിരുന്നില്ലെന്ന് അവർ പറഞ്ഞു. പോലീസ് സേവലിൽ ചേരാനുള്ള തന്റെ ആഗ്രഹത്തെ പിന്തുണച്ച അച്ഛന്റെ തീരുമാനത്തെ ചില ബന്ധുക്കൾ ചോദ്യം ചെയ്തിരുന്നു എന്ന് അവർ ഓർത്തു. എങ്കിലും വ്യത്യസ്ത കേന്ദ്ര സർക്കാർ വകുപ്പുകളിൽ ജോലി ചെയ്തിരുന്ന പുരോഗമന ചിന്താഗതിക്കാരായ മാതാപിതാക്കൾ ലക്ഷ്യത്തിലേക്ക് മുന്നേറാൻ തന്നെ പ്രോത്സാഹിപ്പിച്ചു.

എന്റെ മാതാപിതാക്കൾ വ്യത്യസ്ത വകുപ്പുകളിൽ ജോലി ചെയ്തിരുന്ന കേന്ദ്ര സർക്കാർ ജീവനക്കാരായിരുന്നു. അതുകൊണ്ട് തന്നെ ഞാനൊരു ജോലിക്കാരിയായ സ്ത്രീയായി മാറേണ്ടിയിരുന്നു, എന്നാൽ എന്തായിരിക്കണം എന്നത് എന്റെ അച്ഛന്റെ മനസ്സിലാണ് വിത്തൂന്നപ്പെട്ടത്. അദ്ദേഹം എനിക്കൊരു സ്വപ്നം തന്നു, എന്നാൽ അത് എങ്ങനെ നേടിയെടുക്കും എന്നതിനെക്കുറിച്ച് അദ്ദേഹത്തിന് പോലും കൃത്യമായ അറിവില്ലായിരുന്നു എന്ന് അവർ പറഞ്ഞു. തനിക്ക് ചുറ്റുമുള്ള ആർക്കും സിവിൽ സർവീസിനെക്കുറിച്ച് വലിയ ധാരണയില്ലാത്ത അന്തരീക്ഷത്തിൽ വളർന്നു വന്നിട്ടും, താൻ പടിപടിയായി ഐ.എ.എസിനെയും ഐ.പി.എസിനെയും കുറിച്ച് വിവരങ്ങൾ ശേഖരിച്ചുവെന്ന് രൂപ കൂട്ടിച്ചേർത്തു.

സ്കൂൾകാലത്ത് നാഷണൽ കാഡറ്റ് കോർപ്സിൽ (എൻ.സി.സി) തനിക്കുള്ള താൽപ്പര്യം വർദ്ധിച്ചതായി രൂപ പറഞ്ഞു. എ, ബി, സി സർട്ടിഫിക്കറ്റുകൾ നേടിയ അവർ ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോൾ ഡൽഹിയിൽ നടന്ന മത്സരസ്വഭാവമുള്ള എൻ.സി.സി ക്യാമ്പിൽ സ്കൂളിനെ പ്രതിനിധീകരിച്ച് പങ്കെടുത്തിരുന്നു. ആ ക്യാമ്പിൽ വെച്ച് മുൻ ഐ.പി.എസ് ഓഫീസർ കിരൺ ബേദിയുടെ പ്രസംഗം കേട്ടത് പോലീസ് സേവനത്തിൽ ചേരാൻ തനിക്ക് കൂടുതൽ പ്രചോദനമായി. തനിക്ക് വലിയ പ്രചോദനമാണ് ലഭിച്ചത്. എൻ.സി ടിയും ഖാക്കി വേഷവും തന്നെ വളരെ അധികം സ്വാധീനിച്ചതിനാൽ യു.പി.എസ്.സിയിൽ 43-ാം റാങ്ക് ലഭിച്ചിട്ടും താൻ ഐ.പി.എസ് തിരഞ്ഞെടുക്കുകയായിരുന്നു എന്ന് അവർ പറഞ്ഞു.

സിവിൽ സർവീസ് പരീക്ഷയെക്കുറിച്ച് മനസ്സിലാക്കാൻ ഈ ക്യാമ്പ് ഏറെ സഹായിച്ചു. പൊതുവിജ്ഞാന പരീക്ഷകൾക്കായി തയ്യാറെടുക്കുന്നതിനിടയിൽ, ഐ.എ.എസ്, ഐ.പി.എസ് ഓഫീസർമാരുടെ അഭിമുഖങ്ങൾ ഉൾക്കൊള്ളുന്ന ‘കോമ്പറ്റീഷൻ സക്സസ് റിവ്യൂ’ (Competition Success Review) എന്ന മാഗസിൻ അവർക്ക് ലഭിച്ചു. ഈ അഭിമുഖങ്ങൾ വായിക്കുന്നത് പരീക്ഷയെക്കുറിച്ചും, അതിന്റെ വിഷയങ്ങളെക്കുറിച്ചും, ബുദ്ധിമുട്ടിന്റെ നിലവാരത്തെക്കുറിച്ചും അറിയാൻ അവരെ സഹായിച്ചു. ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോൾ തന്നെ ഭാവിയിലെ യു.പി.എസ്.സി തയ്യാറെടുപ്പുകൾക്കായി സൈക്കോളജിയും സോഷ്യോളജിയും വിഷയങ്ങളായി പരിഗണിച്ചു തുടങ്ങി എന്ന് രൂപ പറഞ്ഞു.

സംസ്ഥാന ബോർഡിന് കീഴിൽ പത്താം ക്ലാസ് പൂർത്തിയാക്കിയ ശേഷം രൂപ തന്റെ സംസ്ഥാനത്ത് 23-ാം റാങ്ക് നേടി. മികച്ച അക്കാദമിക് പ്രകടനവും എൻ.സി.സി വഴി ലഭിച്ച അധിക മാർക്കുകളും ഉണ്ടായിരുന്നിട്ടും, അവർ എഞ്ചിനീയറിംഗോ മെഡിസിനോ തിരഞ്ഞെടുക്കുന്നതിന് പകരം പതിനൊന്നാം ക്ലാസിൽ ഹ്യുമാനിറ്റീസ് (Humanities) ആണ് തിരഞ്ഞെടുത്തത്. ഉയർന്ന മാർക്ക് വാങ്ങുന്ന ഒരു വിദ്യാർത്ഥി പരമ്പരാഗത കരിയർ ഓപ്ഷനുകൾ ഉപേക്ഷിക്കുന്നത് ബുദ്ധിശൂന്യമാണെന്ന് കരുതിയ ചിലരെ അവരുടെ ഈ തീരുമാനം അത്ഭുതപ്പെടുത്തി. എങ്കിലും, ലഭിച്ച മാർക്കിന്റെ അടിസ്ഥാനത്തിൽ മാത്രം ഒരു കരിയർ പാത പിന്തുടരുന്നതിന് പകരം തന്റെ താൽപ്പര്യങ്ങൾക്ക് ഇണങ്ങുന്ന വിഷയങ്ങൾ പഠിക്കാനാണ് താൻ ആഗ്രഹിച്ചതെന്ന് രൂപ പറഞ്ഞു. കുട്ടിക്കാലത്തെ സ്വപ്നങ്ങൾക്കനുസരിച്ച് തന്റെ താൽപ്പര്യത്തിനനുസരിച്ച് വിഷയങ്ങൾ തിരഞ്ഞെടുക്കാനും, ആവശ്യമായ അറിവുകൾ നേടാനും, ഓരോ കടമ്പയും കടന്ന് ഒടുവിൽ തിരഞ്ഞെടുക്കപ്പെടാനും കഴിഞ്ഞതിൽ തനിക്ക് സന്തോഷമുണ്ടെന്ന് അവർ പറഞ്ഞു. ഉപന്യാസരചന, പ്രസംഗം, സംവാദങ്ങൾ, ക്വിസുകൾ, ആലാപനം എന്നിവയുൾപ്പെടെയുള്ള പാഠ്യേതര പ്രവർത്തനങ്ങളിൽ പങ്കെടുത്തതും ഭരതനാട്യം അഭ്യസിച്ചതും ശക്തമായ പൊതുവിജ്ഞാന അടിത്തറ കെട്ടിപ്പടുക്കാൻ തന്നെ സഹായിച്ചതായി അവർ കൂട്ടിച്ചേർത്തു. രൂപ സ്വയം പ്രചോദിതയായിരുന്നുവെന്നും പഠിക്കാൻ മാതാപിതാക്കളുടെ ഓർമ്മപ്പെടുത്തലുകൾ ആവശ്യമില്ലായിരുന്നുവെന്നും അവർ പറഞ്ഞു. തന്റെ വിവിധ താൽപ്പര്യങ്ങളും പ്രവർത്തനങ്ങളും സിവിൽ സർവീസ് പരീക്ഷയിൽ വളരെ ഉപകാരപ്രദമായ അറിവുകൾ നേടാൻ തന്നെ സഹായിച്ചുവെന്നും അവർ കൂട്ടിച്ചേർത്തു.

24-ാം വയസ്സിലാണ് രൂപ സിവിൽ സർവീസ് പരീക്ഷ വിജയിച്ച് 43-ാം റാങ്ക് നേടി ഐ.പി.എസ് തിരഞ്ഞെടുത്തത്. കർണാടകയിലെ ധാർവാഡിലായിരുന്നു അവരുടെ ആദ്യ നിയമനം. ഭരണപരമായ കാര്യങ്ങൾ പഠിച്ചുവരുന്നതേ ഉണ്ടായിരുന്നുള്ളൂ, അപ്പോഴാണ് അവർക്ക് വലിയൊരു വെല്ലുവിളി നേരിടേണ്ടി വന്നത്. മധ്യപ്രദേശ് മുഖ്യമന്ത്രിയായിരുന്നയാൾക്കെതിരെ ഹുബ്ബള്ളി കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ച സംഭവം തന്റെ ഔദ്യോഗിക ജീവിതത്തിലെ ആദ്യത്തെ നിർണായക പരീക്ഷയാണെന്ന് അവർ വിശേഷിപ്പിച്ചു. ഗുൽബർഗയിൽ നിന്ന് വേർപെടുത്തി രൂപീകരിച്ച യാദ്ഗിർ ജില്ലയുടെ ആദ്യ ജില്ലാ മേധാവിയായി സേവനമനുഷ്ഠിച്ചതായിരുന്നു അവരുടെ മറ്റൊരു പ്രധാന ചുമതല. ഒരു പുതിയ ജില്ലയെ കൈകാര്യം ചെയ്യുക എന്നത് ഒരു നവജാത ശിശുവിനെ പരിപാലിക്കുന്നത് പോലെയാണെന്ന് പുതിയ ജില്ലയിലെ ഭരണസംവിധാനങ്ങൾ സ്ഥാപിക്കുന്നതിലും ക്രമസമാധാനനില നിലനിർത്തുന്നതിലുമുള്ള വെല്ലുവിളികളെക്കുറിച്ച് സംസാരിക്കവെ അവർ പറഞ്ഞു. തന്റെ ഔദ്യോഗിക ജീവിതത്തിന്റെ തുടക്കത്തിൽ തന്നെ മുൻകരുതൽ നടപടികൾ സ്വീകരിച്ചത് മൂന്ന് വർഷത്തോളം ജില്ലയിൽ സമാധാനം നിലനിർത്താൻ സഹായിച്ചതായി രൂപ പറഞ്ഞു.

എന്നാൽ ഈ നിയമനം അവരുടെ കുടുംബത്തിന് വ്യക്തിപരമായ ചില വെല്ലുവിളികളും സമ്മാനിച്ചു. യാദ്ഗിർ പുതുതായി രൂപീകരിച്ച ജില്ലയായതിനാൽ, പോലീസ് സൂപ്രണ്ടിന് അനുയോജ്യമായ ഔദ്യോഗിക വസതികൾ ലഭ്യമായിരുന്നില്ല, വാടകയ്ക്ക് ഒരു വീട് കണ്ടെത്താനും അവർക്ക് കഴിഞ്ഞില്ല. ഐ.എ.എസ് ഉദ്യോഗസ്ഥനായ അവരുടെ ഭർത്താവ് മുനീഷ് മൗദ്ഗീലിനും ജില്ലയിൽ അധിക ചുമതലയുണ്ടായിരുന്നു, ഒപ്പം ഒരു ഗ്രാമത്തിലെ സർക്കാർ താമസസ്ഥലം അദ്ദേഹത്തിന് ലഭിക്കുകയും ചെയ്തിരുന്നു. തുടർന്ന് കുടുംബം അവിടേക്ക് താമസം മാറ്റി, അവരുടെ മകൾ അടുത്തുള്ള ഒരു ഗ്രാമീണ സ്കൂളിൽ തന്റെ ഔദ്യോഗിക വിദ്യാഭ്യാസം ആരംഭിച്ചു. ഐ.എ., ഐ.പി.എസ് ഉദ്യോഗസ്ഥർക്ക് എപ്പോഴും എയർകണ്ടീഷൻ ചെയ്ത ഓഫീസുകളും ഔദ്യോഗിക വാഹനങ്ങളും വീട്ടുജോലിക്കാരും ഉൾപ്പെടുന്ന സുഖപ്രദമായ ജീവിത സാഹചര്യങ്ങളാണ് ഉള്ളതെന്ന ജനങ്ങളുടെ ധാരണയെ ഇത്തരം അനുഭവങ്ങൾ ചോദ്യം ചെയ്യുന്നതാണെന്ന് രൂപ ഓർത്തെടുത്തു. ബുദ്ധിമുട്ടേറിയ നിയമനങ്ങളിൽ സേവനമനുഷ്ഠിക്കുന്നതിന്റെയും, ആവശ്യപ്പെടുന്ന ഭരണപരമായ ഉത്തരവാദിത്തങ്ങൾക്കൊപ്പം കുടുംബപരമായ കാര്യങ്ങൾ ഒരേസമയം കൈകാര്യം ചെയ്യുന്നതിന്റെയും യാഥാർത്ഥ്യങ്ങളിലേക്ക് ഇത് വിരൽ ചൂണ്ടുന്നുവെന്ന് അവർ പറഞ്ഞു.