Hollywood

ജേക്കബ് എലോര്‍ഡി പുതിയ ബോണ്ടാകാനെത്തുമോ? താന്‍ റെഡിയാണെന്ന് താരത്തിന്റെ പ്രതികരണം

വിജയം ആസ്വദിക്കുന്ന തിരക്കിലാണ് ഓസ്‌ട്രേലിയന്‍ നടന്‍ ജേക്കബ് എലോര്‍ഡി. ‘പ്രിസില്ല’യില്‍ എല്‍വിസ് പ്രെസ്ലിയായി അഭിനയിച്ച താരത്തിന്റെ ‘സാള്‍ട്ട്‌ബേണിന്റെ’ തിയേറ്റര്‍ റിലീസ് അടുത്തിടെയായിരുന്നു. രണ്ടു സിനിമകളും വിജയമായതോടെ ഹോളിവുഡ് ആരാധകരുടെ പ്രിയപ്പെട്ട നടന്മാരില്‍ ഒരാളായി മാറിയിരിക്കുന്ന താരത്തിന്റെ പുതിയ പ്രൊജക്ടുകളെ കുറിച്ച് വലിയ ഊഹാപോഹങ്ങളാണ് പ്രചരിച്ചുകൊണ്ടിരിക്കുന്നത്.താരത്തിന്റെ അടുത്ത വര്‍ഷത്തേക്കുള്ള പ്ലാനില്‍ ലോകപ്രശസ്ത ചാരന്‍ ജെയിംസ് ബോണ്ട് 007 നും ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗികമായ ഒരു പ്രഖ്യാപനവും വന്നിട്ടില്ല. ഓഡിഷനുകള്‍ വരുമ്പോള്‍ പ്രൊജക്ടുകള്‍ തെരഞ്ഞെടുക്കുന്ന കാര്യത്തില്‍ താന്‍ വളരെ ശ്രദ്ധാലുവാണെന്ന് നടന്‍ വെളിപ്പെടുത്തിയത് അടുത്തിടെയാണ്. അതേസമയം താരം ജെയിംസ് ബോണ്ടായി അഭിനയിക്കുമെന്ന കിംവദന്തിയെക്കുറിച്ച് അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തില്‍ താരം പറഞ്ഞിരുന്നു.

”ആളുകള്‍ എന്നെ അവരുടെ സിനിമകളില്‍ ഉള്‍പ്പെടുത്താന്‍ ആഗ്രഹിക്കുന്നത് ഞാന്‍ ഇഷ്ടപ്പെടുന്നു. അത് എന്നെ ശരിക്കും സന്തോഷിപ്പിക്കുന്നു.” താരം പറഞ്ഞു. ഫ്രാഞ്ചൈസിയില്‍ നിന്നുള്ള ഡാനിയല്‍ ക്രെയ്ഗിന്റെ വിടവാങ്ങിയതോടെ പുതിയ ബോണ്ടിന് വേണ്ടിയുള്ള ശ്രമത്തിലാണ് അണിയറക്കാര്‍.

ഇതിനായി ആരാധകരുടെ പ്രിയപ്പെട്ട താരങ്ങളുടെ ഒരു നീണ്ട പട്ടികയുണ്ട്. റെഗെ-ജീന്‍ പേജ്, ഇദ്രിസ് എല്‍ബ, ദേവ് പട്ടേല്‍, ടോം ഹാര്‍ഡി, ഹെന്റി കാവില്‍, ആരോണ്‍ ടെയ്ലര്‍-ജോണ്‍സണ്‍, തിയോ ജെയിംസ്, ഹെന്റി ഗോള്‍ഡിംഗ്, റിച്ചാര്‍ഡ് മാഡന്‍, ജാമി ഡോര്‍നന്‍, ലൂക്ക് ഇവാന്‍സ് എന്നിവരെല്ലാം പട്ടികയില്‍ ഉള്‍പ്പെട്ട ചില അഭിനേതാക്കളാണ്.നിര്‍മ്മാതാവ് ബാര്‍ബറ ബ്രോക്കോളി അടുത്തിടെ ഒരു അഭിമുഖത്തില്‍ പറഞ്ഞു. ”കുറഞ്ഞത് രണ്ട് വര്‍ഷമെങ്കിലും ചിത്രീകരണം ആരംഭിക്കാന്‍ വേണ്ടി വരും. ”ഇതൊരു പരിണാമമാണ്. പുരുഷന്മാര്‍ പരിണമിക്കുന്നതുപോലെ ബോണ്ടും വികസിക്കുന്നു,” ”ഇത് പത്തുപന്ത്രണ്ട് വര്‍ഷത്തെ പ്രതിബദ്ധതയാണ്” എന്നും ”എല്ലാവരും അത് ചെയ്യാന്‍ ആഗ്രഹിക്കുന്നില്ല” എന്നും കൂട്ടിച്ചേര്‍ത്തു.