കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത ‘റെട്രോ’ എന്ന ചിത്രം ഒരു പൊട്ട സിനിമയാണെന്ന് പരസ്യമായി വിമർശിച്ച് നടനും സംവിധായകനുമായ മിഷ്കിൻ. കാർത്തിക് സുബ്ബരാജിന്റെ ഏറ്റവും പുതിയ ചിത്രമായ ‘ഡൊറോത്തി’യുടെ താങ്ക്സ് മീറ്റിൽ സദസ്സിൽ കാർത്തിക്കിനെ വേദിയിലിരുത്തി തന്നെയാണ് മിഷ്കിന്റെ ഈ തുറന്നുപറച്ചിൽ. താൻ തിയറ്ററിൽ പോയി കണ്ട ആദ്യ കാർത്തിക് സുബ്ബരാജ് ചിത്രമായിരുന്നു റെട്രോയെന്നും എന്നാൽ ആ ചിത്രം തനിക്ക് വലിയ നിരാശയാണ് സമ്മാനിച്ചതെന്നും അദ്ദേഹം തുറന്നടിച്ചു.
റെട്രോയിൽ ഷോട്ടുകൾ കൃത്യമായി കട്ട് ചെയ്യാതെ എന്തൊക്കെയോ കാണിച്ചുവെച്ചിരിക്കുകയാണെന്നും, അതിലെ സിംഗിൾ ഷോട്ട് ഗാനരംഗമെല്ലാം അറുബോറൻ പരിപാടിയായിരുന്നെന്നും മിഷ്കിൻ ആരോപിച്ചു. ഇക്കാര്യം എവിടെ വേണമെങ്കിലും തുറന്നുപറയാൻ തനിക്ക് യാതൊരു മടിയുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തന്റെ അസിസ്റ്റന്റുമാർ സാധാരണ കാർത്തിയുടെ സിനിമകൾ മികച്ചതാണെന്ന് പറയാറുണ്ടെന്നും, ഡൊറോത്തി കണ്ടപ്പോൾ അത് തികച്ചും ശരിയാണെന്ന് തനിക്ക് ബോധ്യപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു. വളരെ മികച്ച ചിത്രമാണ് ഡൊറോത്തിയെന്നും അത് തന്റെ മനസ്സിനെ സ്പർശിച്ചെന്നും മിഷ്കിൻ വ്യക്തമാക്കി. താൻ തിയറ്ററിൽ പോകുന്നത് വെറുമൊരു വിനോദത്തിനല്ലെന്നും, മറിച്ച് ദൈവത്തെ ആരാധിക്കാനാണെന്നും പറഞ്ഞ മിഷ്കിൻ, ഡൊറോത്തി കണ്ടുകഴിഞ്ഞപ്പോൾ ശരിക്കും ദൈവത്തെ കുമ്പിട്ട് വണങ്ങുകയാണ് ചെയ്തതെന്നും വെളിപ്പെടുത്തി. ഇരുവരും തമ്മിൽ വലിയ സൗഹൃദമാണുള്ളതെന്നും അദ്ദേഹം ഓർത്തെടുത്തു.
“എനിക്ക് കാർത്തിയെ നേരത്തെ തന്നെ അറിയാമായിരുന്നു. ഞാൻ പിശാശ് എന്ന ചിത്രം ചെയ്ത സമയത്ത് ഒരുദിവസം തിയറ്റർ സന്ദർശനത്തിന് എത്തുമെന്ന് അവൻ എങ്ങനെയോ അറിഞ്ഞു. അന്ന് ഞാൻ വരുന്നതും കാത്ത് രാവിലത്തെയും ഉച്ചത്തെയും വൈകുന്നേരത്തെയും ഷോകൾ കഴിഞ്ഞ് അവൻ ആ തിയറ്ററിൽ തന്നെ നിൽക്കുകയായിരുന്നു. അന്ന് ഞാൻ അവനെ പോയി കെട്ടിപ്പിടിച്ചു. അത്തരമൊരു ബന്ധം ഞങ്ങൾ തമ്മിലുണ്ട്. അന്നേ എനിക്ക് മനസ്സിലായി അവൻ സിനിമാമേഖലയിൽ വലിയ ഉയരങ്ങളിൽ എത്തുമെന്ന്,” മിഷ്കിൻ പറഞ്ഞു.




