തമിഴിലെ മക്കള്‍ സെല്വന് വിജയ് സേതുപതിയുടെ മകനും സിനിമയില്‍ നായകനായി അരങ്ങേറുന്നു. സംഘട്ടന സംവിധായകന് അനില്‍ അരശ് ആദ്യമായി സംവിധായകനാകുന്ന ചിത്രത്തില്‍ വിജയ് സേതുപതിയുടെ മകന് സൂര്യ നായകനായി എത്തും. ഫീനിക്സ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പൂജ നവംബര്‍ 24 ന് ചെന്നൈയില്‍ നടന്നു. മാസ് ആക്ഷന്‍ എന്റര്ടെയ്നറായിട്ടാണ് ചിത്രം ഒരുക്കുന്നത്.
അതേസമയം നായകനായിട്ടുള്ള അരങ്ങേറ്റമാണെങ്കിലും സൂര്യ മുമ്പ് സിനിമയില്‍ അഭിനയിച്ച് പരിചയമുണ്ട്. മുമ്പ് അച്ഛന് വിജയ്സേതുപതിയും നയന്‍താരയും ജോഡികളായി നയന്‍സിന്റെ ഭര്‍ത്താവ് വിഘ്നേഷ് സംവിധാനം ചെയ്ത ‘നാനും റൗഡി താന്‍’ സിനിമയില്‍ സൂര്യ ബാലതാരമായി അഭിനയിച്ചിരുന്നു. പിന്നാലെ വിജയ് സേതുപതിയുടെ തന്നെ സിന്ദ്ബാദ് എന്ന ചിത്രത്തിലും സൂര്യ ക്യാമറയ്ക്ക് മുന്നിലെത്തിയിരുന്നു. സിന്ദുബാദില്‍ മുഴുനീളവേഷത്തിലാണ് അഭിനയിച്ചത്.
ബ്രേവ് മാന്‍ പിക്ചേഴ്സിന്റെ ബാനറില്‍ രാജലക്ഷ്മി അരസകുമാറാണ് ചിത്രം നിര്‍മ്മിക്കുന്നത്. സാം സിഎസ് ആണ് സംഗീത സംവിധായകന്. വേല്രാജിന്റേതാണ് ക്യാമറ. എഡിറ്റര്‍ പ്രവീണ്‍ കെ എല്‍ എന്നിവരാണ് ചിത്രത്തിന്റെ സാങ്കേതിക പ്രവര്‍ത്തകര്‍. സൂപ്പര്‍ഹിറ്റ് ഡയറക്ടര്‍ വെട്രിമാരന് സംവിധാനം ചെയ്ത് പിതാവ് നായകനാകുന്ന ‘വിടുതലൈ 2’ എന്ന ചിത്രത്തിലും സൂര്യ സേതുപതി അതിഥി വേഷത്തില്‍ എത്തുന്നുണ്ട്.