പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റുവിന്റെ ‘ആദിവാസി ഭാര്യ’ എന്നറിയപ്പെട്ട ബുധ്നി മാഞ്ജിയെക്കുറിച്ച് കേട്ടിട്ടുണ്ടോ? നെഹ്രു മാലയിട്ടതിന് ഝാര്‍ഖണ്ഡിലെ സന്താള്‍ ഗോത്ര വിഭാഗം ഊരുവിലക്ക് കല്‍പ്പിച്ച സ്ത്രീ എണ്‍പതാം വയസ്സില്‍ കഴിഞ്ഞ ദിവസമാണ് മരണമടഞ്ഞത്. ഇവര്‍ക്ക് സ്മാരകം വേണമെന്ന ആവശ്യം ഉയരുകയാണ്.
1959-ല്‍ 16 വയസ്സുള്ളപ്പോള്‍ നെഹ്രുവുമായി ബന്ധപ്പെട്ട് നടന്ന ഒരു സംഭവമാണ് ബുധ്നിയെ നെഹ്രു വിവാഹം കഴിച്ചതായും അദ്ദേഹത്തിന്റെ ഭാര്യയായും കണക്കാക്കപ്പെടാന്‍ കാരണമായത്. ബുധ്നിയുടെ നാട്ടില്‍ ദാമോദര്‍ നദിക്ക് കുറുകെ നിര്‍മ്മിച്ച പഞ്ചേത് ഡാമിന്റെ ഉദ്ഘാടനത്തിലായിരുന്നു സംഭവങ്ങളുടെ തുടക്കം.
പ്രധാനമന്ത്രി നെഹ്റു ഇവരുടെ നാട്ടിലെ ഒരു അണക്കെട്ടിന്റെ ഉദ്ഘാടന വേളയില്‍ പ്രൊജക്ട് വര്‍ക്കറായിരുന്ന ബുധ്നിയെ മാലയിട്ട് സ്വീകരിച്ചതിനെ സന്താള്‍ സമൂഹം വിവാഹമായി കരുതുകയായിരുന്നു. സ്വന്തം സമുദായത്തില്‍ നിന്നല്ലാത്തൊരാളെ വിവാഹം കഴിച്ചെന്ന കാരണത്താല്‍ ഇവരെ സമുദായം പുറത്താക്കി.
ദാമോദര്‍ നദിയുടെ കുറുകേ നിര്‍മ്മിച്ച പഞ്ചേത് അണക്കെട്ടിന്റെ ഉദ്ഘാടന വേളയിലായിരുന്നു നെഹ്റു ആദരപൂര്‍വ്വം ബുധ്നിയെ മാലയിട്ട് സ്വീകരിച്ചത്. മാലയിട്ടതിനെ വിവാഹമായി കരുതിയ സമുദായം ബുധ്നിക്ക് ഊരുവിലക്ക് ഏര്‍പ്പെടുത്തി പുറത്താക്കി. 1952 ല്‍ അണക്കെട്ടിന്റെ നിര്‍മ്മാണ വേളയില്‍ ഭൂമി വെള്ളത്തിനടിയിലായതോടെയാണ് ബുധ്നിയുടെ ജീവിതവും വെള്ളത്തിലായത്. മറ്റു വരുമാനമാര്‍ഗ്ഗം ഇല്ലാതായതോടെ ബുധ്നിയുടെ കുടുംബത്തിന് ജീവിക്കാന്‍ അണക്കെട്ടിലെ കരാര്‍ തൊഴിലാളിയായി നിയമനം നല്കി.
ദാമോദര്‍ വാലി കോര്പ്പറേഷന് (ഡിവിസി) എന്ന പൊതുമേഖലാ സ്ഥാപനമായിരുന്നു അണക്കെട്ട് നിര്‍മ്മിച്ച് പ്രവര്‍ത്തിപ്പിച്ചത്. നിര്‍മ്മാണം പൂര്‍ത്തിയായി 1959 ഡിസംബര്‍ 5-ന് നെഹ്രു അണക്കെട്ട് ഉദ്ഘാടനം ചെയ്യാന്‍ എത്തിയ വേളയില്‍ അദ്ദേഹത്തെ സ്വീകരിക്കാന്‍ ഡിവിസി മാനേജ്മെന്റ് തെരഞ്ഞെടുത്ത രണ്ടുപേര്‍ ബുധ്നിയും മറ്റൊരു തൊഴിലാളിയായ മാഞ്ചിയുമായിരുന്നു. ഉദ്ഘാടനത്തിന് പിന്നാലെ ആദ്യമായി അണക്കെട്ടിന്റെ ഷട്ടര്‍ നീക്കാന്‍ ബട്ടണ്‍ അമര്‍ത്തിയത് ബുധ്നിയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.
കരാര്‍ തൊഴിലാളികളെ ആദരിക്കാന്‍ നെഹ്രു ബുധ്നി ഉള്‍പ്പെടെ രണ്ടുപേര്‍ക്കും മാലയിട്ടതോടെ ബുധ്നിയുടെ ജീവിതത്തിലും ഷട്ടര്‍ വീണു. സന്താളുകളുടെ ആചാരം അനുസരിച്ച് മാലയിട്ടാല്‍ വിവാഹമായി കരുതപ്പെടും. അങ്ങിനെ ബുധ്നി നെഹ്രുവിന്റെ ഭാര്യയായി സന്താളുകള്‍ കണക്കാക്കി. സന്താള്‍ സമുദായത്തിന് പുറത്തുപോയി വിവാഹം കഴിച്ചതിന് ബുധ്നിയെ സമുദായത്തില്‍ നിന്നും ഗ്രാമത്തില്‍ നിന്നും പുറത്താക്കി.
അണക്കെട്ടിലെ കരാര്‍ തൊഴിലാളിയായുളള അവരുടെ ജീവിതം മൂന്നു വര്‍ഷം മാത്രമാണ് നീണ്ടത്. 1962 ല്‍ കരാര്‍തൊഴിലാളികളെ പിരിച്ചുവിടപ്പെട്ടപ്പോള്‍ ബുധ്നിയെയും ഡിവിസി പിരിച്ചുവിട്ടു. പിന്നീട് അവര്‍ അയല്‍ സംസ്ഥാനമായ ബംഗാളിലെ പുരുലിയയിലെ സാല്തോറയിലേക്ക് താമസം മാറുകയും അവിടെ കൂലിപ്പണിയെടത്ത് ജീവിക്കുകയും ചെയ്തു. അവിടെ വെച്ച് ബുധ്നി ഒരു കോളിയറിയിലെ കരാര്‍ തൊഴിലാളിയായ സുധീര്‍ ദത്തയെ കണ്ടുമുട്ടി. അയാള്‍ അവര്‍ക്ക് അഭയം നല്‍കുകയും പിന്നീട് വിവാഹം കഴിക്കുകയും ചെയ്തു.
പിന്നീട് രാജീവ്ഗാന്ധി ഇന്ത്യയുടെ പ്രധാനമന്ത്രിയായതോടെ കാര്യങ്ങള്‍ പിന്നെയും മാറി മറിഞ്ഞു. നെഹ്രുവിന്റെ കൊച്ചുമകനായ രാജീവ്ഗാന്ധി ബംഗാളിലെ അസന്‍സോള്‍ സന്ദര്‍ശിച്ച സമയത്ത് ഒരു പ്രാദേശിക നേതാവില്‍ നിന്നും ബുധ്നിയുടെ കഥയറിയാന്‍ ഇടയായി. രാജീവ് അവരെ ചെന്ന് സന്ദര്‍ശിച്ചു. ഈ സമയത്ത് തന്റെ ദുരനുഭവം അവര്‍ രാജീവിനെ അറിയിച്ചു. രാജീവ്ഗാന്ധി അവര്‍ക്ക് ഡിവിസിയില്‍ തിരിച്ചു ജോലിക്കെടുത്തു. അതിന് ശേഷം അവിടെ ജോലി ചെയ്തു വന്ന ബുധ്നി 2005 ല്‍ ഇവിടെ നിന്നും വിരമിച്ചു.
കഴിഞ്ഞ ദിവസം നവംബര്‍ 17 നായിരുന്നു ബുധ്നി മരണമടഞ്ഞത്. മകള്‍ രത്നയ്ക്കൊപ്പം താമസിച്ചിരുന്ന പഞ്ചെയിലെ ഒരു കുടിലില്‍ വെച്ചായിരുന്നു മരണമടഞ്ഞത്. ‘രാജ്യത്തിന്റെ ആദ്യ പ്രധാനമന്ത്രിയുടെ ആദ്യ ഗോത്രവര്‍ഗ ഭാര്യ’ എന്ന് പലരും വിശേഷിപ്പിച്ചതോടെ അവര്‍ക്ക് അന്ത്യാജ്ഞലി അര്‍പ്പിക്കാന്‍ പ്രാദേശിക രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും ഉള്‍പ്പെടെ നൂറുകണക്കിന് ആളുകള്‍ എത്തിയിരുന്നു.
ഇപ്പോള്‍ അവരുടെ ബഹുമാനാര്‍ത്ഥം ഒരു പ്രാദേശിക പാര്‍ക്കില്‍ നിലവിലുള്ള നെഹ്റുവിന്റെ പ്രതിമയ്ക്ക് സമീപം ഒരു സ്മാരകം വേണമെന്ന് ആവശ്യം ഉയര്‍ന്നിട്ടുണ്ട്. മകള്‍ രത്ന (60) യ്ക്ക് പെന്‍ഷനും ഡിവിസി കോളനിയില്‍ വീടും നല്‍കണമെന്നും ആവശ്യപ്പെടുന്നു. ഡിവിസിയില്‍ അക്കൗണ്ടന്റായ രത്നയുടെ മകന് ബാപി (35) സമീപത്തെ മൈത്തണില് താമസിക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം സ്മാരകത്തിന്റെയോ മറ്റു ആവശ്യങ്ങളിലോ ഇതുവരെ തീരുമാനം എടുത്തിട്ടില്ല.