Movie News

എ.ആര്‍.റഹ്മാന്റെ മകള്‍ സംഗീത സംവിധാനരംഗത്തേക്ക്; അന്താരാഷ്ട്ര പ്രൊജക്ട് ‘ലയണസ്’

ഓസ്‌ക്കര്‍ ജേതാവും വിഖ്യാത സംഗീതകാരനുമായ എ.ആര്‍.റഹ്മാന്റെ മകളും സംഗീതസംവിധാന രംഗത്തേക്ക്. യുകെ-ഇന്ത്യ കോ-പ്രൊഡക്ഷന്‍ ചിത്രമായ ‘ലയണസ്’ എന്ന അന്താരാഷ്ട്ര പ്രൊജക്ടില്‍ സംഗീതം ഒരുക്കിക്കൊണ്ടാണ് റഹ്മാന്റെ മകള്‍ സംഗീത സംവിധായികയാകുന്നത്. ഇക്കാര്യം നിര്‍മ്മാതാക്കള്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു.

2020ല്‍ ‘ഫാരിഷ്ടണ്‍’ എന്ന സ്വതന്ത്ര സിംഗിളിലൂടെ സംഗീത വ്യവസായത്തിലേക്ക് കടന്നയാളാണ് ഖദീജ. പിതാവ് എ ആര്‍ റഹ്മാനാണ് ഈ ഗാനം ചിട്ടപ്പെടുത്തിയത്. ‘ലയണസ്’ സിനിമയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷവും അഭിമാനവും തോന്നുന്നതായി തന്റെ ആവേശം പ്രകടിപ്പിച്ചുകൊണ്ട് ഖദീജ പറഞ്ഞു. ”സോഫിയ രാജകുമാരിയുടെ പോരാട്ടത്തിന് അര്‍ഹമായ അംഗീകാരം ലഭിക്കുന്നുവെന്ന് ഉറപ്പാക്കുകയാണ് ഞങ്ങളുടെ അഭിലാഷം.” താരം പറഞ്ഞു.

പൈഗെ സന്ധുവും അദിതി റാവു ഹൈദരിയും സിനിമയുമായി സഹകരിക്കുന്നുണ്ട്. സിനിമയുടെ ആദ്യ പോസ്റ്റര്‍ ഫിലിം ബസാറില്‍ നടന്നുകൊണ്ടിരിക്കുന്ന ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് ഇന്ത്യയില്‍ പുറത്തിറക്കി. ഇന്ത്യയുടെ നാഷണല്‍ ഫിലിം ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡും (എന്‍എഫ്ഡിസി) യുകെയിലെ ബ്രിട്ടീഷ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടും (ബിഎഫ്ഐ) പിന്തുണയ്ക്കുന്ന ‘ലയണസ്’ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത് കജ്രി ബബ്ബറാണ്.

ഒരു നൂറ്റാണ്ട് വ്യത്യാസത്തില്‍ ജീവിച്ച രണ്ട് സ്ത്രീകളുടെ കഥയാണ് ലയണസ്. മഹാരാജ രഞ്ജിത് സിങ്ങിന്റെ ചെറുമകളും വിക്ടോറിയ രാജ്ഞിയുടെ ദൈവപുത്രിയുമായ സോഫിയ ദുലീപ് സിംഗ് എന്ന സഫ്രഗെറ്റ് രാജകുമാരിയെ ചുറ്റിപ്പറ്റിയാണ് ആദ്യ കഥ. പ്രമുഖ ബ്രിട്ടീഷ്-ഏഷ്യന്‍ നടി പൈഗ സന്ധുവാണ് ഈ വേഷം അവതരിപ്പിക്കുന്നത്. രണ്ടാമത്തെ കഥ, 1990-കളില്‍ സൗത്താളില്‍ ജീവിച്ചിരുന്ന സിമ്രന്‍ജീത് കൗര്‍ എന്ന സാങ്കല്‍പ്പിക കഥാപാത്രത്തെ ഹൈദരി അവതരിപ്പിക്കുന്നു.