Health

പ്രായമായവരിലെ മങ്ങുന്ന ഓര്‍മശക്തി മെച്ചപ്പെടുത്താന്‍ സംതൃപ്തികരമായ ലൈംഗിക ബന്ധത്തിന് സാധിയ്ക്കുമെന്ന് പഠനം

മറവിരോഗം ബാധിക്കുന്ന പ്രായമായവരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്. മങ്ങുന്ന ഓര്‍മശക്തി ഒരു പരിധി വരെ തടയാനും പ്രായമായവരിലെ ധാരണാശേഷി മെച്ചപ്പെടുത്താനും സംതൃപ്തികരമായ ലൈംഗിക ബന്ധം സഹായകമാണെന്നാണ് പുതിയ പഠനം പറയുന്നത്.

ടെക്സാസ് എ ആന്‍ഡ് എം സര്‍വകലാശാലയിലെ സോഷ്യല്‍ സയന്‍സസ് വിഭാഗം അസിസ്റ്റന്റ് പ്രഫസര്‍ ഷാനോണ്‍ ഷെന്നിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പഠനം നടത്തിയത്. 1683 പേരില്‍ നടത്തിയ പഠനത്തില്‍ 75 മുതല്‍ 90 വരെ പ്രായമുള്ള പുരുഷന്മാരില്‍ ആഴ്ചയില്‍ ഒന്നോ അതിലധികമോ തവണ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നവര്‍ക്ക് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാത്തവരെ അപേക്ഷിച്ച് അഞ്ച് വര്‍ഷത്തിന് ശേഷം കൂടുതല്‍ മെച്ചപ്പെട്ട മേധാശക്തി ഉണ്ടായിരിക്കുന്നതായി ഗവേഷകര്‍ നിരീക്ഷിച്ചു.

എന്നാല്‍ ഈ പ്രായവിഭാഗത്തിലുള്ള സ്ത്രീകളില്‍ ലൈംഗിക ബന്ധത്തിന്റെ ആവൃത്തിയും മേധാശക്തിയും തമ്മില്‍ ബന്ധം കണ്ടെത്താന്‍ സാധിച്ചില്ല. 62 മുതല്‍ 74 വരെ പ്രായവിഭാഗത്തിലുള്ളവരില്‍ ലൈംഗിക ബന്ധത്തിന്റെ ആവൃത്തിയല്ല മറിച്ച് നിലവാരമാണ് മേധാശക്തിയെ സ്വാധീനിക്കുന്നതായി കണ്ടെത്തിയത്. ഈ പ്രായ വിഭാഗക്കാരില്‍ ശാരീരികമായി സുഖവും വൈകാരികമായി സംതൃപ്തിയും നല്‍കുന്ന ലൈംഗിക ബന്ധം ഉള്ളവര്‍ക്ക് മറ്റുള്ളവരെ അപേക്ഷിച്ച് അഞ്ച് വര്‍ഷത്തിന് ശേഷം മെച്ചപ്പെട്ട ധാരണാശേഷി നിരീക്ഷിക്കപ്പെട്ടു.

പങ്കാളിയുമായുള്ള ലൈംഗിക ബന്ധം മാത്രമാണ് പഠനത്തില്‍ വിലയിരുത്തപ്പെട്ടതെന്നും സ്വയംഭോഗം പഠനത്തിന്റെ പരിധിയില്‍ വരുന്നില്ലെന്നും ഗവേഷകര്‍ കൂട്ടിച്ചേര്‍ക്കുന്നു.  ജേണല്‍ ഫോര്‍ സെക്സ് റിസര്‍ച്ചിന്റെ 2023 ജൂലൈ ലക്കത്തില്‍ ഗവേഷണ ഫലം പ്രസിദ്ധീകരിച്ചിട്ടുണ്ട്.