Sports

കോഹ്ലിയ്ക്ക് 50 സെഞ്ചുറി, ഷമിക്ക് 7 വിക്കറ്റ്, മിച്ചലിന് സെഞ്ച്വറി; ഇന്ത്യാ – ന്യൂസിലന്റ് സെമിയെക്കുറിച്ച് ഈ പരിശീലകന്‍ പറഞ്ഞതെല്ലാം ശരി

മാജിക്കല്ല, മന്ത്രമല്ല, ജാലവിദ്യയുമല്ല. കൃത്യമായ നിരീക്ഷണവും കണക്കുകളും വിലയിരുത്തലുകളും മാത്രം. ഇന്ത്യയും ന്യൂസിലന്റും തമ്മിലുള്ള 2023 ലോകകപ്പ് സെമിഫൈനലിനെ കുറിച്ച് ന്യൂസിലന്റിന്റെ ഈ മുന്‍ പരിശീലകന്‍ പ്രവചിച്ചതെല്ലാം അക്ഷരംപ്രതി ശരിയായി. ആദ്യ സെമിഫൈനല്‍ നടക്കുന്നതിന് മുമ്പ് ന്യൂലന്റിന്റെ മൂന്‍ ഹെഡ്‌കോച്ചായ മൈക്ക് ഹെസ്സന്‍ നടത്തിയ പ്രവചനം 100 ശതമാനം ശരിയായത് ക്രിക്കറ്റ് ആരാധകരെയും സാമൂഹ്യമാധ്യമങ്ങളിലും വന്‍ ഞെട്ടല്‍ ഉണ്ടാക്കിയിരിക്കുകയാണ്.

അദ്ദേഹത്തിന്റെ പ്രവചനത്തില്‍ ഇന്ത്യയുടെ വിജയം മാത്രമായിരുന്നില്ല. ജയത്തിന്റെ മാര്‍ജിന്‍, വിരാട്‌കോഹ്ലിയുടെ പ്രകടനം, ഷമിയുടെ വിക്കറ്റ്‌വേട്ട എന്നിവയെല്ലാം വളരെ കൃത്യമായി ഹെന്‍സണ്‍ പ്രവചിക്കുന്ന വീഡിയോ വൈറലായി മാറിയിട്ടുണ്ട്. ഇന്ത്യ 70 റണ്‍സിന് ജയിക്കുമെന്നും വിരാട്‌കോഹ്ലി സച്ചിന്റെ റെക്കോഡ് തകര്‍ത്ത് 50 ഏകദിന സെഞ്ച്വറി നേടുമെന്നും ഷമി ഏഴു വിക്കറ്റുകള്‍ വീഴ്ത്തുമെന്നും ന്യൂസിലന്റ് താരം ഡാരില്‍ മിച്ചല്‍ ന്യൂസിലന്റിനായി മികച്ച പ്രകടനം നടത്തുമെന്നും പറയുന്നുണ്ട്. ഷമിയുടെ കരിയറിലെ ഏറ്റവും മികച്ച 7 വിക്കറ്റ് നേട്ടത്തിന് മെന്‍ ഇന്‍ ബ്ലൂ ബ്ലാക് ക്യാപ്‌സിനെ 70 റണ്‍സിന് തകര്‍ത്തപ്പോള്‍ ഹെസ്സന്‍ ഊഹിച്ചതുപോലെ തന്നെ മത്സരം അവസാനിച്ചു.

മുംബൈയിലെ വാങ്കഡേയില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ കിവിസിനെതിരെ 398 റണ്‍സ് നേടിയപ്പോള്‍ ന്യൂസിലന്റിനായി പ്രതിരോധിക്കാന്‍ മിച്ചലിന്റെ 134 റണ്‍സ് മാത്രമായിരുന്നു മികച്ചു നിന്നത്. സ്‌കൈ സ്പോര്‍ട്സ് ന്യൂസിലന്‍ഡിനോടായിരുന്നു ഹ്യൂസ് തന്റെ നിരീക്ഷണം പങ്കുവെച്ചത്. ”ഇന്ത്യ വളരെ ശക്തമാണ്. അവര്‍ ഒരുപക്ഷേ ഏകദേശം 70 റണ്‍സിന് വിജയിക്കുമെന്ന് ഞാന്‍ കരുതുന്നു. വിരാട് കോഹ്ലിയെപ്പോലെയുള്ള ഒരാളില്‍ നിന്ന് എന്തെങ്കിലും പ്രത്യേകത കാണാന്‍ കഴിയുമെന്ന് ഞാന്‍ കരുതുന്നു, അയാള്‍ തന്റെ അമ്പതാം സെഞ്ച്വറി നേടാന്‍ ശ്രമിച്ചേക്കും.

അങ്ങിനെ വന്നാല്‍ ന്യൂസിലന്റിന് ഒരു വലിയ സ്‌കോര്‍ തന്നെ പിന്തുടരേണ്ടി വരും. അവര്‍ വലിയ സ്‌കോറിംഗിന് ശ്രമിക്കുമ്പോള്‍ മുഹമ്മദ് ഷമിക്ക് അഞ്ചോ ആറോ വിക്കറ്റുകള്‍ ചിലപ്പോള്‍ ഏഴ് വിക്കറ്റുകള്‍ വരെ ലഭിച്ചേക്കാം. ഒരുപക്ഷേ ഡാരില്‍ മിച്ചല്‍ ന്യൂസിലന്‍ഡ് വീക്ഷണകോണില്‍ ഹൈലൈറ്റ് ആയിരിക്കാം.” മുന്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ കോച്ച് പറഞ്ഞു.