Oddly News

കൈകൊണ്ട് നിര്‍മ്മിച്ച ഏറ്റവും നീളമേറിയ മുടിക്കെട്ട്; നൈജീരിയക്കാരി ഹെലന്‍ നിര്‍മ്മിച്ചത് 1,152 അടിയുള്ള വിഗ്ഗ്

കൈകൊണ്ട് നിര്‍മ്മിച്ച ഏറ്റവും നീളമേറിയ മുടിക്കെട്ടിന് നൈജീരിയക്കാരിയായ ഹെലന്‍ വില്യംസ് നേടിയത് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്. 351.28 മീറ്റര്‍ (1,152 അടി 5 ഇഞ്ച്) നീളത്തിലാണ് അവര്‍ വിഗ് ഉണ്ടാക്കിയതെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു.ലോകത്തെ ഏറ്റവും നീളമേറിയ വിഗ് ഉണ്ടാക്കാനായി 11 ദിവസത്തെ പരിശ്രമവും രണ്ട് ദശലക്ഷം നായരാ (2,500 ഡോളര്‍ ) നിക്ഷേപവും ഉള്‍പ്പെടുന്നു. 1,000 ബണ്ടിലുകള്‍ മുടി, 12 ക്യാനുകള്‍ ഹെയര്‍ സ്‌പ്രേ, 35 ട്യൂബുകള്‍ ഹെയര്‍ ഗ്ലൂ, 6,250 ഹെയര്‍ ക്ലിപ്പുകള്‍ എന്നിവ ഉപയോഗിച്ചാണ് വിഗ് നിര്‍മ്മിച്ചത്.

ഹെയര്‍പീസ് പൂര്‍ത്തിയാക്കിയ ശേഷം, അത് അളക്കാന്‍ അനുയോജ്യമായ സ്ഥലം കണ്ടെത്തുന്നത് ഒരു വെല്ലുവിളിയായിരുന്നു. ജൂലൈ 7 ന് ലാഗോസ്, അബെകുട്ട നഗരങ്ങളെ ബന്ധിപ്പിക്കുന്ന ഒരു ഹൈവേയില്‍ ഇത് പ്രദര്‍ശിപ്പിക്കാന്‍ ഹെലന്‍ വില്യംസ് തീരുമാനിച്ചു.ചൊവ്വാഴ്ചയാണ് ഗിന്നസ് വേള്‍ഡ് റെക്കോഡ് ഔദ്യോഗികമായി ഇക്കാര്യം സ്ഥിരീകരിച്ചത്.

വില്യംസ് അവരുടെ ഓഫീസില്‍ വിഗ് പ്രദര്‍ശിപ്പിച്ചതിനാല്‍ പൊതുജനങ്ങള്‍ക്കും ഈ അത്ഭുതം കാണാന്‍ കഴിയും. ഈ വര്‍ഷമാദ്യം നൈജീരിയയില്‍ നോണ്‍-സ്റ്റോപ്പ് പാചകത്തിന്റെ ലോക റെക്കോര്‍ഡ് തകര്‍ത്ത് ഹില്‍ഡ ബാസി ശ്രദ്ധ നേടിയിരുന്നു. എന്നാല്‍ അവരുടെ നേട്ടം ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് ഐറിഷ് കാരനായ അലന്‍ ഫിഷര്‍ മറികടന്നു.