Hollywood

മിസ് യൂണിവേഴ്‌സ് മത്സരത്തിന് അപ്രതീക്ഷിത പ്രതിസന്ധി; നിലവിലെ ഉടമ ജെകെഎന്‍ ഗ്ലോബല്‍ ഗ്രൂപ്പ് പാപ്പര്‍ അപേക്ഷ നല്‍കി

ഗ്‌ളാമറിന്റെയും സ്ത്രീസൗന്ദര്യത്തിന്റെയും അവസാനവാക്കായ മിസ് യൂണിവേഴ്‌സ് മത്സരത്തിന് അപ്രതീക്ഷിത പ്രതിസന്ധി. പ്രശസ്തമായ സൗന്ദര്യമത്സരത്തിന്റെ നിലവിലെ ഉടമയായ ജെകെഎന്‍ ഗ്ലോബല്‍ ഗ്രൂപ്പ് തായ്ലന്‍ഡില്‍ പാപ്പരത്തത്തിന് അപേക്ഷ നല്‍കിയിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. സാമ്പത്തികമായ തിരിച്ചടിയുണ്ടെങ്കിലും നവംബര്‍ 18-ന് നടക്കാനിരിക്കുന്ന മത്സരം മൂന്‍ ആസൂത്രണം പോലെ തന്നെ നടക്കുമെന്ന് കമ്പനി പറയുന്നു. മിസ് യൂണിവേഴ്‌സ് ഫ്രാഞ്ചൈസിയുടെ ഭാവിയെക്കുറിച്ചും ലോകമെമ്പാടുമുള്ള ഏറ്റവുമധികം ആളുകള്‍ വീക്ഷിച്ചതും ആഘോഷിക്കപ്പെടുന്നതുമായ മത്സരത്തെയും ഇത് സംശയത്തിന്റെ നിഴലിലാക്കിയിട്ടുണ്ട്.

വമ്പന്‍ വാര്‍ത്ത സൃഷ്ടിച്ച് മിസ് യൂണിവേഴ്‌സ് ഓര്‍ഗനൈസേഷന്‍ 20 ദശലക്ഷം ഡോളറിന് 2022-ലാണ് ജെകെഎന്‍ ഗ്ലോബല്‍ ഗ്രൂപ്പ് സ്വന്തമാക്കിയത്. തായ്ലന്‍ഡിലെ പാപ്പരത്ത കോടതി ഈ ഹര്‍ജി സ്വീകരിച്ചു. സെപ്റ്റംബര്‍ 1-ന് ഏകദേശം 12 മില്യണ്‍ ഡോളറിന്റെ ലോണ്‍ തിരിച്ചടവ് സമയപരിധി നഷ്ടമായതായി ജെകെഎന്‍ അംഗീകരിച്ചു. ഉയര്‍ന്ന പണപ്പെരുപ്പം ഉള്‍പ്പെടെ വെല്ലുവിളി നിറഞ്ഞ വിപണി സാഹചര്യങ്ങളാണ് സ്ഥാപനത്തിന്റെ കടം തിരിച്ചടവിനെ ബാധിച്ചത്. പ്രമുഖ ട്രാന്‍സ്ജെന്‍ഡര്‍ അവകാശ അഭിഭാഷകയും ടെലിവിഷന്‍ വ്യക്തിത്വവുമായ ആനി ജക്കഫോംഗ് ജക്രജുതടിപ്പിന്റെ നേതൃത്വത്തിലുള്ള കമ്പനി മിസ് യൂണിവേഴ്സ് ബ്രാന്‍ഡിനായുള്ള അഭിലാഷ പദ്ധതികള്‍ പ്രകടിപ്പിച്ചത് ബിസിനസ് ലക്ഷ്യമിട്ടായിരുന്നു. ജെകെഎന്‍ ഗ്ലോബല്‍ ഗ്രൂപ്പിന്റെ സമീപകാല പാപ്പരത്ത ഫയലിംഗ് അതിന്റെ ബിസിനസ് താല്‍പ്പര്യങ്ങളെയെല്ലാം അനിശ്ചിതത്വത്തിലേക്ക് തള്ളിവിട്ടിരിക്കുകയാണ്.

സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും, മിസ് യൂണിവേഴ്‌സ് ആരാധകര്‍ക്ക് ഒരു മികച്ച അനുഭവമാക്കാനുള്ള പ്രതിബദ്ധതയിലാണ് സ്ഥാപനം. പാപ്പരത്ത ഫയലിംഗിന്റെ ഫലമായുണ്ടാകുന്ന പുതിയ സാമ്പത്തിക ക്രമീകരണങ്ങള്‍ വരും ആഴ്ചയില്‍ നടക്കാനിരിക്കുന്ന മിസ്സ് യൂണിവേഴ്സ് മത്സരം ഉള്‍പ്പെടെയുള്ള ബിസിനസ്സ് പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

മിസ്സ് യൂണിവേഴ്‌സ് മത്സരത്തിന് ആഗോളതലത്തില്‍ വളരെയധികം സാംസ്‌കാരികവും വാണിജ്യപരവുമായ പ്രാധാന്യമുണ്ട്, ഇത് പ്രതിവര്‍ഷം ദശലക്ഷക്കണക്കിന് കാഴ്ചക്കാരെ ആകര്‍ഷിക്കുന്നു. ജെകെഎന്‍ ഗ്ലോബല്‍ ഗ്രൂപ്പ് സാമ്പത്തിക പ്രശ്നങ്ങള്‍ അഭിമുഖീകരിക്കുന്നതിനാല്‍, എല്ലാ കണ്ണുകളും വരാനിരിക്കുന്ന മിസ്സ് യൂണിവേഴ്സ് മത്സരത്തിലും ഫ്രാഞ്ചൈസിയുടെ ഭാവിയില്‍ അതിന്റെ സ്വാധീനത്തിലുമാണ്.