Sports

ഏറ്റുമുട്ടിയത് 117 മത്സരങ്ങളില്‍ ഇന്ത്യയ്ക്ക് നേരിയ മുന്‍തൂക്കം; പക്ഷേ ലോകകപ്പുകളില്‍ ന്യൂസിലന്റ്

കഴിഞ്ഞതവണത്തേത് ഉള്‍പ്പെടെ തുടര്‍ച്ചയായി നാലു തവണയാണ് ഇന്ത്യ ക്രിക്കറ്റ് ലോകകപ്പിന്റെ സെമിയില്‍ തകര്‍ന്നുപോയത്. കഴിഞ്ഞ തവണ പരാജയമറിഞ്ഞ ന്യൂസിലന്റിനെ വാങ്കഡേയില്‍ നേരിടുമ്പോള്‍ ഒരു പകരംവീട്ടലല്ലാതെ മറ്റൊന്നും ഇന്ത്യയുടെ മനസ്സില്‍ കാണില്ല. ഈ ലോകകപ്പില്‍ ഇതുവരെ ഒരു മത്സരത്തില്‍ പോലും പരാജയപ്പെടാത്ത ഇന്ത്യയും കഷ്ടിച്ച് സെമിയില്‍ എത്തിയ ന്യൂസിലന്റും നേര്‍ക്ക് നേര്‍ വരുമ്പോള്‍ ഇരു ടീമുകളുടെയും ആരാധകരുടെ പ്രതീക്ഷകള്‍ വാനോളം ഉയരുകയാണ്.

രണ്ട് തവണ ലോകകപ്പ് കിരീടം ഉയര്‍ത്തിയ ഇന്ത്യ ഒരു തവണ റണ്ണര്‍അപ്പുകളുമായി. എന്നിരുന്നാലും 2003, 2007, 2011, 2015 എഡീഷനുകളില്‍ 2011 ഒഴികെയുള്ള സെമിയില്‍ ഇന്ത്യയ്ക്ക് പരാജയ ഓര്‍മ്മകള്‍ വേട്ടയാടുന്നുണ്ട്. അതേസമയം കഴിഞ്ഞ രണ്ട് എഡിഷനുകളിലും സെമിഫൈനലില്‍ എത്തിയിട്ടും കിരീടം ഉയര്‍ത്താന്‍ കഴിയാതെ പോയ ടീമാണ് ന്യൂസിലന്റ്. ലീഗ് മത്സരങ്ങളെല്ലാം ജയിച്ചു ഇന്ത്യ 18 പോയിന്റുമായി പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തിയപ്പോള്‍ ന്യൂസിലന്‍ന്റ് പത്ത് പോയിന്റുമായി നാലാം സ്ഥാനത്തും.

ഒമ്പത് മത്സരങ്ങളും വിജയിച്ചതിന് ശേഷമാണ് രോഹിത് ശര്‍മ്മയുടെ ടീം സെമിയില്‍ എത്തിയത്. മറുവശത്ത് കെയ്ന്‍ വില്യംസണിന്റെ നേതൃത്വത്തിലുള്ള ന്യൂസിലന്‍ഡ് 2019 ലോകകപ്പ് സെമി ആവര്‍ത്തിക്കാന്‍ കാത്തിരിക്കുകയാണ്. നൂറിലധികം ഏകദിന മത്സരങ്ങളിലാണ് ഇന്ത്യയും ന്യൂസിലന്‍ഡും ഏറ്റുമുട്ടിയത്. 117 മത്സരങ്ങളില്‍ ന്യൂസിലന്‍ഡിനെതിരെ 59 വിജയങ്ങള്‍ ഇന്ത്യ നേടിയിട്ടുണ്ട്. 50 മത്സരങ്ങളില്‍ ന്യൂസിലന്‍ഡ് വിജയിച്ചു. ഒരെണ്ണം ടൈയില്‍ അവസാനിച്ചപ്പോള്‍ ഏഴെണ്ണം ഫലമില്ലാതെ അവസാനിച്ചു.

ആദ്യം ബാറ്റ് ചെയ്യുമ്പോള്‍ 24 തവണയും ചേസിംഗില്‍ 35 തവണയും ഇന്ത്യ ന്യൂസിലന്റിനെ തോല്‍പ്പിച്ചിട്ടുണ്ട്. ചേസിംഗില്‍ 28 തവണയും ആദ്യം ബാറ്റ് ചെയ്യുമ്പോള്‍ 22 തവണയും ന്യൂസിലന്റ് വിജയിച്ചു. അതേസമയം ലോകകപ്പില്‍ നേരിയ മുന്‍തൂക്കം ന്യൂസിലന്റിനുണ്ട്. ഇന്ത്യയ്ക്കെതിരെ അഞ്ച് ഏകദിന മത്സരങ്ങളില്‍ ന്യൂസിലന്‍ഡ് വിജയിച്ചപ്പോള്‍ ഇന്ത്യ നാലെണ്ണം വിജയിച്ചു.

ലോകകപ്പ് 2023 ലെ ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലുള്ള ലീഗ് ഘട്ട മത്സരത്തില്‍ നാല് വിക്കറ്റിന് ഇന്ത്യ ജയിച്ചിരുന്നു. ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലുള്ള വരാനിരിക്കുന്ന ലോകകപ്പ് 2023 സെമി ഫൈനലില്‍ മത്സരത്തിന് വാങ്കഡെ സ്റ്റേഡിയം വേദിയാകും. 2017ല്‍ വാങ്കഡെ സ്റ്റേഡിയത്തില്‍ ന്യൂസിലന്‍ഡുമായി ഇന്ത്യ ഏറ്റുമുട്ടിയപ്പോള്‍ സന്ദര്‍ശകര്‍ 281 റണ്‍സ് പിന്തുടരുന്നതിനിടെ ആറ് വിക്കറ്റിന്റെ വിജയം നേടി. 2019ലെ ലോകകപ്പ് സെമിയില്‍ ന്യൂസിലന്‍ഡ് ഇന്ത്യയെ 18 റണ്‍സിന് പരാജയപ്പെടുത്തി.