Crime

ആലുവ പീഡനകേസിലെ പ്രതിയുടെ വധശിക്ഷ എന്നു നടപ്പാകും? കേരളത്തില്‍ അവസാനം തൂക്കിലേറ്റിയത് 32 വര്‍ഷം മുമ്പ്

കൊച്ചി: പൊതുവേ വധശിക്ഷയ്ക്ക് എതിരായ ഇന്ത്യയില്‍ തൂക്കിലേറ്റുന്ന ശിക്ഷ നടപ്പാക്കുന്നത് അപൂര്‍വങ്ങളില്‍ അപൂര്‍വങ്ങളായ കേസുകളില്‍ മാത്രമാണ്. ആലുവയില്‍ അഞ്ചുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ എറണാകുളത്തെ പോക്‌സോ കോടതിയുടെ കണ്ടെത്തലും അപൂര്‍വ്വതയില്‍ അപൂര്‍വ്വമായി കേസ് എന്നായിരുന്നു.

1958 മുതല്‍ വധശിക്ഷയുടെ ചരിത്രം തുടങ്ങിയിട്ടുള്ള കേരളത്തില്‍ ഇതുവരെ തൂക്കിലേറ്റിയവരുടെ എണ്ണം 26 എന്നാണ് ഔദ്യോഗിക കണക്കുകള്‍. കേരളത്തില്‍ വധശിക്ഷ നടപ്പാക്കാന്‍ രണ്ടു ജയിലുകളാണ് ഉള്ളത്. ഒന്ന് വടക്ക് കണ്ണൂരില്‍ രണ്ട്, തെക്ക് തിരുവനന്തപുരത്തെ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍. 45 വര്‍ഷം മുമ്പ്, നിരവധി പിഞ്ചുകുഞ്ഞുങ്ങളെ കൊന്ന അഴകേശന്‍ എന്ന ദുര്‍മന്ത്രവാദിയെ തൂക്കിലിട്ടതാണ് പൂജപ്പുരയില്‍ നടപ്പിലായ അവസാന വധശിക്ഷ. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലാകട്ടെ 1991 -ല്‍ സീരിയല്‍ കില്ലര്‍ റിപ്പര്‍ ചന്ദ്രനെ തൂക്കിലേറ്റിയതാണ് അവസാനത്തേത്. ചുറ്റിക കൊണ്ട് തലയ്ക്ക് അടിച്ച് 14 പേരെ കൊലപ്പെടുത്തിയ സീരിയല്‍ കില്ലര്‍ റിപ്പര്‍ ചന്ദ്രനെ 32 വര്‍ഷം മുമ്പ് തൂക്കിലേറ്റിയ ശേഷം കേരളത്തില്‍ ഇതുവരെ ഒരു വധശിക്ഷ പോലും കേരളം നടത്തിയിട്ടില്ല. ഇതിന് ശേഷം പല കോടതികളും വധശിക്ഷ വിധിച്ചിട്ടുണ്ടെങ്കിലും ശിക്ഷ നടപ്പാക്കിയിട്ടില്ല.

കേരളത്തില്‍ രണ്ട് ജയിലുകള്‍ തൂക്കികൊല നടപ്പാക്കാനുള്ള സൗകര്യമുണ്ട്. കേരള സംസ്ഥാനം രൂപീകരിക്കപ്പെട്ട ശേഷം ഈ രണ്ടു ജയിലുകളിലുമായി ആകെ തൂക്കിലേറ്റപ്പെട്ടത് 26 കുറ്റവാളികളാണ്. പലരുടെയും വധശിക്ഷ അപ്പീല്‍ കോടതികള്‍ ജീവപര്യന്തമാക്കി ഇളവ് ചെയ്തു. ഇപ്പോള്‍ കേരളത്തിലെ ജയിലുകളില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ടു കഴിയുന്നത് 16 പേര്‍ ആണ്. ഒമ്പത് പേര്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലിലും മറ്റ് ഏഴു പേര്‍ വിയ്യൂര്‍, കണ്ണൂര്‍ സെന്‍ട്രല്‍ ജയിലുകളിലുമാണ്.

നിയമ വിദ്യാര്‍ഥിയെ കൊലപ്പെടുത്തിയ അമീറുല്‍ ഇസ്ലാമും ആറ്റിങ്ങല്‍ ഇരട്ടക്കൊലക്കേസിലെ നിനോ മാത്യുവും ഇക്കൂട്ടത്തിലുണ്ട്. അതേസമയം വധശിക്ഷയ്ക്ക് വിധിച്ചാലും പിന്നീടും അപ്പീലും ദയാഹര്‍ജിയും നല്‍കാന്‍ പ്രതിക്ക് അവസരം ഉണ്ട്. രാഷ്ട്രപതിക്കുള്ള ദയാഹര്‍ജിയും നിരസിക്കപെട്ടാല്‍ മാത്രമാണ് കൊലയാളിക്ക് തൂക്കുമരത്തിലേക്ക് നടക്കേണ്ടി വരിക. വധശിക്ഷ വിധിക്കപ്പെട്ട ഒട്ടേറെ പ്രതികളുടെ ശിക്ഷ വര്‍ഷങ്ങളായി ഇന്ത്യയില്‍ നടപ്പാക്കപ്പെട്ടിട്ടും ഇല്ല.

2008 ലെ മുംബൈ സ്‌ഫോടനക്കേസ് പ്രതി അജ്മല്‍ കസബിന്റെ വധിക്ഷയാണ് ഇന്ത്യയില്‍ വേഗത്തില്‍ നടപ്പാക്കിയ ശിക്ഷാനടപടി. 2010 മേയില്‍ വിചാരണ കോടതിയാണ് കസബിന്റെ വധശിക്ഷ വിധിച്ചത്. ഹൈക്കോടതിയും സുപ്രീംകോടതിയും ശരിവച്ച വധശിക്ഷ രാഷ്ട്രപതി ദയാഹര്‍ജി തള്ളിയതോടെ 2012 ആഗസ്റ്റ് 21 നു പുലര്‍ച്ചെ വിധി നടപ്പാക്കി. എന്നാല്‍ ഇന്ത്യയെതന്നെ നടുക്കിയ ഡല്‍ഹി നിര്‍ഭയ കേസിലെ നാലു പ്രതികളെ തൂക്കിക്കൊന്നത് ഏഴുവര്‍ഷത്തിലേറെ നടന്ന നിയമപോരാട്ടത്തിനു ശേഷമായിരുന്നു.

അപൂര്‍വങ്ങളില്‍ അപൂര്‍വമായ ആലുവ കേസില്‍ വധശിക്ഷ നടപ്പക്കാനുള്ള സാദ്ധ്യത ഏറെയാണ്. പ്രതി അപ്പീല്‍ നല്‍കിയാല്‍തന്നെ. ഹൈക്കോടതിയും സുപ്രീംകോടതിയും തീരുമാനം വൈകിപ്പിക്കില്ല. രാഷ്ട്രപതികൂടി ദയാഹര്‍ജി തള്ളിയാല്‍, ശിക്ഷ നടപ്പാക്കാന്‍ വഴിയൊരുങ്ങും.