Crime

സോഷ്യല്‍ മീഡിയ വഴി ‘വൈഫ് സ്വാപ്പിംഗ്’ പാര്‍ട്ടി; അവിവാഹിതരായ പുരുഷന്മാര്‍ക്ക് ‘ഭാര്യ’മാരെ നല്‍കും

ചെന്നൈ: സാമൂഹ്യമാധ്യമ പ്ലാറ്റ്‌ഫോമിലൂടെ പരസ്യം നല്‍കി ‘വൈഫ് സ്വാപ്പിംഗ്’ പാര്‍ട്ടി നടത്തിയ പെണ്‍വാണിഭ സംഘത്തെ ചെന്നൈ പോലീസ് അറസ്റ്റ് ചെയ്തു. ചെന്നൈ ഈസ്റ്റ് കോസ്റ്റ് റോഡിലെ പാനയുരിലെ പോലീസാണ് സംഘത്തെ പൊളിച്ചത്. പാര്‍ട്ടി സംഘടിപ്പിച്ചതിന് എട്ടുപേരും അറസ്റ്റിലായി.

ചെന്നൈയ്ക്ക് പുറമേ കോയമ്പത്തൂര്‍, മധുരൈ, സേലം, ഈറോഡ് എന്നിവിടങ്ങളിലായി കഴിഞ്ഞ എട്ടു വര്‍ഷമായി പ്രവര്‍ത്തിച്ചു വരികയായിരുന്നു സംഘം. സെന്തില്‍കുമാര്‍, കുമാര്‍, ചന്ദ്രമോഹന്‍, ശങ്കര്‍, വേല്‍രാജ്, പേരരസന്‍, സെല്‍വന്‍, വെങ്കിടേഷ് കുമാര്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. വിവാഹം കഴിക്കാത്ത പുരുഷന്മാര്‍ക്കും ഇവര്‍ ഭാര്യമാരെ കാഴ്ച വെച്ചിരുന്നു. ‘വൈഫ് സ്വാപ്പിംഗ് പാര്‍ട്ടി’ എന്ന പേരില്‍ ഭാര്യമാരെ പങ്കുവെക്കുന്നതിനെ സംഘം പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നു.

ഈ ഗ്യാംഗ് സാമൂഹ്യമാധ്യമ പേജ് ഉണ്ടാക്കി അതിലൂടെ ഭാര്യമാരെ കൈമാറ്റം ചെയ്യുകയും ആണുങ്ങളെ വശീകരിച്ച് 13,000 രൂപ മുതല്‍ 25,000 രൂപ വരെ ഈടാക്കുകയും ചെയ്തിരുന്നു. കൂടുതല്‍ പണം നല്‍കിയാല്‍ കൂടുതല്‍ സ്ത്രീകളെ ബീച്ച് ഹൗസിലേക്കും മറ്റും സംഘടിപ്പിച്ച് കൊടുത്തിരുന്നു. ഇവര്‍ക്ക് പുറമേ 30 നും 40 ഇടയില്‍ പ്രായക്കാരായ അനേകം സ്ത്രീകളെ പോലീസ് സംഘം രക്ഷിക്കുകയും ചെയ്തു. ഇവരെല്ലാം വിവാഹിതരായ സ്ത്രീകളാണ്.

സ്വാപ്പ് പാര്‍ട്ടിയിലൂടെ വന്‍ തുക നല്‍കാമെന്ന് പ്രലോഭിപ്പിച്ചാണ് ഇവരെയെല്ലാം കൊണ്ടുവന്നത്. വീട്ടില്‍ ആള്‍ക്കാരും പാട്ടും മദ്യവും ഒക്കെ കണ്ടെത്തിയതിനെ തുടര്‍ന്ന് നാട്ടുകാര്‍ പോലീസിനെ വിളിക്കുകയായിരുന്നു. പോലീസ് ഇവിടെയെത്തിയപ്പോള്‍ കെട്ടിടത്തിന്റെ ഓരോ മുറിയിലും ഓരോ സ്ത്രീകളെയും പുരുഷന്മാരെയും കണ്ടെത്തുകയായിരുന്നു.