Celebrity Featured

ഗോപിക ഇനിയും അഭിനയിക്കുമോ ? വിവാദങ്ങള്‍… പ്രതികരണവുമായി ജിപിയും ഗോപികയും

മലയാളികളുടെ പ്രിയപ്പെട്ട അവതാരകനും, നടനുമൊക്കെയാണ് ഗോവിന്ദ് പത്മസൂര്യ. ആരാധകര്‍ താരത്തെ സ്‌നേഹത്തോടെ ജിപിയെന്നാണ് വിളിയ്ക്കുന്നത്. ഗോവിന്ദ് പത്മസൂര്യയുടേയും സീരിയല്‍ താരം ഗോപിക അനിലിന്റെയും വിവാഹനിശ്ചയം അടുത്തിടെയാണ് കഴിഞ്ഞത്. ഇരുവരുടേയും വിവാഹനിശ്ചയ ചിത്രങ്ങളും വീഡിയോകളും പുറത്ത് വന്നപ്പോള്‍ ആരാധകര്‍ക്ക് ആദ്യം അമ്പരപ്പായിരുന്നു. ഗോപികയുടെ വിവാഹനിശ്ചയത്തിന് നാല് ദിവസം മുമ്പാണ് താരം അഭിനയിക്കുന്ന സാന്ത്വനം സീരിയലിന്റെ സംവിധായകന്‍ ആദിത്യന്‍ മരണപ്പെട്ടത്. ഇതിന് പിന്നാലെ വിവാഹനിശ്ചയം നടത്തിയതിന്റെ പേരില്‍ ഗോപിക അനില്‍ വിമര്‍ശിക്കപ്പെടുകയും ചെയ്തിരുന്നു.

ഇത്രയും ജനപ്രീതി നേടിയ അഞ്ജലി എന്ന കഥാപാത്രം നല്‍കിയ സംവിധായകന്‍ അന്തരിച്ച് ദിവസങ്ങള്‍ കഴിയുമ്പോള്‍ തന്നെ എങ്ങനെ ഇത്രത്തോളം സന്തോഷവതിയായി വിവാഹനിശ്ചയം നടത്താന്‍ സാധിക്കുന്നുവെന്ന ചോദ്യമാണ് ഗോപികയ്ക്ക് നേരെ ഉയര്‍ന്നത്. മാത്രമല്ല വിവാഹം ഉറപ്പിച്ചതിനാല്‍ ഇനി ഗോപിക അഭിനയിക്കില്ലെന്നും ഗോവിന്ദ് പത്മസൂര്യ അതിന് സമ്മതിയ്ക്കില്ലെന്നുമുള്ള തരത്തിലുള്ള വാര്‍ത്തകളും വ്യാപകമായി പ്രചരിച്ചിരുന്നു. ഇപ്പോള്‍ ഇതിനൊക്കെ മറുപടിയുമായി എത്തിയിരിയ്ക്കുകയാണ് ഗോവിന്ദ് പത്മസൂര്യയും ഗോപികയും. ഗോവിന്ദ് പത്മസൂര്യയുടെ യൂട്യൂബ് ചാനലിലൂടെയാണ് ഇരുവരും തങ്ങളുടെ കണ്ടുമുട്ടലിനെ കുറിച്ചും വിവാദങ്ങളെ കുറിച്ചും പ്രതികരിച്ചത്.

” ഞങ്ങളുടെ ഫങ്ഷന്റെ നാല് ദിവസം മുമ്പാണ് സാന്ത്വനത്തിന്റെ സംവിധായകന്‍ അന്തരിക്കുന്നത്. അതൊരു വലിയ ഷോക്കായിരുന്നു. എനിക്കും വലിയൊരു ഷോക്കായിരുന്നു. തലേദിവസം ഗോപിക എന്നെ വിളിച്ച് പറഞ്ഞിരുന്നു ആദിത്യന്‍ സാര്‍ അനുഗ്രഹിക്കുകയും നിശ്ചയത്തിനുള്ള ബെസ്റ്റ് വിഷസ് പറയുകയും ചെയ്തുവെന്ന്. ഈ മരണം സംഭവിച്ച് നാല് ദിവസം കഴിഞ്ഞായിരുന്നു ഞങ്ങളുടെ എന്‍ഗേജ്‌മെന്റ്. എന്‍ഗേജ്‌മെന്റ് മാറ്റി വെക്കണോയെന്ന് വരെ ഞാന്‍ ചിന്തിച്ചിരുന്നു. ഗോപികയോട് അതേ കുറിച്ച് ചോദിച്ചിരുന്നു. പക്ഷെ എന്റെ വീട്ടിലും ഗോപികയുടെ വീട്ടിലും സംസാരിക്കുമ്പോള്‍ അവര്‍ക്ക് മാറ്റിവെക്കുന്നതിനെ കുറിച്ച് ചിന്തിക്കാന്‍ പോലും പറ്റുന്നില്ലായിരുന്നു. പിന്നെ ചടങ്ങില്‍ പങ്കെടുക്കാനായി കുറെ കാരണവന്മാരെ ക്ഷണിച്ചിരുന്നു.എന്റെ തന്നെ പല ബന്ധുക്കളും ജയ്പൂരില്‍ നിന്ന് വരെ വന്ന് കഴിഞ്ഞു. കുറെ പ്രായമുള്ളവര്‍ വരെ ഇക്കൂട്ടത്തിലുണ്ടായിരുന്നു. അവരോടൊക്കെ എന്ത് പറയും. പറഞ്ഞാല്‍ അവര്‍ക്ക് മനസിലാകുമോ എന്നൊക്കെ ചിന്തിച്ചു.

നടത്തുകയാണെങ്കില്‍ ഈ പരിപാടി പൂര്‍ണ മനസോടെ നടത്തിയിട്ടെ കാര്യമുള്ളു. അല്ലെങ്കില്‍ മാറ്റി വെക്കണം. അങ്ങനെ ആലോചിച്ചപ്പോള്‍ എനിക്ക് മനസിലായി പരിപാടിയുമായി മുന്നോട്ട് പോവുകയെ മാര്‍ഗമുള്ളൂവെന്ന്. അതൊരു വലിയ ചലഞ്ചായിരുന്നു. കാരണം ഗോപിക ആദിത്യന്‍ സാറിനെ കണ്ടിട്ട് വന്നാല്‍ ഒക്കെയാകുമെന്ന് ഞാന്‍ വിചാരിച്ചിരുന്നു. പക്ഷെ കണ്ട് വന്നശേഷവും ഒന്നര മണിക്കൂറോളം ഫോണില്‍ വിളിച്ച് ഗോപിക കരച്ചില്‍ തന്നെയായിരുന്നു. പിറ്റേദിവസവും അതേ വിഷമത്തില്‍ തന്നെയായിരുന്നു. കണ്ണടക്കുമ്പോള്‍ മനസില്‍ നിന്നും മുഖം പോകുന്നില്ലെന്നാണ് ഗോപിക പറഞ്ഞത്. പിന്നെ ഞങ്ങളുടെ സുഹൃത്തുക്കളിലായിരുന്നു എന്റെ പ്രതീക്ഷ. അവരെല്ലാം ഗോപികയുടെ വീട്ടില്‍ ചെന്ന് അവളെ ഓക്കെയാക്കി എടുത്തു” – ഗോവിന്ദ് പത്മസൂര്യ പറയുന്നു.

” എന്റെ സോഷ്യല്‍മീഡിയ പോസ്റ്റുകള്‍ക്ക് താഴെയും ഗോപിക അഭിനയം നിര്‍ത്തുകയാണോ എന്ന ചോദ്യം നിരവധി കണ്ടു. നമ്മുടെ ജീവിതത്തില്‍ സന്തോഷമുള്ള ഒരു കാര്യമല്ലേ നടന്നത്. അതിന് ഗോപിക അഭിനയം നിര്‍ത്തേണ്ട കാര്യമുണ്ടോ?. സാന്ത്വനം നിര്‍ത്തിയാല്‍ അഞ്ജലിയായി ഉണ്ടാകില്ലെന്നല്ലാതെ വിവാഹനിശ്ചയം കഴിഞ്ഞതു കൊണ്ട് ഗോപിക അഭിനയം നിര്‍ത്താന്‍ പോകുന്നില്ല. അഞ്ജലിയായി ഗോപിക നിങ്ങളുടെ മുമ്പില്‍ വരും. എങ്ങാനും നിന്ന് പോയാല്‍ അത് എടുത്ത് എന്റെ തലയില്‍ ഇടരുത്. എത്ര വേണമെങ്കിലും ഗോപിക അഭിനയിച്ചോട്ടെ. ഞാന്‍ എന്റെ പാടു നോക്കി പൊക്കോളാം ” – ഗോവിന്ദ് പത്മസൂര്യ ചിരിച്ചു കൊണ്ട് പറയുന്നു.