പ്രിയപ്പെട്ട ഒരു ഗായികയുടെ സംഗീത പരിപാടി കാണാന്‍ നിങ്ങള്‍ എത്രദൂരം വരെ പോകാന്‍ തയ്യാറാകും. മുന്‍ നിരയില്‍ ഇരിക്കാന്‍ എത്ര സമയം ചെലവഴിക്കും? എന്നാല്‍ ഹോളിവുഡ് നടിയും ഗായികയുമായ ടെയ്ലര് സ്വിഫ്റ്റിന്റെ സംഗീത പരിപാടി കാണാന്‍ അര്‍ജന്റീനയിലെ ആരാധകര്‍ കാട്ടുന്ന ഈ സാഹസം ലോകത്ത് ഒരാളും ചെയ്തേക്കാന്‍ ഇടയില്ല.
അര്‍ജന്റീനയില്‍ മൂന്ന് ഷോകളും ബ്രസീലില്‍ ആറ് ഷോകളുമായി ഈ മാസം നടക്കുന്ന ടെയ്ലര് സ്വിഫ്റ്റിന്റെ ദ ഇറാസ് ടൂര്‍ തെക്കേ അമേരിക്കയിലേക്ക് കൊണ്ടുപോകാന്‍ ഗായിക തയ്യാറെടുക്കുമ്പോള്‍ തങ്ങളുടെ പ്രിയപ്പെട്ട താരത്തെ കാണുന്നതിന് മുന്വരിയില് ഇടം നേടാന്‍ ടെന്റടിച്ചു കാത്തിരിക്കുകയാണ് അര്‍ജന്റീനയിലെ ചില കടുത്ത ആരാധകര്‍. മുന്‍നിര ടിക്കറ്റ് നേടാന്‍ പരിപാടി നടക്കുന്ന ബ്യൂണസ് ഐറിസിലെ റിവര്‍ പ്ലേറ്റ് സ്റ്റേഡിയത്തിന് പുറത്ത് അഞ്ചുമാസമായി ക്യാമ്പ് ചെയ്യുകയാണ് ഇവര്‍.
പിച്ച്ഫോര്ക്കിന്റെ ഒരു റിപ്പോര്‍ട്ട് അനുസരിച്ച്, വലിയ രാത്രിയില്‍ വാതിലുകള്‍ തുറക്കുന്നതിനായി നൂറുകണക്കിന് ആരാധകര്‍ കാത്തിരിക്കുന്നു, ഓരോരുത്തരും സ്റ്റേഡിയത്തിന് പുറത്ത് നാല് ടെന്റുകള്‍ കൈവശം വയ്ക്കുന്നു. അവരില്‍ ഭൂരിഭാഗവും യുവതികളാണ്. ഭൂരിഭാഗം ആരാധകര്‍ക്കും പൊതുവായ പ്രവേശന ടിക്കറ്റുകള്‍ ഉണ്ട്. ടെയ്ലറുടെ വലിയ വേദിയുടെ മുന്നിലും മധ്യത്തിലും കൊതിപ്പിക്കുന്ന സ്ഥലങ്ങള്‍ പിടിച്ചെടുക്കാന്‍ കഴിയുന്ന ആദ്യവരിയില്‍ സീറ്റ് നേടുകയാണ് ലക്ഷ്യം.
2023 ജൂണ്‍ മുതല്‍ സ്റ്റേഡിയത്തിന് പുറത്തുള്ള ഒരു ടെന്റില്‍ ക്യാമ്പ് ചെയ്യുകയായിരുന്നുവെന്ന് പേര് വെളിപ്പെടുത്താന്‍ താല്‍പ്പര്യമില്ലാത്ത ഒരു യുവതി വെളിപ്പെടുത്തി. പരിപാടിയുടെ ടിക്കറ്റുകള്‍ ജൂണില്‍ വില്‍പ്പനയ്ക്ക് വന്നിരുന്നു. അവ ചൂടപ്പം പോലെ വിറ്റഴിക്കപ്പെടുകയും ചെയ്തു. ബ്യൂണസ് ഐറിസിലെ ആദ്യ ഇറാസ് ടൂര്‍ ഷോ നവംബര്‍ 9 വ്യാഴാഴ്ചയും തുടര്‍ന്നുള്ള രണ്ടെണ്ണം നവംബര്‍ 10 നും നവംബര്‍ 11 നും നടക്കും.