മിനി സ്ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് ബീന ആന്റണി. മിനിസ്ക്രീനില്‍ എത്തുന്നതിന് മുന്‍പ് തന്നെ താരം ബിഗ് സ്ക്രീനില്‍ നിരവധി വേഷങ്ങളിലൂടെ തിളങ്ങിയിരുന്നു. നടന് മനോജ് നായരെയാണ് ബീന വിവാഹം ചെയ്തത്. ബാലതാരമായാണ് ബീന ആന്റണി മലയാള സിനിമയിലേക്ക് എത്തിയത്. സീരിയല്‍ മേഖലയില്‍ ഇപ്പോള്‍ അടുത്തടുത്തായി ചില മരണങ്ങള് സംഭവിച്ചിരുന്നു. അടുത്തിടെയാണ് സീരിയല്‍ താരം അപര്‍ണ ആത്മഹത്യ ചെയ്തത്. പിന്നാലെ സാന്ത്വനം സീരിയല്‍ സംവിധായകന് ആദിത്യന് ഹൃദയാഘാതം മൂലം മരിച്ചു. ഇതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസം സീരിയല്‍ താരം രഞ്ജുഷ പിറന്നാള്‍ ദിവസം തന്നെ ആത്മഹത്യ ചെയ്തത്. രഞ്ജുഷയുടെ മരണത്തിന് തൊട്ട് പിന്നാലെ പൂര്‍ണ ഗര്‍ഭിണിയായിരുന്ന സീരിയല്‍ താരം ഡോ. പ്രിയങ്ക ഹൃദയാഘാതം മൂലം മരിച്ചത്.
ഇത്രയും വിഷാദകരമായ സാഹചര്യത്തില്‍ ഈ മരണങ്ങളെയൊക്കെ കൂടുതല്‍ വേദനിപ്പിയ്ക്കുന്ന തരത്തിലുള്ള രീതിയിലാണ് പല യൂട്യൂബ് ചാനലുകളുടേയും തമ്പ്നെയിലുകളെന്നും അവര്‍ പറയുന്ന കാര്യങ്ങളെന്നും പറയുകയാണ് ബീന ആന്റണി. സ്വന്തം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയിലൂടെയായിരുന്നു ബീന ആന്റണിയുടെ പ്രതികരണം. ” രണ്ട് ദിവസമായി ഒരു വീഡിയോ ഇടണെമെന്ന് വിചാരിക്കുകയായിരുന്നു. പിന്നെ ഞാന്‍ വേണ്ടായെന്ന് വെച്ചു. പക്ഷെ ചില വീഡിയോകള്‍ കണ്ടശേഷം ഒരു വീഡിയോ തീര്‍ച്ചയായും ഇടണമെന്ന് തീരുമാനിച്ചു. കഴിഞ്ഞ കുറച്ച് നാളുകളായി സീരിയല്‍ ഇന്‍ഡസ്ട്രിയില്‍ അടിക്കടി ദുരന്തങ്ങള്‍ വന്നു കൊണ്ടിരിക്കുകയാണെന്ന കാര്യം എല്ലാവര്ക്കും അറിയാം. അപര്‍ണയുടെയും രഞ്ജുഷയുടെ മരണം അവര്‍ സ്വയം തെരഞ്ഞെടുത്തതാണ്. ആദിത്യന് സാറിന്റെ മരണം ഭയങ്കര ഷോക്കിങായിരുന്നു. അതുപോലെ തന്നെ ഡോ. പ്രിയങ്കയുടെ മരണവും വളരെ അധികം വേദനിപ്പിച്ചു. കാരണം മരിക്കുമ്പോള്‍ പ്രിയങ്ക എട്ട് മാസം ഗര്‍ഭിണിയായിരുന്നു.
എന്നെ ഒക്കെ സംബന്ധിച്ച് ഇത്തരം മരണ വാര്‍ത്തകള്‍ കേട്ടാല്‍ പെട്ടന്ന് ഡെസ്പ്പാകും. എസ്പിബി സാറിന്റെ മരണ വാര്‍ത്ത അറിഞ്ഞശേഷം രണ്ട് ദിവസം ഭക്ഷണം പോലും കഴിക്കാന്‍ പറ്റാത്ത തരത്തില്‍ സങ്കടമായിരുന്നു. രഞ്ജുഷയുടെ മരണം അറിഞ്ഞപ്പോള്‍ സത്യം പറഞ്ഞാല്‍ ഞെട്ടി. താരോത്സവം ചെയ്യുന്ന സമയത്ത് രഞ്ജുഷ ഞങ്ങള്‍ക്കൊപ്പമായിരുന്നു. നല്ലൊരു ആത്മബന്ധം രഞ്ജുഷയുമായി ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ യുട്യൂബ് ചാനലുകള്‍ എന്റെയും രഞ്ജുഷയുടെയും ഫോട്ടോയൊക്കെ ചേര്‍ത്ത് വെച്ച് ചില മോശം തമ്പ് നെയിലുകള്‍ ഇടുന്നത് കാണുമ്പോള്‍ വിഷമം തോന്നും. രഞ്ജുഷയുടെ ആദ്യത്തെ വിവാഹത്തില്‍ ഞാനും മനുവും പങ്കെടുത്തിരുന്നു. ഈ അടുത്ത കാലത്തും ഞാന്‍ അവളോട് സംസാരിച്ചിരുന്നു. അതുകൊണ്ട് തന്നെ അവളുടെ മരണ വാര്‍ത്ത കേട്ട് ഞെട്ടി. സീരിയലില്‍ അഭിനയിക്കുന്ന മുഴുവന്‍ ആളുകളുടെയും ഹിസ്റ്ററി നമുക്ക് അറിയാന്‍ പറ്റില്ല. ലൊക്കേഷനില്‍ കാണുമ്പോള്‍ ചിരിക്കും കളിക്കും. അതിനും അപ്പുറം അവരുടെ ഉള്ളില്‍ എന്താണ്… അവരുടെ പ്രശ്നം എന്താണെന്ന് നമുക്ക് ഒരിക്കലും അറിയാന്‍ പറ്റില്ല.
അതുപോലെ തന്നെ എന്റെ പ്രശ്നങ്ങള്‍ എന്നോട് വളരെ അടുത്ത് നില്ക്കുന്ന ആത്മമിത്രങ്ങള്‍ക്ക് മാത്രമെ അറിയാന്‍ സാധിക്കു. രഞ്ജുഷയോട് അടുത്ത് നില്‍ക്കുന്നവര്‍ക്ക് പോലും എന്തിന് അവള് ഇത് ചെയ്തുവെന്ന് അറിയില്ല. പറഞ്ഞ് കേള്‍ക്കുന്നത് മാത്രമെ നമുക്കും അറിയൂ. എന്നിട്ടും ഓരോരുത്തര് ഇടുന്ന തമ്പ്നെയില്‍ കാണുമ്പോള്‍ സങ്കടം തോന്നും. കാരണം അവളുടെ വീട്ടുകാരും ഇതൊക്കെ കാണുകയല്ലേ. അവര്‍ വിചാരിക്കില്ലേ ബീന ആന്റണി എന്റെ മകളെ കുറിച്ച് എന്തൊക്കെയാണ് പറഞ്ഞിരിക്കുന്നതെന്ന്. എല്ലാവരും അവരുടെ പ്രശ്നങ്ങള്‍ നമ്മളുമായി ഡിസക്സ് ചെയ്യുമോ? അത് കോമണ്‍ സെന്‍സ് ഉപയോഗിച്ച് ചിന്തിച്ചൂടെ.
രഞ്ജുഷയ്ക്കും പങ്കാളിക്കും ലിവിങ് ടുഗെതര്‍… ഇരുവരുടെയും ജീവിതത്തില്‍ സംഭവിച്ചത്… ഗുരുതര ആരോപണവുമായി ബീന ആന്റണി രംഗത്ത് എന്നാണ് ഒരു യുട്യൂബ് ചാനലിന്റെ തമ്പ്നെയില്‍ വന്നത്.’ ദയവ് ചെയ്ത് ഇങ്ങനെയുള്ള തമ്പ്നെയിലുകള് ഇട്ട് തെറ്റിദ്ധരിപ്പിക്കരുത്. മരിച്ച വീട്ടിലും വന്ന് സീരിയല്‍ അഭിനയം എന്നൊക്കെയാണ് കമന്റുകള്‍. എല്ലാം കണ്ടപ്പോള്‍ വല്ലാത്ത സങ്കടം തോന്നി. ഇനി ഇത്തരം തമ്പ്നെയിലിട്ട് വേദനിപ്പിക്കരുത്. ഇത് എന്റെ അപേക്ഷയാണ് ” – ബീന ആന്റണി വീഡിയോയില്‍ പറഞ്ഞു.




