Featured Sports

വില കേട്ടാൽ ഞെട്ടും! ഫിഫ ലോകകപ്പ് ട്രോഫിയിലെ തങ്കത്തിന്റെ മൂല്യം 6.73 കോടി, 2022-ന് ശേഷം മൂല്യം ഇരട്ടിയായി!

ന്യൂയോർക്ക്: കഴിഞ്ഞ കുറച്ചുകാലമായി ആഗോളവിപണിയിൽ സ്വർണവില വലിയ തോതിൽ കുതിച്ചുയരുകയാണ്. സ്വർണവിലയിലുണ്ടായ ഈ റെക്കോർഡ് വർധനവ് കായികലോകത്തെ ഏറ്റവും ജനപ്രിയമായ ഫിഫ ലോകകപ്പ് ട്രോഫിയുടെ മൂല്യത്തിലും വൻ വർധനവാണ് ഉണ്ടാക്കിയിരിക്കുന്നത്.

സാമ്പത്തിക വിപണി ദാതാക്കളായ എൽഎസ്ഇജിയുടെ ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം, 2022-ലെ ഖത്തർ ലോകകപ്പിന് ശേഷം ഫിഫ ട്രോഫിയുടെ മൂല്യം ഇരട്ടിയിലധികമായാണ് വർധിച്ചത്. നിലവിൽ ഈ ട്രോഫിയിലെ സ്വർണത്തിന് മാത്രം ഏകദേശം 713,000 യുഎസ് ഡോളർ (ഏകദേശം 6.73 കോടി രൂപ) മൂല്യമുണ്ട്. ആഗോളതലത്തിലെ രാഷ്ട്രീയ സംഘർഷങ്ങൾ, വ്യാപാര അനിശ്ചിതത്വങ്ങൾ, സാമ്പത്തിക മാന്ദ്യം എന്നിവയാണ് സ്വർണവില കുതിച്ചുയരാൻ കാരണമായത്. ആകെ 6.175 കിലോഗ്രാം ഭാരമുള്ള ഫിഫ ലോകകപ്പ് ട്രോഫിയിൽ 4.93 കിലോഗ്രാമും ശുദ്ധമായ 18 കാരറ്റ് സ്വർണമാണ്. അന്താരാഷ്ട്ര വിപണിയിലെ വിലക്കയറ്റം കാരണം 2022-ന് ശേഷമുള്ള ഈ ചുരുങ്ങിയ കാലയളവിലാണ് ട്രോഫിയുടെ മൂല്യം ഇരട്ടിയായി മാറിയത്.

18 കാരറ്റ് സ്വർണത്തിൽ നിർമിച്ച ഫിഫ ട്രോഫി ലോകത്തിലെ തന്നെ ഏറ്റവും വിലപിടിപ്പുള്ള കായിക ട്രോഫികളിലൊന്നായാണ് കണക്കാക്കപ്പെടുന്നത്. മുൻകാലങ്ങളെ അപേക്ഷിച്ച് ഈ ട്രോഫിയുടെ സ്വർണമൂല്യത്തിൽ വലിയ മാറ്റമാണ് വന്നിട്ടുള്ളത്. 1974-ൽ ഈ പുതിയ ഡിസൈൻ ആദ്യമായി അവതരിപ്പിച്ചപ്പോൾ ഇതിന്റെ മൂല്യം ഏകദേശം 25,000 ഡോളർ (ഏകദേശം 23.61 ലക്ഷം രൂപ) മാത്രമായിരുന്നു. എന്നാൽ 2022-ൽ അർജന്റീന കിരീടം ഉയർത്തിയപ്പോൾ ഇതിന്റെ മൂല്യം 277,000 ഡോളർ (ഏകദേശം 2.61 കോടി രൂപ) ആയി ഉയർന്നിരുന്നു. കായികലോകത്ത് ശുദ്ധമായ സ്വർണത്തിൽ നിർമിച്ച ഏക പ്രമുഖ ട്രോഫിയും ഫിഫ ലോകകപ്പ് കിരീടമാണ്.

മറ്റ് പ്രമുഖ കായിക ട്രോഫികളൊന്നും സ്വർണ്ണത്തിൽ നിർമ്മിച്ചവയല്ല. അതുകൊണ്ട് തന്നെ ഉരുക്കിയാൽ ലഭിക്കുന്ന മൂല്യത്തിന്റെ (മെൽറ്റ് വാല്യൂ) കാര്യത്തിൽ ലോകകപ്പ് ട്രോഫിക്ക് പകരക്കാരുമില്ല. വെള്ളിയിൽ (സ്റ്റെർലിംഗ് സിൽവർ) നിർമ്മിച്ച യുവേഫ ചാമ്പ്യൻസ് ലീഗ്, യൂറോപ്പ ലീഗ് ട്രോഫികളുടെ ഉരുക്കിയാലുള്ള ഏകദേശ മൂല്യം യഥാക്രമം 16,950 യുഎസ് ഡോളറും 22,600 യുഎസ് ഡോളറുമാണ്.

അമേരിക്കൻ കായിക ട്രോഫികളിൽ, ഇൻഡ്യാനാപോളിസ് 500 കാറോട്ട മത്സരത്തിലെ വിജയികൾക്ക് നൽകുന്ന ‘ബോർഗ്-വാർണർ ട്രോഫി’യാണ് ഏറ്റവും മൂല്യമേറിയതും ഭാരമേറിയതും. 1.62 മീറ്റർ ഉയരമുള്ള ഈ ട്രോഫിയിൽ 69 കിലോഗ്രാമോളം വെള്ളിയുണ്ട്, ഇതിന്റെ മൂല്യം ഏകദേശം 1,56,000 യുഎസ് ഡോളറാണ്. പ്രീക്നസ് സ്റ്റേക്സ് വിജയിക്ക് നൽകുന്ന വുഡ്‌ലോൺ വേസിന് 24,860 യുഎസ് ഡോളറും, സൂപ്പർ ബൗൾ ചാമ്പ്യന്മാർക്ക് നൽകുന്ന വിൻസ് ലൊംബാർഡി ട്രോഫിക്ക് 7,230 യുഎസ് ഡോളറും മാത്രമാണ് ഉരുക്കിയാലുള്ള മൂല്യം.

അമേരിക്കയിൽ ജൂൺ 11-ന് ആരംഭിച്ച 2026 ഫിഫ ലോകകപ്പിൽ, കഴിഞ്ഞ തവണത്തെ 32 ടീമുകളിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ 48 ടീമുകളാണ് മാറ്റുരയ്ക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *