നടി ട്വിഷാ ശർമ്മയുടെ മരണവും അതിനെത്തുടർന്നുണ്ടായ ‘370 രൂപയുടെ ബിരിയാണി’ വിവാദവും സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. ഭോപ്പാലിലെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ ട്വിഷായുടെ മരണത്തെക്കുറിച്ചുള്ള അന്വേഷണം തുടരുകയാണ്. ഇതിനിടയിലാണ് ഒരു കോമഡി ഷോയിലെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായത്.
ഒരു പെൺകുട്ടിയുമായി ഡേറ്റിംഗിന് പോയപ്പോൾ ബിരിയാണിക്കായി ചെലവാക്കിയ 370 രൂപ തിരികെ വേണമെന്ന് ഒരു യുവാവ് ഇതിൽ പറയുന്നുണ്ട്. ഈ രണ്ട് സംഭവങ്ങളുടെയും പശ്ചാത്തലത്തിലാണ് പ്രമുഖ റിലേഷൻഷിപ്പ് കോച്ചായ ചേതന ചക്രവർത്തി, ഇന്ത്യൻ പുരുഷന്മാരെ വിവാഹം കഴിക്കുകയോ അവരുമായി പ്രണയത്തിലാവുകയോ ചെയ്യരുതെന്ന് സ്ത്രീകളെ ഉപദേശിച്ചുകൊണ്ട് രംഗത്തെത്തിയത്.
സ്ത്രീധന പീഡന മരണങ്ങളും ഗാർഹിക പീഡനങ്ങളും ലക്ഷക്കണക്കിന് റിപ്പോർട്ട് ചെയ്യപ്പെടുന്ന ഒരു രാജ്യത്ത്, സ്ത്രീകൾ വിവാഹം കഴിക്കാതെ ഒറ്റയ്ക്ക് ജീവിക്കുന്നതാണ് നല്ലതെന്നാണ് ഇൻസ്റ്റാഗ്രാം വീഡിയോയിലൂടെ അവർ വ്യക്തമാക്കിയത്. മോശം സ്വഭാവമുള്ള അമ്മായിയമ്മമാരും ഉപദ്രവിക്കുന്ന ഭർത്താക്കന്മാരും ഉള്ള ഈ നാട്ടിൽ, ഒരു ബിരിയാണി വാങ്ങിനൽകിയാൽ പെൺകുട്ടിയുടെ മേൽ തനിക്ക് അവകാശമുണ്ടെന്ന് കരുതുന്ന ആൺകുട്ടികളാണ് ഉള്ളതെന്ന് അവർ വിമർശിച്ചു.
സമ്മതം (consent) എന്ന വാക്കിന്റെ അർത്ഥം പോലും അറിയാത്ത ഇന്ത്യൻ പുരുഷന്മാരെ വിവാഹം കഴിക്കാതിരിക്കാൻ സ്ത്രീകൾ തയ്യാറാകണമെന്നും അവർ കൂട്ടിച്ചേർത്തു. കഴിഞ്ഞ 15 വർഷമായി ഈ രംഗത്ത് പ്രവർത്തിക്കുന്ന ആളെന്ന നിലയിലാണ് താൻ ഇത് പറയുന്നതെന്നും, തന്റെ അടുക്കൽ വരുന്ന കേസുകൾ അത്രത്തോളം ഭീകരമാണെന്നും അവർ വെളിപ്പെടുത്തി.
2024-ൽ അയ്യായിരത്തിലധികം സ്ത്രീധന മരണങ്ങളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. പ്രതിവർഷം ഒന്നര ലക്ഷത്തോളം ഗാർഹിക പീഡനക്കേസുകളും ഉണ്ടാകുന്നു. കോമഡി ഷോകളിൽ പോലും സ്ത്രീകൾ തങ്ങൾക്ക് വഴങ്ങിത്തരേണ്ടവരാണെന്ന രീതിയിലാണ് പുരുഷന്മാർ സംസാരിക്കുന്നത്. ഇത്തരം കാരണങ്ങൾ കൊണ്ടാണ് സ്ത്രീകൾ ഒറ്റയ്ക്ക് ജീവിക്കുന്നതാണ് നല്ലതെന്ന് താൻ പറയുന്നതെന്നും ചേതന കുറിച്ചു.
വീഡിയോ വൈറലായതോടെ നിരവധിയാളുകൾ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തെത്തി. ഇന്ത്യൻ പുരുഷനെ വിവാഹം കഴിച്ച് 12 വർഷമായ ഒരു സ്ത്രീ തങ്ങളുടെ മകളെ ഒരിക്കലും ഒരു ഇന്ത്യൻ പുരുഷന് വിവാഹം കഴിച്ചു കൊടുക്കില്ലെന്ന് കമന്റ് ചെയ്തു. വിവാഹമോചനത്തിന് ശേഷവും കുട്ടികൾ ഉള്ളതിനാൽ താൻ ഇപ്പോഴും ബുദ്ധിമുട്ടുകയാണെന്നും, ഇതിലും നല്ലത് ഐവിഎഫ് (IVF) വഴി കുട്ടികളെ വളർത്തുന്നതാണെന്നും മറ്റൊരു സ്ത്രീ കുറിച്ചു.
എന്നാൽ ഈ പൊതു പ്രസ്താവനയോട് വിയോജിപ്പ് പ്രകടിപ്പിച്ചവരും കുറവല്ല. റഷ്യൻ സ്വദേശിയായ ഒരു യുവതി താൻ ഇപ്പോൾ ഒരു ഇന്ത്യൻ പുരുഷനുമായി പ്രണയത്തിലാണെന്നും, താൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച വ്യക്തിയാണെന്നും കുറിച്ചു. എല്ലാ പുരുഷന്മാരെയും ഒരേ രീതിയിൽ കാണുന്നത് അപകടകരമാണെന്ന് മറ്റൊരു മെക്സിക്കൻ യുവതി അഭിപ്രായപ്പെട്ടു. താൻ ഒരു പഞ്ചാബി വ്യക്തിയെ വിവാഹം കഴിച്ച് 22 വർഷമായി സന്തോഷത്തോടെ ജീവിക്കുകയാണെന്നും, പരസ്പര സ്നേഹവും തമാശകളുമാണ് തങ്ങളുടെ ബന്ധത്തിന്റെ വിജയമെന്നും അവർ കൂട്ടിച്ചേർത്തു.




