Oddly News

കളിപ്പാട്ടമല്ല മോനേ ! അമ്മയുടെ ആപ്പിൾ ഫോൺ തടാകത്തിലെറിഞ്ഞ് കുട്ടി, ഒപ്പം സുരക്ഷാ വിവാദവും- വീഡിയോ

ബോട്ട് യാത്രയ്ക്കിടെ കുട്ടി അമ്മയുടെ ഐഫോൺ തടാകത്തിലേക്ക് വലിച്ചെറിഞ്ഞ സംഭവം സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. കൗതുകവും അമ്പരപ്പും നിറഞ്ഞ ഈ വീഡിയോ ഇതിനകം ദശലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്. വീഡിയോയിൽ കുട്ടി ഫോണും പിടിച്ച് ബോട്ടിൽ ശാന്തമായി ഇരിക്കുന്നത് കാണാം.

എന്നാൽ പെട്ടെന്നാണ് ആരും പ്രതീക്ഷിക്കാത്ത വണ്ണം കുട്ടി ഫോൺ വെള്ളത്തിലേക്ക് ഇടുന്നത്. നിമിഷങ്ങൾക്കകം ഫോൺ വെള്ളത്തിനടിയിലേക്ക് താഴ്ന്നുപോയി. ഇതുകണ്ട് അമ്മ ഫോൺ വീണ്ടെടുക്കാന്‍ ശ്രമിച്ചെങ്കിലും സമയം വൈകിപ്പോയിരുന്നു. മുന്നറിയിപ്പുമില്ലാതെ കുട്ടി ചെയ്ത ഈ പ്രവൃത്തിയാണ് വീഡിയോ പെട്ടെന്ന് വൈറലാകാൻ കാരണം.

ഈ വീഡിയോയോട് സമ്മിശ്ര പ്രതികരണങ്ങളാണ് ആളുകളിൽ നിന്ന് ലഭിക്കുന്നത്. കുട്ടിയുടെ പ്രവൃത്തിയെ തമാശയായി കണ്ട് ചിലർ കമന്റ് ചെയ്തപ്പോൾ, മൊബൈൽ ഫോണുകൾ കുട്ടികൾക്ക് നൽകുന്ന മാതാപിതാക്കളുടെ തെറ്റാണ് ഇതെന്നാണ് മറ്റു ചിലർ പറയുന്നത്. വെള്ളത്തിൽ ഇട്ടാൽ എന്ത് സംഭവിക്കുമെന്ന് അറിയാനുള്ള കുട്ടിയുടെ ജിജ്ഞാസയാകാം ഇതെന്നും, ഭാവിയിലെ ഒരു ശാസ്ത്രജ്ഞനെ നമ്മൾ കാണാതെ പോകരുതെന്നും ചിലർ തമാശയായി കുറിച്ചു. സ്മാർട്ട്‌ഫോൺ വിപണിയിൽ ഐഫോൺ വലിയ ചലനം (splash) സൃഷ്ടിക്കുമെന്ന് കേട്ട കുട്ടി, അത് നേരിട്ട് കാണാൻ ശ്രമിച്ചതാണെന്നായിരുന്നു മറ്റൊരു രസകരമായ കമന്റ്.

എന്നാൽ തമാശകൾക്കപ്പുറം, കുട്ടി ബോട്ട് യാത്രയിൽ ലൈഫ് ജാക്കറ്റ് ധരിച്ചിരുന്നില്ല എന്ന ഗുരുതരമായ സുരക്ഷാ പ്രശ്നവും പലരും ചൂണ്ടിക്കാണിക്കുന്നുണ്ട്. നീന്തൽ അറിയാമെങ്കിലും കുട്ടികൾ ബോട്ടിൽ കയറുമ്പോൾ ലൈഫ് ജാക്കറ്റ് ധരിക്കണമെന്ന് സുരക്ഷാ വിദഗ്ദ്ധർ ഓർമ്മിപ്പിക്കുന്നു. പുതിയ ഐഫോണുകൾക്ക് വാട്ടർ റെസിസ്റ്റൻസ് ശേഷി ഉണ്ടെങ്കിലും, തടാകത്തിലെ ആഴവും ചെളിയും കാരണം ഫോൺ കേടാകാൻ സാധ്യതയുണ്ട്. വെള്ളത്തിൽ വീണ ഫോൺ പിന്നീട് കണ്ടെത്താൻ കഴിഞ്ഞോ എന്ന കാര്യം വ്യക്തമല്ല.

Leave a Reply

Your email address will not be published. Required fields are marked *