Sports

അഫ്ഗാനിസ്ഥാനിന്റെ പടയോട്ടത്തിന് പിന്നിലെ ഈ പാതിമലയാളിയെ അറിയാമോ?

ശ്രീലങ്കയ്‌ക്കെതിരേയുള്ള വിജയം അഫ്ഗാനിസ്ഥാന് നല്‍കുന്ന പ്രതീക്ഷ ചില്ലറയല്ല. ഇതുവരെ അവര്‍ കളിച്ച ലോകകപ്പുകളില്‍ ഏറ്റവും മികച്ച പടയോട്ടമാണ് അവര്‍ ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഇതുവരെ മൂന്ന് വിജയം നേടിയ അവര്‍ സെമിയിലേക്ക് ഉറ്റു നോക്കുകയാണ്. അതേസമയം അഫ്ഗാനിസ്ഥാന്റെ ഈ വിജയങ്ങള്‍ക്ക് പിന്നില്‍ കോച്ചിംഗ് സ്റ്റാഫുകള്‍ക്കൊപ്പം ഒരു ഇന്ത്യാക്കാരന്റെയൂം കയ്യുണ്ട്. മൂന്‍ ഇന്ത്യന്‍ നായകനും ഓള്‍റൗണ്ടറുമായിരുന്ന അജയ് ജഡേജ അഫ്ഗാനിസ്ഥാന്‍ ടീമിന്റെ ഉപദേശകനാണ്. ജഡേജ പാതി മലയാളയാണ്. അമ്മ ആലപ്പുഴക്കാരിയാണ്. പിതാവ് രാജകുടുംബാംഗവും മൂന്നു തവണ എം.പി.യുമായിരുന്ന ദൗലത് സിംഗ്ജി ജഡേജയും.

ലോകകപ്പിന് മുന്നോടിയായി അഫ്ഗാനിസ്ഥാന്‍ എടുത്ത വലിയ തീരുമാനങ്ങളില്‍ ഒന്നായിരുന്നു അജയ് ജഡേജയെ അവരുടെ ഉപദേശകനാക്കിയത്. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനെ സൈന്‍ ചെയ്യാനുള്ള തീരുമാനം ശരിവെച്ച് വലിയ വിജയം നേടി അഫ്ഗാനിസ്ഥാന്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കുകയാണ്. 2019 ലോകകപ്പിന് മുമ്പ് രണ്ട് ലോകകപ്പുകളില്‍ അഫ്ഗാനിസ്ഥാന് ഒരു വിജയം മാത്രമാണ് നേടിയത്. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന എഡിഷനില്‍ മൂന്ന് മത്സരങ്ങള്‍ ജയിച്ച അവര്‍ സെമിഫൈനലിലേക്ക് യോഗ്യത നേടാനുള്ള മത്സരത്തിലാണ്.

2023 ലോകകപ്പില്‍ അഫ്ഗാനിസ്ഥാന്‍ തങ്ങളുടെ വിജയ കുതിപ്പ് തുടരുകയും ശ്രീലങ്കയ്ക്കെതിരായ 242 റണ്‍സ് വിജയലക്ഷ്യം അനായാസം പിന്തുടരുകയും ചെയ്തു. ഹഷ്മത്തുള്ള ഷാഹിദിയുടെ നേതൃത്വത്തിലുള്ള ടീമിന് മൂന്ന് വിക്കറ്റ് മാത്രമാണ് നഷ്ടമായത്. 45.2 ഓവറില്‍ അവര്‍ കളി അവസാനിപ്പിച്ചു. കളിക്കളത്തിലെ വിജയത്തിന്റെ ഭൂരിഭാഗം ക്രെഡിറ്റും കളിക്കാര്‍ അര്‍ഹിക്കുന്നുണ്ടെങ്കിലും കോച്ചിംഗ് സ്റ്റാഫും ഒരു പ്രധാന പങ്ക് വഹിക്കുന്നു.

ഇന്ത്യയുടെ മൂന്‍ നായകനായ അജയ് ജഡേജ 13 ഏകദിനങ്ങളില്‍ മെന്‍ ഇന്‍ ബ്ലൂ ടീമിനെ നയിച്ചയാളാണ്. അദ്ദേഹത്തിനു കീഴില്‍ ഇന്ത്യ 8 മത്സരങ്ങള്‍ ജയിക്കുകയും 5 തോല്‍വികള്‍ ഏറ്റുവാങ്ങുകയും ചെയ്തു. നീണ്ട അന്താരാഷ്ട്ര കരിയറില്‍ 196 ഏകദിനങ്ങള്‍ കളിച്ചു. 37.47 ശരാശരിയില്‍ 5359 റണ്‍സും നേടിയിട്ടുണ്ട് ഈ വലംകൈയ്യന്‍ ബാറ്റ്‌സ്മാന്റെ പേരില്‍ ആറ് സെഞ്ച്വറികളുമുണ്ട്.. 15 ടെസ്റ്റ് മത്സരങ്ങളും ജഡേജ കളിച്ചിട്ടുണ്ട്. റെഡ് ബോള്‍ ക്രിക്കറ്റില്‍ 26.18 ന് 576 റണ്‍സ് നേടി. 2013 നവംബറിലാണ് ജഡേജ തന്റെ അവസാന മത്സരം കളിച്ചത്.

വിരമിച്ച ശേഷം അദ്ദേഹം ക്രിക്കറ്റ് വിദഗ്ദ്ധനായും കമന്റേറ്ററായും പതിവ് മുഖമാണ്. അജയ് ജഡേജ അഫ്ഗാന്‍ ടീമിന്റെ പരിശീലകനല്ല. ഉപദേശകനാണ്. കളിക്കാരുമായി വ്യക്തിപരമായി ഇടപെട്ട് ഗെയിമിന്റെ മനഃശാസ്ത്രപരമായ വശങ്ങളില്‍ പ്രവര്‍ത്തിക്കുക എന്നതാണ് ഇദ്ദേഹം ചെയ്യുന്ന ജോലി. അഫ്ഗാനിസ്ഥാന്റെ ഭൂരിഭാഗം കളിക്കാരും ആദ്യമായി ഇന്ത്യയില്‍ കളിക്കുകയാണ്. ജഡേജയുടെ അറിവ് അവര്‍ക്ക് അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ പര്യാപ്തമായിരിക്കുകയാണ്. ടൂര്‍ണമെന്റില്‍ ചില വലിയ വിജയങ്ങള്‍ നേടിയ അഫ്ഗാനിസ്ഥാനില്‍ ജഡേജ എപ്പോഴും ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു.

”ലോകകപ്പില്‍ മത്സരിക്കുന്ന മിക്ക ടീമുകള്‍ക്കും 100-150 വര്‍ഷത്തെ ക്രിക്കറ്റ് പാരമ്പര്യമുണ്ട്, അഫ്ഗാനിസ്ഥാന്‍ വെറും 20 വര്‍ഷമായി ക്രിക്കറ്റ് രംഗത്തുണ്ട്. കഴിഞ്ഞ കാലങ്ങളില്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടത്തി മത്സരങ്ങളില്‍ വിജയിക്കുന്നതിന് അടുത്തെത്തിയിട്ടുണ്ട്. എല്ലാവരും അവരെ പലപ്പോഴും അണ്ടര്‍ഡോഗ് എന്ന് മുദ്രകുത്തുന്നു, പക്ഷേ അവര്‍ വലിയ ടീമുകളെ പരാജയപ്പെടുത്തുന്ന ദിവസം വരും. പ്രധാന ക്രിക്കറ്റ് രാജ്യങ്ങളില്‍ അവരും സ്ഥാനം നേടും.” ലോകകപ്പിന് മുമ്പ് ജഡേജ പറഞ്ഞിരുന്നു.

ആറ് മത്സരങ്ങളില്‍ നിന്ന് മൂന്ന് ജയവുമായി അഫ്ഗാനിസ്ഥാന്‍ പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ്. സെമിഫൈനലിന് യോഗ്യത നേടുന്നതിന് അവര്‍ക്ക് ബാക്കിയുള്ള എല്ലാ മത്സരങ്ങള്‍ ജയിക്കുകയും മറ്റ് മത്സരങ്ങളുടെ ഫലങ്ങള്‍ പ്രതീക്ഷിക്കുകയും വേണം. നവംബര്‍ 3, 7, 10 തീയതികളില്‍ യഥാക്രമം നെതര്‍ലന്‍ഡ്സ്, ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക എന്നിവരെയാണ് അഫ്ഗാനിസ്ഥാന്‍ നേരിടേണ്ടത്.