Celebrity

പാർട്ടികളിൽ പങ്കെടുക്കാൻ 20 ലക്ഷം, റീലിന് 76 ലക്ഷം ! ഇന്റർനെറ്റ് തരംഗമായ ഓറിയുടെ പ്രതിഫലം കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

ഇന്റർനെറ്റ് തരംഗമായ ഓറി തന്റെ വരുമാനത്തെക്കുറിച്ചും ജീവിതരീതിയെക്കുറിച്ചും മനസ്സ് തുറക്കുന്നു. പ്രമുഖ വ്യക്തികളുടെ പാർട്ടികളിലും വലിയ പരിപാടികളിലും സ്ഥിരം സാന്നിധ്യമായ ഓറി, കാവ്യ കർണാട്ടക് നടത്തുന്ന Learn By KK podcast എന്ന പോഡ്‌കാസ്റ്റിലാണ് തന്റെ സാമ്പത്തിക കാര്യങ്ങളെക്കുറിച്ച് വെളിപ്പെടുത്തലുകൾ നടത്തിയത്. പണത്തെക്കുറിച്ചും സോഷ്യൽ മീഡിയ പ്രശസ്തിയെക്കുറിച്ചും തന്റെ പൊതുജീവിതത്തിന് പിന്നിലെ ബിസിനസ്സിനെക്കുറിച്ചും ഓറി സംസാരിച്ചു.

ആഡംബരപൂർണ്ണമായ ജീവിതശൈലിയാണുള്ളതെങ്കിലും താൻ വലിയ രീതിയിൽ പണം ചിലവാക്കുന്ന ആളല്ലെന്നും സമ്പാദിക്കാനാണ് ഇഷ്ടപ്പെടുന്നതെന്നും ഓറി പറഞ്ഞു. തന്റെ കുടുംബത്തിന്റെ മുൻകാല സാമ്പത്തിക സാഹചര്യങ്ങളാണ് പണം സൂക്ഷിച്ച് കൈകാര്യം ചെയ്യാൻ തന്നെ പഠിപ്പിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. കൗതുകകരവും എന്നാൽ വലിയ ലാഭമുണ്ടാക്കുന്നതുമായ തന്റെ തൊഴിലിനെക്കുറിച്ചും ഓറി വെളിപ്പെടുത്തി. പാർട്ടികളിലും ആഘോഷങ്ങളിലും പങ്കെടുക്കുന്നതിനായി താൻ 15 മുതൽ 20 ലക്ഷം രൂപ വരെയാണ് ഈടാക്കുന്നത്. ഒരു വൈകുന്നേരത്തേക്ക് തങ്ങളുടെ സുഹൃത്താകുന്നതിനും പരിപാടികളിൽ പങ്കെടുത്ത് ഒപ്പം ഫോട്ടോയെടുക്കുന്നതിനും പോലും ആളുകൾ തനിക്ക് പണം നൽകാറുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

തന്റെ സാമ്പത്തിക കാര്യങ്ങൾ ഇപ്പോഴും നോക്കിനടത്തുന്നത് മാതാപിതാക്കളാണെന്ന മറ്റൊരു രസകരമായ കാര്യവും ഓറി പങ്കുവെച്ചു. കണക്കുകളിൽ താൻ അത്ര മിടുക്കനല്ലാത്തതുകൊണ്ടാണ് മാസാവസാനമുള്ള സാമ്പത്തിക കാര്യങ്ങളെല്ലാം അച്ഛനെയും അമ്മയെയും ഏൽപ്പിച്ചിരിക്കുന്നതെന്ന് അദ്ദേഹം സമ്മതിച്ചു. കഴിഞ്ഞ മാസം ഒരു ബ്രാൻഡുമായി ചെയ്ത പരസ്യ വീഡിയോയ്ക്ക് (റീൽ) തനിക്ക് ലഭിച്ച വൻ തുകയെക്കുറിച്ചും താരം വെളിപ്പെടുത്തി. ഒരു ഒരൊറ്റ റീലിനായി 76 ലക്ഷം രൂപയാണ് തനിക്ക് പ്രതിഫലം ലഭിച്ചത്. സോഷ്യൽ മീഡിയയിൽ തനിക്കുള്ള വലിയ സ്വാധീനമാണ് ഇത് വ്യക്തമാക്കുന്നത്.

ഓറിയുടെ ഈ തുറന്നുപറച്ചിലുകൾ ഡിജിറ്റൽ രംഗത്തെ പ്രശസ്തരായ വ്യക്തികളുടെ വരുമാന സാധ്യതകളെക്കുറിച്ചും ക്രിയേറ്റർ ഇക്കോണമിയെക്കുറിച്ചുമുള്ള ചർച്ചകൾക്ക് സോഷ്യൽ മീഡിയയിൽ വീണ്ടും തുടക്കമിട്ടിരിക്കുകയാണ്. പരിപാടികളിൽ പങ്കെടുക്കാൻ ലക്ഷങ്ങൾ വാങ്ങുന്നത് മുതൽ വലിയ ബ്രാൻഡ് ഡീലുകൾ വരെ സ്വന്തമാക്കുന്ന ഓറിയുടെ ഈ അഭിമുഖം, ഇന്ത്യയിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന ഒരു ഇന്റർനെറ്റ് സെലിബ്രിറ്റിയുടെ ബിസിനസ്സ് ലോകത്തെക്കുറിച്ചുള്ള അപൂർവ്വമായ കാഴ്ചയാണ് നൽകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *