Featured Sports

വൈഭവ് സൂര്യവംശിയ്ക്ക് ഒരു ‘എതിരാളി’ ! 83 പന്തിൽ 210 റൺസ്, 35 ഫോറുകളും ഒൻപത് സിക്സുകളും

പട്ന∙ ഇന്ത്യൻ ക്രിക്കറ്റിന് വൻ പ്രതീക്ഷകൾ സമ്മാനിച്ച് വൈഭവ് സൂര്യവംശിക്കു പിന്നാലെ ബിഹാറിൽനിന്ന് വീണ്ടുമൊരു യുവ ബാറ്റിങ് വിസ്മയം കൂടി ഉയർന്നുവരുന്നു. ജില്ലാ അണ്ടർ 16 ക്രിക്കറ്റ് ലീഗിൽ മുസഫർപുർ സ്വദേശിയായ പതിനാലുകാരൻ അയൻ രാജ് നേരിട്ട വെറും 83 പന്തുകളിൽനിന്ന് അടിച്ചുകൂട്ടിയത് 210 റൺസാണ്.

സൻസ്കൃതി ക്ലബ്ബിന് വേണ്ടി പാഡ് കെട്ടിയ അയൻ രാജ് 35 ഫോറുകളും ഒൻപത് സിക്സറുകളുമാണ് മൈതാനത്തിന്റെ നാനാഭാഗത്തേക്കും പായിച്ചത്. നിലവിൽ ഇന്ത്യൻ ക്രിക്കറ്റിലെ ശ്രദ്ധേയ സാന്നിധ്യമായ വൈഭവ് സൂര്യവംശിയുടെ അടുത്ത സുഹൃത്ത് കൂടിയാണ് ഈ യുവതാരം. അയൻരാജിന്റെ ഈ വെടിക്കെട്ട് ബാറ്റിങ്ങിന്റെ കരുത്തിൽ നിശ്ചിത 30 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 464 റൺസെന്ന കൂറ്റൻ സ്കോറാണ് സൻസ്കൃതി ക്ലബ്ബ് അടിച്ചെടുത്തത്.

ജില്ലാതല ക്രിക്കറ്റ് മത്സരങ്ങളിൽ അയൻരാജ് ഇത്തരമൊരു ബാറ്റിങ് വിരുന്ന് നടത്തുന്നത് ഇതാദ്യമായല്ല. കഴിഞ്ഞ വർഷവും ഇതേ ക്ലബ്ബിനായി കളിച്ച താരം ഒരു തകർപ്പൻ ട്രിപ്പിൾ സെഞ്ചറി സ്വന്തമാക്കിയിരുന്നു. മുസഫർപുരിൽ‌ വെച്ചുനടന്ന അന്നത്തെ ലീഗ് മത്സരത്തിൽ 134 പന്തുകളിൽനിന്ന് 327 റൺസാണ് അയൻ രാജ് അടിച്ചുകൂട്ടിയത്. നിലവിൽ മികച്ച ഫോം തുടരുന്ന ഈ പതിനാലുകാരൻ അധികം വൈകാതെ തന്നെ ബിഹാർ സംസ്ഥാന ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് അരങ്ങേറ്റ മത്സരം കളിക്കുമെന്നാണ് ക്രിക്കറ്റ് വൃത്തങ്ങളിൽനിന്നു ലഭിക്കുന്ന സൂചനകൾ.

അതേസമയം, ഐപിഎൽ സീസൺ പൂർത്തിയായതിന് ശേഷം ശ്രീലങ്ക, അഫ്ഗാനിസ്ഥാൻ ടീമുകൾക്കെതിരെയുള്ള ത്രിരാഷ്ട്ര പരമ്പരയിൽ പങ്കെടുക്കുന്ന ഇന്ത്യ എ ടീമിന്റെ ക്യാമ്പിലാണ് വൈഭവ് സൂര്യവംശി ഇപ്പോൾ ഉള്ളത്. കഴിഞ്ഞ വ്യാഴാഴ്ച അഫ്ഗാനിസ്ഥാനെതിരെ നടന്ന മത്സരത്തിൽ 22 പന്തുകൾ നേരിട്ട വൈഭവ് 44 റൺസെടുത്ത് പുറത്തായിരുന്നു. ഈ പരമ്പരയിലെ ശ്രീലങ്കയ്ക്കെതിരായ ആദ്യ പോരാട്ടത്തില്‍ താരത്തിന് 14 റൺസ് മാത്രമാണ് സ്കോർ ചെയ്യാൻ സാധിച്ചത്.