ആംസ്റ്റര്‍ഡാം: ലോകകപ്പ് ഫുട്‌ബോള്‍ മത്സരങ്ങള്‍ അടുത്തിരിക്കെ, കളിക്കാര്‍ക്കായി പുതിയൊരു ആരോഗ്യ മുന്നറിയിപ്പുമായി ഗവേഷകര്‍ രംഗത്ത്. ഫുട്‌ബോള്‍ കളിക്കിടെ ഒരൊറ്റത്തവണ പന്ത് തലകൊണ്ട് തട്ടുന്നത് (ഹെഡ് ചെയ്യുന്നത്) പോലും തലച്ചോറിന് കേടുപാടുകള്‍ വരുത്തിയേക്കാമെന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്.
ഫുട്‌ബോള്‍ മത്സരങ്ങളില്‍ തലകൊണ്ട് പന്ത് തട്ടുമ്പോള്‍, തലച്ചോറിലെ തകരാറുകളുമായി ബന്ധപ്പെട്ട ചില പ്രോട്ടീനുകളുടെ അളവ് താല്‍ക്കാലികമായി കൂടുന്നതായി ആംസ്റ്റര്‍ഡാം യു.എം.സിയിലെ ശാസ്ത്രജ്ഞര്‍ കണ്ടെത്തി. നൂറുകണക്കിന് അമച്വര്‍ കളിക്കാരെ പങ്കെടുപ്പിച്ചായിരുന്നു ഈ പഠനം നടത്തിയത്. തലച്ചോറിലെ കോശങ്ങള്‍ക്കുണ്ടാകുന്ന മാറ്റങ്ങള്‍ അറിയാന്‍ മത്സരത്തിന് മുമ്പും ശേഷവും ഇവരുടെ രക്തസാമ്പിളുകള്‍ പരിശോധിക്കുകയുണ്ടായി.
വളരെ ദൂരെനിന്ന് വേഗത്തില്‍ വരുന്ന പന്തുകള്‍ തലകൊണ്ട് തട്ടുന്ന കളിക്കാരിലാണ് ഈ മാറ്റങ്ങള്‍ കൂടുതലായി കണ്ടത്. മത്സരശേഷം ഒന്ന് രണ്ട് ദിവസത്തിനുള്ളില്‍ ഈ പ്രോട്ടീനുകളുടെ അളവ് സാധാരണ നിലയിലാകുമെങ്കിലും, ഇത് ഭാവിയില്‍ തലച്ചോറിന് സ്ഥിരമായ കേടുപാടുകള്‍ വരുത്തിയേക്കാമെന്ന് ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കുന്നു.
ഇത് സംബന്ധിച്ച് കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണെന്ന് ഗവേഷകനായ ജോര്‍ട്ട് വിജ്‌വര്‍ബെര്‍ഗ് വ്യക്തമാക്കി. ഒരൊറ്റത്തവണ ഹെഡ് ചെയ്യുമ്പോഴുണ്ടാകുന്ന ആഘാതത്തെ ഒരു പൊടിപടലത്തോട് ഉപമിക്കാം; പൊടി അടങ്ങുമ്പോള്‍ പ്രശ്നം തീര്‍ന്നെന്നു തോന്നാമെങ്കിലും, ഇത്തരം ചെറിയ ആഘാതങ്ങള്‍ ആവര്‍ത്തിച്ചുണ്ടായാല്‍ അത് പിന്നീട് വലിയ മാനസിക-നാഡീ പ്രശ്നങ്ങള്‍ക്ക് കാരണമായേക്കാമെന്ന് അദ്ദേഹം പറഞ്ഞു.
ഫുട്‌ബോള്‍ കളിക്കാരില്‍ പ്രായമാകുമ്പോള്‍ അല്‍സ്‌ഹൈമേഴ്‌സ്, പാര്‍ക്കിന്‍സണ്‍സ് പോലുള്ള രോഗങ്ങള്‍ വരാനുള്ള സാധ്യത കൂടുതലാണെന്ന് വിദഗ്ദ്ധര്‍ വ്യക്തമാക്കുന്നു. പ്രത്യേകിച്ച്, പന്ത് എപ്പോഴും ഹെഡ് ചെയ്യേണ്ടി വരുന്ന പ്രതിരോധ നിരയിലെ കളിക്കാര്‍ക്കാണ് (ഡിഫെന്‍ഡര്‍മാര്‍) ഈ ഭീഷണി കൂടുതലുള്ളത്. പഠനത്തിന്റെ ഭാഗമായി 11 മത്സരങ്ങളിലായി മുന്നൂറിലധികം അമച്വര്‍ കളിക്കാരെയാണ് നിരീക്ഷിച്ചത്. ഇവരുടെ രക്തം പരിശോധിക്കുന്നതിനൊപ്പം വീഡിയോ ദൃശ്യങ്ങള്‍ ഉപയോഗിച്ച് ഓരോരുത്തരും എത്ര തവണ പന്ത് ഹെഡ് ചെയ്തുവെന്നും അത് എത്രത്തോളം ശക്തമായിരുന്നുവെന്നും കൃത്യമായി രേഖപ്പെടുത്തി.
പന്ത് ഹെഡ് ചെയ്ത കളിക്കാരുടെ രക്തത്തില്‍, ഹെഡ് ചെയ്യാത്തവരെ അപേക്ഷിച്ച് മത്സരത്തിന് തൊട്ടുപിന്നാലെ ‘പി-ടിഎയു 217’, ‘എസ്100ബി’ എന്നീ ഘടകങ്ങളുടെ അളവ് വളരെ കൂടുതലായി കാണപ്പെട്ടു. ഭാവിയിലുണ്ടാകാന്‍ സാധ്യതയുള്ള അല്‍സ്‌ഹൈമേഴ്‌സ്, ഓര്‍മ്മക്കുറവ് എന്നിവ വര്‍ഷങ്ങള്‍ക്ക് മുമ്പേ പ്രവചിക്കാന്‍ സഹായിക്കുന്ന ഒന്നാണ് പി-ടിഎയു 217. തലച്ചോറിലെ കോശങ്ങള്‍ അനുഭവിക്കുന്ന സമ്മര്‍ദത്തെ കാണിക്കുന്നതാണ് എസ്100ബി എന്ന ഘടകം. ഡിമെന്‍ഷ്യ പോലുള്ള രോഗങ്ങളുടെ തീവ്രത അളക്കാന്‍ ഇത് ഉപയോഗിക്കാറുണ്ട്. മത്സരത്തിന് ശേഷം ഈ ഘടകങ്ങളുടെ അളവ് കുറഞ്ഞ് രണ്ട് ദിവസത്തിനകം സാധാരണ നിലയിലായെങ്കിലും, അമച്വര്‍ ഫുട്‌ബോളില്‍ പോലും ഹെഡിങ്ങിനെ വളരെ ഗൗരവത്തോടെ കാണണമെന്നാണ് ശാസ്ത്രജ്ഞരുടെ അഭിപ്രായം.




