മരണക്കിടക്കയിൽ വെച്ച് പിതാവിന് നൽകിയ വാക്ക് പാലിക്കാൻ തന്റെ പത്ത് സഹോദരിമാരെയും വിവാഹം കഴിപ്പിച്ചു അയക്കാമെന്നേറ്റ ഒരു യുവാവിന്റെ വലിയ സാമ്പത്തിക ബാധ്യതയുടെ കഥ സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയാണ്. പത്ത് സഹോദരിമാരിൽ മൂന്ന് പേരുടെ വിവാഹം ഇതിനകം നടത്തിയതോടെ താൻ ഇപ്പോൾ തന്നെ 35 ലക്ഷം രൂപയുടെ കടബാധ്യതയിലാണെന്നും, ഇനിയും ഏഴ് സഹോദരിമാരുടെ വിവാഹം നടത്താൻ ബാക്കിയുണ്ടെന്നും ഈ യുവാവ് അവകാശപ്പെടുന്നു.
സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്ന വീഡിയോയിൽ യുവാവ് തന്റെ കുടുംബത്തിന്റെ കഥ വിവരിക്കുന്നുണ്ട്. പത്ത് പെൺമക്കൾക്ക് ശേഷമാണ് മാതാപിതാക്കൾക്ക് ഒരു ആൺകുട്ടി ഉണ്ടായത്. അർബുദ രോഗത്തോട് പോരാടിക്കൊണ്ടിരുന്ന പിതാവാണ് മരണത്തിന് തൊട്ടുമുൻപ് മകന്റെ ജീവിതത്തെ മാറ്റിമറിച്ച ഈ ആവശ്യം മുന്നോട്ടുവെച്ചത്. ബന്ധുക്കളിൽ നിന്ന് യാതൊരുവിധ സഹായവും തേടാതെയും, ഉത്തരവാദിത്തം മറ്റാർക്കും പങ്കുവെക്കാതെയും പത്ത് സഹോദരിമാരുടെയും വിവാഹകാര്യങ്ങളും അതിന്റെ ചെലവുകളും മകൻ തന്നെ നേരിട്ട് ഏറ്റെടുക്കണമെന്ന് പിതാവ് അവസാന നാളുകളിൽ ആവശ്യപ്പെട്ടു. വരാനിരിക്കുന്ന വലിയ സാമ്പത്തിക പ്രതിസന്ധികളെക്കുറിച്ച് ചിന്തിക്കാതെ അന്ന് ആ മകൻ പിതാവിന് ആ വാക്ക് നൽകി.
ഇതുവരെ മൂന്ന് സഹോദരിമാരുടെ വിവാഹം നടത്തിയതോടെ താൻ വലിയ സാമ്പത്തിക ബാധ്യതയിലായതായി യുവാവ് പറയുന്നു. നിലവിൽ 35 ലക്ഷം രൂപയുടെ കടമുണ്ട്. ഇനിയും ഏഴ് സഹോദരിമാരുടെ വിവാഹം ബാക്കിയുള്ളതിനാൽ, വരും വർഷങ്ങളിൽ കല്യാണച്ചെലവുകളും സമ്മാനങ്ങളും മറ്റ് കുടുംബ ആവശ്യങ്ങളും നിറവേറ്റാൻ ഏകദേശം 2 മുതൽ 3 കോടി രൂപ വരെ അധികമായി വേണ്ടിവരുമെന്നാണ് ഇയാൾ കണക്കുകൂട്ടുന്നത്.
ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ പ്രതികരണങ്ങളാണ് ഉണ്ടാക്കുന്നത്. ഇത്രയും വലിയ സാമ്പത്തിക ബാധ്യതയുണ്ടായിട്ടും പിതാവിന്റെ അവസാന ആഗ്രഹം നിറവേറ്റാനുള്ള യുവാവിന്റെ മനോഭാവത്തെ പലരും പ്രശംസിച്ചു. എന്നാൽ ചിലർ ഈ കഥയിൽ സംശയം പ്രകടിപ്പിക്കുന്നുമുണ്ട്. കുടുംബത്തോടുള്ള ഉത്തരവാദിത്തം നിറവേറ്റുന്നതിൽ അപൂർവ്വമായി മാത്രം കാണുന്ന ഒരു മാതൃകയാണിതെന്ന് പലരും കുറിച്ചു. “യഥാർത്ഥ ഉത്തരവാദിത്തം എന്നാൽ ഇതാണ്,” എന്ന് ഒരു ഉപയോക്താവ് കമന്റ് ചെയ്തു.
അതേസമയം, സ്വന്തം ഭാവിയും സാമ്പത്തിക ഭദ്രതയും പണയപ്പെടുത്തിക്കൊണ്ട് ഇത്തരം ഒരു ഭാരം ചുമക്കേണ്ടതുണ്ടോ എന്ന് മറ്റ് ചിലർ ചോദ്യം ചെയ്തു. “കുടുംബത്തോടുള്ള സ്നേഹം നല്ലതുതന്നെ, പക്ഷേ സ്വന്തം ഭാവിയെക്കുറിച്ചും ചിന്തിക്കണം,” എന്നായിരുന്നു മറ്റൊരു അഭിപ്രായം.




