Hollywood

ജയിംസ് കാമറൂണിന്റെ അവതാര്‍ മൂന്ന് കനത്ത മത്സരം നേരിടേണ്ടിവരും ; ദി സ്‌പോഞ്ച് മൂവിയും അതേ ദിവസം തന്നെ റിലീസ്

ഹോളിവുഡ് ബോക്‌സോഫീസുകളുടെ കാര്യം എടുത്താല്‍ ജെയിംസ് കാമറൂണ്‍ രാജാവാണ്. എക്കാലത്തെയും ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രങ്ങളുടെ പട്ടികയിലെ ആദ്യ നാല് ചിത്രങ്ങളില്‍ മൂന്നെണ്ണം അദ്ദേഹത്തിന്റെ സൃഷ്ടികളാണ്. അതില്‍ രണ്ട് അവതാര്‍ സിനിമകളും വരും.

2009 ല്‍ പുറത്തുവന്ന് വന്‍ വിജയം നേടിയ അവതാര്‍ ഫ്രാഞ്ചൈസിയില്‍ ജെയിംസ് കാമറൂണ്‍ ഉദ്ദേശിക്കുന്നത് അഞ്ചു സിനിമകളാണ്. ആദ്യ രണ്ടുഭാഗം പുറത്തുവന്ന സിനിമയുടെ മൂന്നാം ഭാഗം 2025 അവസാനത്തോടെ പുറത്തുവിടാന്‍ അദ്ദേഹം ഉദ്ദേശിക്കുകയും ചെയ്യുന്നു. ഇതും വെള്ളത്തിനടിയിലെ മറ്റൊരു സിനിമയാണെന്നാണ് വിലയിരുത്തല്‍. അതേസമയം സിനിമയ്ക്ക് വലിയ വെല്ലുവിളി നേരിടേണ്ടി വരുമെന്ന് ഉറപ്പായി.

മൂന്നാമത്തെ അവതാര്‍ സിനിമയ്ക്ക് ബോക്‌സ് ഓഫീസില്‍ ഒന്നാമതെത്താന്‍ പോരാടേണ്ടിവരും. കാരണം കുട്ടികളുടെ സിനിമയുടെ വലിയ ഫ്രാഞ്ചൈസികളില്‍ ഒന്നായി ഇതിനകം മാറിയിട്ടുള്ള ദി സ്‌പോഞ്ചിന്റെ പുതിയ സിനിമ ദി സ്‌പോഞ്ച്‌ബോബ് മൂവി: സെര്‍ച്ച് ഫോര്‍ സ്‌ക്വയര്‍ പാന്റ്‌സ് 2025 മെയ് 23 ന് റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരുന്നുവെങ്കിലും കാലതാമസം കാരണം ചിത്രം 2025 ഡിസംബര്‍ 19 ലേക്ക് മാറ്റി.

1999 ല്‍ പ്രീമിയര്‍ ചെയ്തതു മുതല്‍ സ്‌പോഞ്ച്‌ബോബ് സ്‌ക്വയര്‍ പാന്റ്‌സ് വന്‍ വിജയമാണ്. ഇതുവരെ, ഫ്രാഞ്ചൈസി മൂന്ന് ഫീച്ചര്‍ സിനിമകള്‍ പുറത്തിറക്കി: ഒന്ന് 2004 ലും മറ്റൊന്ന് 2015 ലും മൂന്നാമത്തേത് 2020 ലും. ആദ്യ ദി സ്‌പോഞ്ച്‌ബോബ് സ്‌ക്വയര്‍ പാന്റ്‌സ് മൂവി, വാണിജ്യപരമായി വിജയമായിരുന്നു.

2015-ല്‍ പുറത്തിറങ്ങിയ ദി സ്‌പോഞ്ച്‌ബോബ് മൂവി: സ്‌പോഞ്ച് ഔട്ട് ഓഫ് വാട്ടര്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ രണ്ടാമത്തെ ചിത്രമായി മാറി. ദി സ്‌പോഞ്ച്‌ബോബ് മൂവി: സ്‌പോഞ്ച് ഓണ്‍ ദി റണ്‍ എന്ന് പേരിട്ടിരിക്കുന്ന മൂന്നാമത്തെ സ്‌പോഞ്ച്‌ബോബ് ഫീച്ചര്‍ നിര്‍ഭാഗ്യവശാല്‍ കോവിഡ് -19 പകര്‍ച്ചവ്യാധി സമയത്ത് പുറത്തിറങ്ങിയതിനാല്‍ കാര്യമായ നേട്ടം ഉണ്ടാക്കാനായില്ല.