പരമ്പരാഗതമായ വീട്ടുജോലികളേക്കാൾ സാമ്പത്തിക സ്വാതന്ത്ര്യത്തിന് പ്രാധാന്യം നൽകിയ ഒരു വനിതാ ഓട്ടോ ഡ്രൈവറെക്കുറിച്ചുള്ള ആമസോൺ ജീവനക്കാരിയുടെ സോഷ്യൽ മീഡിയ പോസ്റ്റ് ഇപ്പോൾ വൈറലായിരിക്കുകയാണ്. ബംഗളൂരുവിൽവച്ചു ഒരു ഓട്ടോ യാത്രയ്ക്കിടയിലാണ് ഈ സംഭാഷണം നടക്കുന്നത്. യാത്രക്കാരിയായ ശ്രേയാഷി സിൻഹയോട് ഡ്രൈവറായ സ്ത്രീ തന്റെ ഫോണിലെ തകരാർ കാരണം വഴി ചോദിച്ചതോടെയാണ് ഇരുവരും തമ്മിലുള്ള സംഭാഷണം ആരംഭിക്കുന്നത്.
എന്തുകൊണ്ടാണ് ഓട്ടോ ഓടിക്കാൻ തുടങ്ങിയതെന്ന് ശ്രേയാഷി ചോദിച്ചപ്പോൾ ആ സ്ത്രീ നൽകിയ മറുപടി ശ്രദ്ധേയമായിരുന്നു. മറ്റുള്ളവരുടെ വീടുകളിൽ പോയി പാത്രം കഴുകുന്നതിനേക്കാൾ എത്രയോ നല്ലതാണ് ഓട്ടോ ഓടിക്കുന്നത് എന്നായിരുന്നു അവരുടെ മറുപടി. ഓട്ടോ ഓടിക്കുമ്പോൾ ഒരിടത്ത് മാത്രം ഒതുങ്ങിപ്പോകില്ലെന്നും ഇഷ്ടമുള്ളിടത്ത് യാത്ര ചെയ്യാൻ സാധിക്കുമെന്നും അവർ പറഞ്ഞു.
കൂടാതെ സമയത്തിന്റെ യാതൊരു നിയന്ത്രണങ്ങളുമില്ലാതെ സ്വന്തം ഇഷ്ടപ്രകാരം ജോലി ചെയ്യാൻ കഴിയുമെന്നതും വലിയൊരു സ്വാതന്ത്ര്യമായി അവർ കാണുന്നു. ഈ അനുഭവം ശ്രേയാഷി ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെക്കുകയായിരുന്നു. സ്വന്തമായി തീരുമാനങ്ങളെടുക്കാനും തങ്ങളുടെ സമയം ക്രമീകരിക്കാനും സ്വാതന്ത്ര്യം നൽകുന്ന ജോലികൾ തിരഞ്ഞെടുക്കുന്ന സ്ത്രീകളെ താൻ ഏറെ ബഹുമാനിക്കുന്നുവെന്ന് ശ്രേയാഷി കുറിച്ചു.
ഈ വീഡിയോ സോഷ്യൽ മീഡിയയിൽ ഇതിനകം 30 ലക്ഷത്തിലധികം ആളുകളാണ് കണ്ടത്. സ്വന്തം അധ്വാനത്തിൽ അഭിമാനം കൊള്ളുന്ന ആ സ്ത്രീയുടെ ആത്മവിശ്വാസത്തെ നിരവധി ആളുകൾ പ്രശംസിച്ചു. പുരുഷന്മാർ മാത്രം കുത്തകയാക്കി വെച്ചിരുന്ന ഈ മേഖലയിലേക്ക് സ്ത്രീകൾ കടന്നുവരുന്നതും, അവർ യാത്രാവേളകളിൽ നൽകുന്ന സുരക്ഷിതത്വവും പലരും കമന്റുകളിലൂടെ പങ്കുവെച്ചു.
“അവർ ഒരു ജോലി മാത്രമല്ല തിരഞ്ഞെടുത്തത്, മറിച്ച് സ്വന്തം സ്വാതന്ത്ര്യമാണ്” എന്ന് ഒരു ഉപയോക്താവ് കുറിച്ചപ്പോൾ, ജോലി ചെറുതോ വലുതോ എന്നതല്ല, സ്വന്തം ഇഷ്ടപ്രകാരം ജീവിക്കാൻ കഴിയുന്നതാണ് പ്രധാനമെന്ന് മറ്റൊരാൾ അഭിപ്രായപ്പെട്ടു.
ബംഗളൂരുവിലെ വനിതാ ഓട്ടോ ഡ്രൈവർമാരുടെ പ്രൊഫഷണൽ രീതികളെയും ഡ്രൈവിംഗിലെ അച്ചടക്കത്തെയും പ്രശംസിച്ച് പ്രമുഖ വ്യവസായി സഞ്ജയ് രാമകൃഷ്ണൻ ലിങ്ക്ഡ്ഇനിൽ പങ്കുവെച്ച കുറിപ്പും ഇതിനോടൊപ്പം ചർച്ചയായിട്ടുണ്ട്. സാധാരണയായി കാണാറുള്ള അമിതവേഗതയോ, അനാവശ്യമായ ഹോൺ അടിക്കലോ, മൊബൈൽ ഫോൺ ഉപയോഗമോ ഇല്ലാതെ വളരെ ശാന്തവും ഉത്തരവാദിത്തവുമുള്ള രീതിയിലാണ് വനിതാ ഡ്രൈവർമാർ വാഹനം ഓടിക്കുന്നതെന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു.




