Sports

ട്വന്റി20 യില്‍ തുടര്‍ച്ചയായി ആറു അര്‍ദ്ധശതകം; റിയാന്‍ പരാഗ് സെവാഗിനെയും മറികടന്നു

ക്രിക്കറ്റില്‍ അര്‍ദ്ധശതകം നേടുന്നത് തന്നെ അസാധാരണമായ കാര്യമാണ്. അപ്പോള്‍ തുടര്‍ച്ചയായി ആറു അര്‍ദ്ധശതകം നേടുക എന്ന റെക്കോഡ് സ്വന്തമാക്കിയിരിക്കുകയാണ് അസം താരം റിയാന്‍ പരാഗ്. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലെ ഗ്രൂപ്പ് മത്സരത്തില്‍ കേരളത്തിനെതിരെയാണ് നേട്ടം സ്വന്തമാക്കിയത്.

കേരളത്തിനെതിരെ പുറത്താകാതെ 57 റണ്‍സ് നേടിയ അദ്ദേഹം ടീമിനെ രണ്ട് വിക്കറ്റിന് വിജയത്തിലേക്ക് നയിച്ചു. ടി20യില്‍ തുടര്‍ച്ചയായി ആറ് അര്‍ധസെഞ്ചുറികള്‍ നേടിയ ഏക ക്രിക്കറ്റ് താരമെന്ന റെക്കോര്‍ഡാണ് റിയാന്‍ പരാഗ് സ്വന്തമാക്കിയത്. ബീഹാര്‍, സര്‍വീസസ്, സിക്കിം, ചണ്ഡിഗഡ്, ഹിമാചല്‍ പ്രദേശ് എന്നീ ടീമുകള്‍ക്കെതിരെ തുടര്‍ച്ചയായി അഞ്ച് അര്‍ധസെഞ്ചുറികള്‍ നേടിയ റിയാന്‍ വീരേന്ദര്‍ സെവാഗ്, ഡെവണ്‍ കോണ്‍വേ എന്നിവരുടെ റെക്കോഡാണ് മറികടന്നത്

ഓഗസ്റ്റില്‍ ദിയോധര്‍ ട്രോഫിയില്‍ നിന്ന് തുടങ്ങിയ റിയാന് ഇത് നല്ല ഒരു ആഭ്യന്തര സീസണ്‍ ആയിരുന്നു. ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ അദ്ദേഹം അഞ്ച് ഇന്നിംഗ്‌സുകളില്‍ നിന്ന് 88.5 ശരാശരിയില്‍ 354 റണ്‍സ് നേടി. അഞ്ച് മത്സരങ്ങളില് നിന്നായി 11 വിക്കറ്റുകളും താരം വീഴ്ത്തി.

ഐപിഎല്‍ ഫ്രാഞ്ചൈസിയായ രാജസ്ഥാന്‍ റോയല്‍സില്‍ സഞ്ജുസാംസന് കീഴില്‍ കളിക്കുന്ന റിയാന്‍ സഞ്ജുവിന്റെ ടീമിനെതിരേയാണ് തന്റെ ആറാം അര്‍ദ്ധശതകം നേടിയത് എന്നത് അപര്‍വ്വതയാകുകയുംചെയ്തു. മികച്ച സ്പിന്നര്‍ കൂടിയയാ റിയാന്‍ ഇന്ത്യന്‍ ബൗളര്‍ അശ്വിന്റെ മാര്‍ഗനിര്‍ദേശത്തിന് കീഴില്‍ തന്റെ ക്യാരംബോള്‍ ബൗളിംഗ് കഴിവുകള്‍ വികസിപ്പിക്കുന്നതായി അറിയപ്പെടുന്നു. ടി 20 ലീഗില്‍ യുവതാരത്തിന് നല്ല സമയം ലഭിച്ചിട്ടില്ല. ഐപിഎല്‍ 2023 ല്‍ ഏഴ് മത്സരങ്ങളില്‍ അദ്ദേഹം കളിച്ചിരുന്നു.