Celebrity

ആരാധകര്‍ കാത്തിരുന്ന ദീപിക-രണ്‍വീര്‍ വിവാഹ വീഡിയോ അഞ്ച് വര്‍ഷത്തിന് ശേഷം പുറത്ത്

ബോളിവുഡ് ആരാധകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് ദീപിക പദുക്കോണും രണ്‍വീര്‍ സിംഗും. 2018 ലാണ് ദീപികയും രണ്‍വീറും വിവാഹിതരായത്. വിദേശത്ത് വെച്ചാണ് വിവാഹ ചടങ്ങുകള്‍ നടന്നത്. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് താരങ്ങളുടെ വിവാഹ വിഡിയോയാണ്. സംവിധായകനും നിര്‍മാതാവുമായ കരണ്‍ ജോഹര്‍ അവതരിപ്പിക്കുന്ന കോഫീ വിത്ത് കരണ്‍ സീസണ്‍ 8 ലാണ് താരദമ്പതികളുടെ വീഡിയോ സ്ട്രീം ചെയ്തത്. ആദ്യമായാണ് കോഫി വിത്ത് കരണില്‍ ദീപികയും റണ്‍വീറും ഒന്നിച്ചെത്തുന്നത്.

ഒരു പാര്‍ട്ടിയില്‍ ദീപികയോടുള്ള പ്രണയം രണ്‍വീര്‍ സിംഗ് പ്രകടിപ്പിക്കുന്നതോടെയാണ് വീഡിയോ ആരംഭിക്കുന്നത്. ദീപികയുടെ പിതാവും ബാഡ്മിന്റണ്‍ താരവുമായിരുന്ന പ്രകാശ് പദുക്കോണ്‍ രണ്‍വീറിനെ അവരുടെ ബോറടിപ്പിക്കുന്ന കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുന്നതിനെക്കുറിച്ച് സംസാരിക്കുന്നു. ദീപിക പൂര്‍ണ്ണഹൃദയത്തോടെ പുഞ്ചിരിക്കുമ്പോള്‍ രണ്‍വീര്‍ നൃത്തം ചെയ്യുന്ന മെഹന്ദി ചടങ്ങിന്റെ ദൃശ്യങ്ങളും ക്ലിപ്പിലുണ്ട്. ദീപികയോട് താന്‍ എത്രമാത്രം സ്‌നേഹിക്കുന്നുവെന്ന് രണ്‍വീര്‍ പറയുന്നതായി കാണാം. വിവാഹനിശ്ചയത്തിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. ഇറ്റലിയിലെ ലേക്ക് കോമോയില്‍ അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും മാത്രം പങ്കെടുത്ത ദമ്പതികള്‍ ഒരു ഇന്റിമേറ്റ് ഡെസ്റ്റിനേഷന്‍ വെഡ്ഡിംഗ് നടത്തി. ദീപിക പദുകോണ്‍ നായികയായ യേ ജവാനി ഹേ ദിവാനിയിലെ വിവാഹ രംഗങ്ങള്‍ ചിത്രീകരിച്ച ദി വെഡ്ഡിങ് ഫിലിമേര്‍സാണ് താര വിവാഹവും ഷൂട്ട് ചെയ്തത്. സിനിമയുടെ ചിത്രീകരണവേളയില്‍ തന്നെ തന്റെ വിവാഹ വീഡിയോ ചിത്രീകരിക്കണമെന്ന് ടീമിനോട് ദീപിക ആവശ്യപ്പെട്ടിരുന്നു.

2013 ല്‍ പുറത്തിറങ്ങിയ രാം ലീല എന്ന ചിത്രത്തിലാണ് ദീപികയും രണ്‍വീറും ആദ്യമായി ഒരുമിച്ച് അഭിനയിക്കുന്നത്. ഈ സിനിമയ്ക്കിടെ രണ്ട് പേരും പ്രണയത്തിലായി. പിന്നീട് ബാജിരാവോ മസ്താനി, പദ്മാവത് തുടങ്ങിയ സിനിമകളിലും ദീപികയും രണ്‍വീറും ഒരുമിച്ചു. ഇന്ത്യയില്‍ ഇന്ന് ഏറ്റവും വിലപിടിപ്പുള്ള നായിക നടിമാരിലൊരാളാണ് ദീപിക. പഠാന്‍ എന്ന സിനിമയ്ക്ക് ശേഷം ജവാനില്‍ അതിഥി വേഷത്തിലെത്തിയും നടി പ്രേക്ഷക പ്രീതി നേടി. ഫൈറ്റര്‍, കല്‍ക്കി എഡി 2898 എന്നിവയാണ് ദീപികയുടെ റിലീസിനൊരുങ്ങുന്ന സിനിമകള്‍. രണ്‍വീര്‍ സിംഗിന്റേതായി ഒടുവില്‍ പുറത്തിറങ്ങിയ റോക്കി ഓര്‍ റാണി കീ പ്രേം കഹാനി എന്ന സിനിമ വന്‍ വിജയം നേടി. സിനിമയില്‍ മികച്ച പ്രകടനമാണ് രണ്‍വീര്‍ കാഴ്ചവെച്ചത്. ആലിയ ഭട്ടാണ് ചിത്രത്തില്‍ നായികയായെത്തിയത്. 83 എന്ന ചിത്രത്തിലാണ് രണ്‍വീറും ദീപികയും അവസാനമായി ഒരുമിച്ച് അഭിനയിച്ചത്.

https://www.instagram.com/reel/Cy2Ui8tKMs7/?utm_source=ig_web_copy_link