Crime

പ്രണയം നിരസിച്ച പെണ്‍കുട്ടിയുടെ പിതാവാണെന്ന് കരുതി മറ്റൊരാളെ വെട്ടിക്കൊന്നു; 19 വയസ്സുള്ള രണ്ടുപേര്‍ അറസ്റ്റില്‍

മധുര: പ്രണയം നിരസിച്ച പെണ്‍കുട്ടിയുടെ പിതാവാണെന്ന് കരുതി 19 കാരായ രണ്ടുപേര്‍ ചേര്‍ന്ന് കൊലപ്പെടുത്തിയത് മറ്റൊരാളെ. കലവാസല്‍ സ്വദേശി പി മുത്തമിളന്‍, അയാളുടെ സുഹൃത്ത് എസ്. അരുണാചലം എന്ന കൊച്ചടൈ സ്വദേശി അരുണിനെയുമാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. രണ്ടു പേരും ചേര്‍ന്ന് കൊലപ്പെടുത്തയത് കരിമേട്ടില്‍ സ്വദേശിയായ എം പൊങ്കുടി എന്ന 65 കാരനെയായിരുന്നു.

ചൊവ്വാഴ്ച ഉച്ചയോടെയാണ് യോഗാനന്ദസാമി സൗത്ത് മഠ് സ്ട്രീറ്റിലെ പൊങ്കുടിയെ അതിക്രമിച്ച് കയറി വെട്ടിക്കൊന്നത്. പൊങ്കുടിയുടെ ഭാര്യ പി.പാണ്ഡ്യമ്മാളിന്റെ (55) പരാതിയുടെ അടിസ്ഥാനത്തിലാണ് ഇരുവരേയും പിടികൂടിയത്. മുത്തമിളന്‍ കുറച്ചുകാലമായി പെണ്‍കുട്ടിയുടെ പിന്നാലെ നടന്നിരുന്നു. തുടര്‍ന്ന് അവള്‍ സഹോദരനോട് വിവരം പറയുകയും സഹോദരന്‍ മുത്തമിളനെ കണ്ട് ദീപാവലിക്ക് മുമ്പ് സഹോദരിയെ ശല്യപ്പെടുത്തരുത് എന്നും തുടര്‍ന്നാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

ഇതില്‍ പ്രകോപിതരായ മുത്തമിളനും അരുണും പെണ്‍കുട്ടിയുടെ പിതാവാണെന്ന് തെറ്റിദ്ധരിച്ച് വീട്ടിലെത്തി പൊങ്കുടിയെ വെട്ടുകയായിരുന്നു. പൊങ്കുടിക്ക് ആരുമായും മുന്‍വൈരാഗ്യം ഇല്ലാത്തതിനാല്‍ ആദ്യം പ്രതികളെ തിരിച്ചറിയാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കൊലപാതകത്തിന് മിനിറ്റുകള്‍ക്ക് മുമ്പ് പതിനേഴുകാരിയുടെ അച്ഛനെ അന്വേഷിച്ച് അരുണ്‍ വീട്ടിലെത്തിയിരുന്നതായി പൊലീസ് കണ്ടെത്തി. പൊങ്കുടിയുടെ വീടിന്റെ ഒന്നാം നിലയിലാണ് പെണ്‍കുട്ടിയുടെ കുടുംബം താമസിച്ചിരുന്നത്.