Sports

വേഗമേറിയ സെഞ്ച്വറികളുടെ ലോകകപ്പ് ; മാര്‍ക്രത്തിന് റെക്കോഡ് കൈവശം വെക്കാനായത് 18 ദിവസം

ഒരു മാസത്തിനിടയില്‍ രണ്ടു തവണയാണ് ഇന്ത്യയില്‍ നടക്കുന്ന ലോകകപ്പില്‍ അതിവേഗ സെഞ്ച്വറികള്‍ പിറന്നത്. വേഗത്തിലുള്ള സെഞ്ച്വറി നേടി വെറും മൂന്നാഴ്ച പോലും തികയും മുമ്പ് ആ റെക്കോഡ് തകര്‍ക്കപ്പെടുകയും ചെയ്തു. ലോകകപ്പില്‍ 50 പന്തുകള്‍ക്കുള്ളില്‍ നേടിയ സെഞ്ച്വറികള്‍ ഇവയാണ്.

ഗ്ലെന്‍ മാക്‌സ്വെല്‍ വെറും 40 പന്തില്‍ സെഞ്ച്വറി നേടിയതോടെ ഏകദിന ലോകകപ്പിലെ ഏറ്റവും വേഗമേറിയ സെഞ്ച്വറിയെന്ന റെക്കോര്‍ഡ് അദ്ദേഹത്തിന്റെ പേരിലായി. വെറും 40 പന്തില്‍ ഒമ്പത് സിക്‌സുകളും എട്ട് ബൗണ്ടറികളും ഉള്‍പ്പെടെ 106 റണ്‍സാണ് മാക്‌സ്‌വെല്‍ നേടിയത്. 18 ദിവസം മുമ്പ് എയ്ഡന്‍ മാര്‍ക്രം കൈവശം വെച്ചിരുന്ന റെക്കോഡാണ് ഗ്‌ളെന്‍ മാക്‌സ്‌വെല്‍ സ്വന്തമാക്കിയത്.

ഈ ലോകകപ്പില്‍ ശ്രീലങ്കയ്ക്ക് എതിരേ റെക്കോഡ് സ്‌കോറോടെയാണ് ദക്ഷിണാഫ്രിക്ക തുടങ്ങിയത്. ശ്രീലങ്കയ്‌ക്കെതിരെ അഞ്ചിന് 428 അടിച്ചുകൂട്ടിയ ദക്ഷിണാഫ്രിക്കക്കായി 49 പന്തില്‍ സെഞ്ച്വറി പൂര്‍ത്തിയാക്കി. 12 വര്‍ഷം അയര്‍ലന്റിന്റെ കെവിന്‍ ഒബ്രയാന്‍ കൈവശം വെച്ച റെക്കോഡാണ് മാര്‍ക്രം പിഴുതത്.

2011 ക്രിക്കറ്റ് ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരെയായിരുന്നു കെവിന്‍ ഓബ്രിയന്റെ സെഞ്ച്വറി. 50 പന്തിലാണ് സെഞ്ച്വറി നേടിയത്. അയര്‍ലന്‍ഡിനെ ഏകദിന ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ വിജയകരമായ റണ്‍ ചേസ് നേടുന്നതില്‍ ഇത് പ്രധാന പങ്കുവഹിച്ചു. ഐറിഷ് വിജയം ഏകദിന ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ അട്ടിമറികളില്‍ ഒന്നായിട്ടാണ് നില നില്‍ക്കുന്നത്.

വേഗതയേറിയ സെഞ്ച്വറികളില്‍ അഞ്ചാമത് നില്‍ക്കുന്നത് ദക്ഷിണാഫ്രിക്കയുടെ ഡിവിലിയേഴ്‌സാണ്. വെസ്റ്റ് ഇന്‍ഡീസിനെതിരേയുള്ള മത്സരത്തിനിടെ 66 പന്തില്‍ പുറത്താകാതെ 162 റണ്‍സാണ് എബി ഡിവില്ലിയേഴ്‌സ് നേടിയത്. 52 പന്തില്‍ സെഞ്ച്വറി നേടിയ ഡിവില്ലിയേഴ്‌സ് പിന്നീട് 62 റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്തതോടെ ഏകദിനത്തില്‍ ഏറ്റവും വേഗത്തില്‍ 150 റണ്‍സ് പൂര്‍ത്തിയാക്കി.