മുഖത്തെ രോമം ഷേവ് ചെയ്താൽ അത് പുരുഷന്മാരുടേത് പോലെ കടുപ്പമുള്ളതാകുമോ അല്ലെങ്കിൽ കറുപ്പ് നിറം കൂടുമോ എന്ന പേടിയാണ് പല സ്ത്രീകൾക്കുമുള്ളത്. ഈ ഭയം കാരണം പലരും വേദന സഹിച്ചാണെങ്കിലും വാക്സിംഗിനോ ത്രെഡിംഗിനോ ആണ് മുൻഗണന നൽകുന്നത്. എന്നാൽ മുഖം ഷേവ് ചെയ്യുന്നത് രോമത്തിന്റെ കടുപ്പമോ നിറമോ സാന്ദ്രതയോ വർദ്ധിപ്പിക്കില്ല എന്നതാണ് സത്യം. നമ്മുടെ രോമത്തിന്റെ വളർച്ചയും സ്വഭാവവും ശരീരത്തിലെ ഹോർമോണുകളെയും ജനിതക ഘടകങ്ങളെയും ആശ്രയിച്ചാണ് ഇരിക്കുന്നത്, അല്ലാതെ അത് മുറിക്കാൻ ഉപയോഗിക്കുന്ന രീതിയെക്കുറിച്ചല്ല.
നമ്മൾ ഷേവ് ചെയ്യുമ്പോൾ രോമത്തിന്റെ അറ്റം ചരിഞ്ഞാണ് മുറിയുന്നത്. ഇത് വളർന്നു വരുമ്പോൾ തൊടുമ്പോൾ നേരിയ കടുപ്പം തോന്നിയേക്കാം. എന്നാൽ രോമം പൂർണ്ണമായി വളർന്നു കഴിയുമ്പോൾ പഴയതുപോലെ തന്നെ മൃദുവാകും. ഷേവിംഗ് രോമത്തിന്റെ വേരുകളെ ബാധിക്കാത്തതിനാൽ വളർച്ചാ രീതിയിൽ യാതൊരു മാറ്റവും ഉണ്ടാകുന്നില്ല.
ശരിയായ രീതിയിൽ എങ്ങനെ ഷേവ് ചെയ്യാം എന്ന് നോക്കാം. ഒരിക്കലും ഉണങ്ങിയ ചർമ്മത്തിൽ ഷേവ് ചെയ്യരുത്. ആദ്യം മുഖം നന്നായി കഴുകി വൃത്തിയാക്കുക. തുടർന്ന് കറ്റാർവാഴ ജെല്ലോ ഫേഷ്യൽ ഓയിലോ പുരട്ടുന്നത് റേസർ ചർമ്മത്തിലൂടെ എളുപ്പത്തിൽ നീങ്ങാനും മുറിവുകൾ ഒഴിവാക്കാനും സഹായിക്കും. മുഖത്തെ രോമം മാറ്റാൻ പ്രത്യേകം രൂപകൽപ്പന ചെയ്ത സിംഗിൾ ബ്ലേഡ് റേസറുകൾ മാത്രം ഉപയോഗിക്കുക.
ഷേവ് ചെയ്യുമ്പോൾ ഒരു കൈകൊണ്ട് ചർമ്മം മുകളിലേക്ക് വലിച്ചുപിടിച്ച് റേസർ 45 ഡിഗ്രി ചരിവിൽ രോമം വളരുന്ന ദിശയിലേക്ക് പതുക്കെ നീക്കുക. ഷേവിംഗിന് ശേഷം മുഖം തണുത്ത വെള്ളത്തിൽ കഴുകി നല്ലൊരു മോയ്സ്ചറൈസർ പുരട്ടണം. വെയിലത്തിറങ്ങുമ്പോൾ സൺസ്ക്രീൻ ഉപയോഗിക്കാനും ശ്രദ്ധിക്കണം. മുഖത്ത് കുരുക്കളോ മറ്റ് അണുബാധകളോ ഉണ്ടെങ്കിൽ ഷേവ് ചെയ്യുന്നത് ഒഴിവാക്കേണ്ടതാണ്.




