Oddly News

ആര്‍ത്തവം അശുദ്ധിയായി കണക്കാക്കാത്ത ക്ഷേത്രം ; ഈ ക്ഷേത്രത്തിലെ പൂജാരിമാര്‍ സ്ത്രീകള്‍

കോയമ്പത്തൂര്‍: ആര്‍ത്തവത്തെ അശുദ്ധിയായി കരുതാത്ത സ്ത്രീകള്‍ പൂജാരിയായ ക്ഷേത്രം. ‘മാ ലിംഗഭൈരവി’ എന്ന് പേരിട്ടിരിക്കുന്ന തമിഴ്‌നാട്ടിലെ അസാധാരണ ക്ഷേത്രത്തെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. ഈ ക്ഷേത്രത്തെ വേറിട്ടു നിര്‍ത്തുന്നത് ക്ഷേത്രാചാരവുമായി ബന്ധപ്പെട്ട പാരമ്പര്യങ്ങളില്‍ നിന്നും തുടര്‍ന്നുവരുന്ന വൈചിത്ര സ്വഭാവമുള്ള ആചാര രീതികളും മര്യാദകളുമാണ്.

കോയമ്പത്തൂരിലെ വെള്ളിയാങ്കിരി പര്‍വതനിരകളുടെ അടിത്തട്ടില്‍ സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തെ വേറിട്ടു നിര്‍ത്തുന്നത് ‘ബൈരാഗിണി മാ’ എന്നറിയപ്പെടുന്ന വനിതാ പുരോഹിതരാണ്. സ്ത്രീകള്‍ക്ക് മാത്രമേ അകത്തെ ശ്രീകോവിലില്‍ പ്രവേശിച്ച് ദേവിയെ ആരാധിക്കാന്‍ അനുവാദമുള്ളൂ. തിളങ്ങുന്ന ചുവന്ന സാരികള്‍ ധരിച്ച, ‘ബൈരാഗിണി മാ’ എന്നറിയപ്പെടുന്ന വനിതാ പുരോഹിതന്മാര്‍, വിവിധ ജാതികളില്‍ നിന്നും മതങ്ങളില്‍ നിന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ളവരാണ്.

ലെബനനില്‍ നിന്നുള്ള ഹാനിന്‍ ഇവിടെ പുരോഹിതയാണ്. ലിംഗഭൈരവി ക്ഷേത്രത്തിലെ ഒരു വനിതാ പുരോഹിതയാണ് ബൈരാഗിണി മാ ഹാനിനേ. മതത്തില്‍ ക്രിസ്ത്യാനിയായ ബൈരാഗിണി മാ ഹാനിന്‍ 25 വയസ്സുള്ളപ്പോള്‍ ആന്തരിക സമാധാനം തേടി ലെബനനില്‍ നിന്ന് ഇന്ത്യയിലേക്ക് മാറി. ഇന്ത്യയിലെ ഒട്ടുമിക്ക ക്ഷേത്രങ്ങളിലും, ആര്‍ത്തവമുള്ള പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതിനും പ്രാര്‍ത്ഥിക്കുന്നതിനും വിശുദ്ധ ഗ്രന്ഥങ്ങള്‍ തൊടുന്നതിനും വിലക്കുണ്ട്. നേരെമറിച്ച്, 2010-ല്‍ പ്രതിഷ്ഠിക്കപ്പെട്ട ഈ ക്ഷേത്രം, ആര്‍ത്തവത്തെ ചുറ്റിപ്പറ്റിയുള്ള നിലവിലുള്ള വിലക്കിനെ ധിക്കരിച്ചുകൊണ്ട്, സ്ത്രീ ഭക്തരെ അവരുടെ ആര്‍ത്തവ ചക്രങ്ങളില്‍ പോലും പ്രാര്‍ത്ഥന നടത്താന്‍ അനുവാദം നല്‍കുന്നു.

മനുഷ്യന്റെ അസ്തിത്വത്തിന്റെ തുടര്‍ച്ചയ്ക്ക് നിര്‍ണായകമായ ഒരു ജൈവ പ്രക്രിയയായി മാത്രമാണ് ആര്‍ത്തവത്തെ ഇവിടുത്തെ പുരോഹിതര്‍ കാണുന്നത്. കോയമ്പത്തൂര്‍ നഗരത്തില്‍ നിന്ന് 40 കിലോമീറ്റര്‍ അകലെ സദ്ഗുരു ജഗ്ഗി വാസുദേവ് ആശ്രമത്തിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ക്ഷേത്രം സ്ത്രീലിംഗത്തെ പ്രതിനിധീകരിക്കുന്ന രീതിയിലുള്ള രൂപഘടനയാണ്. ദേവിയുടെ വാസസ്ഥലത്തിന്റെ ചുവരുകള്‍ ഒരു വിപരീത ത്രികോണം ഉണ്ടാക്കുന്നു, ഇത് സൃഷ്ടിയുടെ സ്ത്രീലിംഗത്തെ പ്രതീകപ്പെടുത്തുന്നു, അതേസമയം ഉള്ളിലെ ഒരു ചെറിയ ത്രികോണം ഗര്‍ഭപാത്രത്തിനുള്ളില്‍ ജനിച്ചിട്ടില്ലാത്ത പുല്ലിംഗത്തെ പ്രതിനിധീകരിക്കുന്നു.