Fitness

മദ്യമില്ല, പകരം യോഗ! തിളങ്ങുന്ന ചർമ്മത്തിന്റെയും കരുത്തുറ്റ മുടിയുടെയും രഹസ്യം വെളിപ്പെടുത്തി റൺവീർ

പ്രശസ്ത സംരംഭകനും പോഡ്കാസ്റ്ററുമായ ‘ബിയർ ബൈസെപ്‌സ്’ (BeerBiceps) സ്ഥാപകൻ രൺവീർ അല്ലാബാദിയ തന്റെ തിളങ്ങുന്ന ചർമ്മത്തിന്റെയും ആരോഗ്യകരമായ മുടിയുടെയും രഹസ്യം പങ്കുവെക്കുന്നു. കഠിനമായ വ്യായാമങ്ങൾക്കും മദ്യപാനത്തിനും പകരം യോഗ, സ്ട്രെച്ചിംഗ്, ശ്വസന വ്യായാമങ്ങൾ എന്നിവയാണ് തന്റെ രൂപമാറ്റത്തിന് പിന്നിലെന്ന് അദ്ദേഹം വെളിപ്പെടുത്തി. യോഗയിലൂടെ ചർമ്മത്തിന് പ്രത്യേക തിളക്കം ലഭിച്ചതായും മുടികൊഴിച്ചിൽ പോലുള്ള പ്രശ്നങ്ങൾ കുറഞ്ഞതായും അദ്ദേഹം പറയുന്നു.

ശാരീരിക മാറ്റങ്ങളേക്കാൾ ഉപരിയായി മാനസികാരോഗ്യത്തിനും അമിത ചിന്തകൾ ഒഴിവാക്കാനും യോഗ സഹായിക്കുമെന്ന് രൺവീർ ചൂണ്ടിക്കാട്ടുന്നു. ദിവസവും മണിക്കൂറുകൾ ഇതിനായി മാറ്റിവെക്കേണ്ടതില്ലെന്നും വെറും പത്തോ പതിനഞ്ചോ മിനിറ്റ് നീളുന്ന ലളിതമായ സ്ട്രെച്ചിംഗ് വ്യായാമങ്ങൾ പോലും വലിയ മാറ്റങ്ങൾ കൊണ്ടുവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തുടക്കക്കാർക്ക് കണങ്കാൽ, ഇടുപ്പ് തുടങ്ങിയ ഭാഗങ്ങൾ അയവുള്ളതാക്കുന്ന ലളിതമായ ആസനങ്ങളിൽ നിന്ന് തുടങ്ങാവുന്നതാണ്.

വ്യായാമം കഴിഞ്ഞ് ബാക്കി ലഭിക്കുന്ന സമയം പുസ്തകങ്ങൾ വായിക്കാനും കരിയറിനെ കുറിച്ച് ചിന്തിക്കാനും വരുമാനം വർദ്ധിപ്പിക്കാനുള്ള വഴികൾ കണ്ടെത്താനും ഉപയോഗിക്കണമെന്ന് അദ്ദേഹം യുവാക്കളെ ഉപദേശിക്കുന്നു. രാത്രി ഉറങ്ങുന്നതിന് മുമ്പ് പീജിയൻ പോസ് (Pigeon pose), ഡൗൺവേർഡ് ഡോഗ് തുടങ്ങിയ യോഗാസനങ്ങൾ ചെയ്യുന്നത് മികച്ച ഉറക്കം ലഭിക്കാൻ സഹായിക്കും. ചുരുങ്ങിയ സമയം കൊണ്ട് തന്നെ ശ്വസനത്തിലും ശാരീരിക വഴക്കത്തിലും ശ്രദ്ധ കേന്ദ്രീകരിച്ചാൽ ശാരീരികവും മാനസികവുമായ ഉന്മേഷം കൈവരിക്കാമെന്നാണ് രൺവീർ തന്റെ അനുഭവത്തിലൂടെ വ്യക്തമാക്കുന്നത്.