ലോകമെമ്പാടുമുള്ള ജനസംഖ്യയുടെ 25 ശതമാനത്തോളം പേർ കരൾ സംബന്ധമായ അസുഖങ്ങൾ (Fatty Liver) അനുഭവിക്കുന്നവരാണ്. മദ്യപാനം മൂലമല്ലാത്ത കരൾ രോഗങ്ങൾ കുട്ടികളിൽ പോലും വർധിച്ചുവരുന്നത് വലിയ ആശങ്കയുണ്ടാക്കുന്നു. വേനൽക്കാലത്ത് ശരീരത്തിലെ വിഷാംശങ്ങൾ നീക്കം ചെയ്യുന്നതിലും ഉപാപചയ പ്രവർത്തനങ്ങളിലും കരൾ കൂടുതൽ സജീവമായി പ്രവർത്തിക്കേണ്ടതുണ്ട്. ഈ സാഹചര്യത്തിൽ, ഇന്ത്യയിൽ സുലഭമായി ലഭിക്കുന്ന കരിമ്പിൻ ജ്യൂസ് കരളിൻ്റെ ആരോഗ്യത്തിന് എങ്ങനെ ഗുണകരമാകുന്നു എന്ന് വിദഗ്ധർ വ്യക്തമാക്കുന്നു.
വേനൽക്കാലത്തെ നിർജ്ജലീകരണവും ചൂടും കരളിൻ്റെ പ്രവർത്തനത്തെ ബാധിക്കാറുണ്ട്. സ്വാഭാവികമായി ഊർജ്ജം നൽകുന്ന പാനീയമായ കരിമ്പിൻ ജ്യൂസ് മഞ്ഞപ്പിത്തം, മൂത്രതടസ്സം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾ പരിഹരിക്കാൻ പാരമ്പര്യമായി ഉപയോഗിച്ചുവരുന്നു.
കരിമ്പിൻ ജ്യൂസിലടങ്ങിയിരിക്കുന്ന ഉയർന്ന അളവിലുള്ള ആന്റിഓക്സിഡന്റുകൾ കരളിലെ കോശങ്ങൾക്കുണ്ടാകുന്ന ഓക്സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കാൻ സഹായിക്കുമെന്ന് പ്രശസ്ത പോഷകാഹാര വിദഗ്ധ റുജുത ദിവേക്കർ പറയുന്നു. കരളിന്റെ പ്രവർത്തനം മെച്ചപ്പെടുത്താൻ ഇത് സഹായിക്കുമെങ്കിലും ഇതൊരു പൂർണ്ണമായ മരുന്നല്ലെന്ന് ഫോർട്ടിസ് ഹോസ്പിറ്റലിലെ ഡോ. റുബാൽ ഗുപ്ത ഓർമ്മിപ്പിക്കുന്നു.
കരളിന് കരിമ്പിൻ ജ്യൂസ് നൽകുന്ന ഗുണങ്ങൾ:
ശരീരത്തിൽ ആവശ്യത്തിന് ജലാംശം നിലനിർത്തുന്നത് കരളിന്റെ സുഗമമായ പ്രവർത്തനത്തിന് അത്യാവശ്യമാണ്. ആയുർവേദ പ്രകാരം എളുപ്പത്തിൽ ദഹിക്കുന്ന ഈ പാനീയം മഞ്ഞപ്പിത്തം പോലുള്ള അവസ്ഥകളിൽ പെട്ടെന്ന് ഊർജ്ജം നൽകാൻ സഹായിക്കുന്നു. ഇതിലെ ഫ്ലേവനോയിഡുകളും ഫിനോളിക് സംയുക്തങ്ങളും കരളിനെ സംരക്ഷിക്കുന്നു. കൂടാതെ ശരീരത്തിലെ പി.എച്ച് (pH) നില കൃത്യമായി നിലനിർത്താനും പരിസ്ഥിതി മലിനീകരണം മൂലം കരളിലുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളെ പ്രതിരോധിക്കാനും ഇതിന് സാധിക്കും.
ആരൊക്കെ ശ്രദ്ധിക്കണം?
കരിമ്പിൻ ജ്യൂസ് ആരോഗ്യപ്രദമാണെങ്കിലും എല്ലാവർക്കും ഇത് അനുയോജ്യമാകണമെന്നില്ല. പ്രകൃതിദത്തമായ പഞ്ചസാര ഇതിൽ ഉയർന്ന അളവിൽ അടങ്ങിയിട്ടുള്ളതിനാൽ പ്രമേഹരോഗികളും പ്രീ-ഡയബറ്റിക് അവസ്ഥയിലുള്ളവരും ഡോക്ടറുടെ നിർദ്ദേശം തേടിയ ശേഷം മാത്രമേ ഇത് ഉപയോഗിക്കാവൂ. കടകളിൽ നിന്ന് ലഭിക്കുന്ന പാക്കറ്റ് ജ്യൂസുകളിൽ കൃത്രിമ ചേരുവകൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ പുതുതായി അടിച്ചെടുത്ത ജ്യൂസ് കുടിക്കുന്നതാണ് നല്ലത്.
സുരക്ഷിതമായി എങ്ങനെ ഉപയോഗിക്കാം?
കരിമ്പിൻ ജ്യൂസ് അടിക്കുന്ന യന്ത്രങ്ങളും പരിസരവും ശുചിത്വമുള്ളതാണെന്ന് ഉറപ്പുവരുത്തുക. അല്ലാത്തപക്ഷം വയറിളക്കം, വയറുവേദന തുടങ്ങിയ അണുബാധകൾക്ക് ഇത് കാരണമാകും. പുറത്തുപോയി വന്ന ശേഷം ശരീരം തണുപ്പിക്കാൻ ഈ പാനീയം നല്ലതാണ്. എന്നാൽ അമിതമായി ചൂടുള്ളപ്പോൾ പെട്ടെന്ന് തണുത്ത ജ്യൂസ് കുടിക്കുന്നത് ഒഴിവാക്കണം. അസിഡിറ്റി പ്രശ്നമുള്ളവർ നാരങ്ങാനീരും ഉപ്പും ചേർക്കുന്നത് ഒഴിവാക്കുന്നതാണ് ഉചിതം. മിതമായ അളവിൽ ഉപയോഗിക്കുകയാണെങ്കിൽ കരിമ്പിൻ ജ്യൂസ് വേനൽക്കാലത്ത് കരളിന്റെ ആരോഗ്യത്തിന് മികച്ചൊരു പിന്തുണയാകും.




