മദ്യലഹരിയിൽ യുവതി ഓടിക്കൊണ്ടിരിക്കുന്ന എസ്‌യുവിക്ക് മുകളിൽ നിന്ന് വീഴുന്ന നടുക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്. വലിയ രീതിയിലുള്ള പ്രതിഷേധത്തിനും ആശങ്കയ്ക്കുമാണ് ഈ ദൃശ്യങ്ങൾ വഴിവെച്ചിരിക്കുന്നത്. രാത്രിയിൽ ഓടിക്കൊണ്ടിരിക്കുന്ന ഒരു വാഹനത്തിന് മുകളിൽ രണ്ട് യുവതികൾ ഇരിക്കുന്നതാണ് വീഡിയോയിലുള്ളത്. വാഹനം പെട്ടെന്ന് വേഗത കൂട്ടിയതോടെ മുകളിൽ ഇരുന്നവർക്ക് നിയന്ത്രണം നഷ്ടമാവുകയും, അതിലൊരാൾ വാഹനത്തിന്റെ പിന്നിലൂടെ താഴേക്ക് തെറിച്ചു വീഴുകയുമായിരുന്നു.
യുവതി നിലത്തുവീണ ഉടനെ തന്നെ സമീപത്തുണ്ടായിരുന്നവർ നിലവിളിച്ചുകൊണ്ട് സഹായത്തിനായി ഓടിയെത്തുന്നത് വീഡിയോയിൽ കാണാം. എന്നാൽ ഈ സംഭവം എവിടെയാണ് നടന്നതെന്നോ, ഇതിൽ ഉൾപ്പെട്ടവർക്കെതിരെ പോലീസ് നടപടി സ്വീകരിച്ചോ എന്ന കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണമൊന്നും ഇതുവരെ ലഭ്യമായിട്ടില്ല. താഴെ വീണ യുവതിയുടെ ആരോഗ്യനിലയെക്കുറിച്ചും വ്യക്തമായ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
സോഷ്യൽ മീഡിയയിൽ ഈ വീഡിയോയ്ക്കെതിരെ കടുത്ത വിമർശനമാണ് ഉയരുന്നത്. ഇത്തരം പ്രവൃത്തികൾ അങ്ങേയറ്റം നിരുത്തരവാദപരമാണെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്നും നെറ്റിസൺസ് ആവശ്യപ്പെടുന്നു. മദ്യലഹരിയിൽ ഇത്തരം അപകടകരമായ അഭ്യാസങ്ങൾ കാണിക്കുന്നത് ഒരു തമാശയല്ലെന്ന് ചൂണ്ടിക്കാട്ടിക്കൊണ്ട്, ഇതിനെതിരെ നിയമനടപടി വേണോ അതോ ആളുകൾ സ്വന്തം അനുഭവത്തിൽ നിന്ന് പഠിക്കണോ എന്ന് പലരും ചോദിക്കുന്നു. ഇത്തരം അഭ്യാസങ്ങൾ അത് ചെയ്യുന്നവർക്ക് മാത്രമല്ല, റോഡിലൂടെ പോകുന്ന മറ്റുള്ളവർക്കും വലിയ ഭീഷണിയാണെന്ന് സോഷ്യൽ മീഡിയ ഉപഭോക്താക്കൾ അഭിപ്രായപ്പെടുന്നു. പൊതുനിരത്തുകളിലെ ഇത്തരം സർക്കസുകൾ അവസാനിപ്പിക്കണമെന്നും ഡ്രൈവർക്കും യുവതിക്കും പിഴയും ശിക്ഷയും നൽകണമെന്നുമാണ് ഭൂരിഭാഗം പേരുടെയും പ്രതികരണം.




