Oddly News

ആരാധകർ ഏറ്റുപാടിയ ലിറിൽ ജിംഗിൾ കോപ്പിയടി! ജര്‍മ്മന്‍ സോപ്പിന്റെ പരസ്യം ‘ചുരണ്ടി’- വെളിപ്പെടുത്തൽ

ലിറിൽ സോപ്പിന്റെ ആ പഴയ ക്ലാസിക്ക് പരസ്യത്തില്‍ വെള്ളച്ചാട്ടത്തിന് താഴെ ഉന്മേഷവതിയായി കുളിക്കുന്ന പെൺകുട്ടിയും ഏറെ പ്രശസ്തമായ ‘ലാ ലാ ലാ ലാ’ എന്ന സംഗീതവും മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാർക്ക് ഒരിക്കലും മറക്കാനാവില്ല. പതിറ്റാണ്ടുകളായി ഇന്ത്യൻ പരസ്യരംഗത്തെ ഏറ്റവും മികച്ച സൃഷ്ടികളിലൊന്നായി ലിറിൽ സോപ്പിന്റെ ഈ പരസ്യം ഓർമ്മിക്കപ്പെടുന്നു. എന്നാൽ ഈ വിഖ്യാത സംഗീതം ഒരു വിദേശ പരസ്യത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണെന്ന വെളിപ്പെടുത്തലുമായി മാർക്കറ്റിംഗ് വിദഗ്ധനായ കാർത്തിക് ശ്രീനിവാസൻ രംഗത്തെത്തിയിരിക്കുകയാണ്. എക്സിലൂടെ അദ്ദേഹം പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ ചർച്ചയാകുന്നത്.

ലിറിൽ സോപ്പിന്റെ ഈ ഈണം കേൾക്കുമ്പോൾ തന്നെ പലരും അത് മൂളാറുണ്ടെങ്കിലും, ഇത് യഥാർത്ഥത്തിൽ ജർമ്മൻ സോപ്പ് ബ്രാൻഡായ ‘ഫാ’ (Fa) യുടെ പരസ്യ സംഗീതത്തിൽ നിന്ന് എടുത്തതാണെന്ന് കാർത്തിക് ചൂണ്ടിക്കാട്ടുന്നു. ലിറിലിനെപ്പോലെ തന്നെ നാരങ്ങയുടെ ഗുണങ്ങളുള്ള സോപ്പായിരുന്നു ഫാ. 1968-69 കാലഘട്ടത്തിൽ ജർമ്മനിയിലെ ഒരു ഏജൻസി തയ്യാറാക്കിയ ഫാ സോപ്പിന്റെ പരസ്യത്തിലാണ് ഈ സംഗീതം ആദ്യം ഉപയോഗിച്ചത്. ക്ലോസ് ഡോൾഡിംഗർ എന്ന ജർമ്മൻ സംഗീതജ്ഞനാണ് ഇത് ചിട്ടപ്പെടുത്തിയത്. അക്കാലത്ത് ഈ സംഗീതം യൂറോപ്പിൽ വലിയ തരംഗമായിരുന്നു.

ഇന്ത്യയിൽ ലിറിൽ സോപ്പ് വിപണിയിലെത്തുന്നത് 1974-ലാണ്. കൈലാഷ് സുരേന്ദ്രനാഥ് സംവിധാനം ചെയ്ത ഈ പരസ്യത്തിൽ എയർ ഇന്ത്യ ഉദ്യോഗസ്ഥയായിരുന്ന കാരൻ ലുണെൽ ആണ് അഭിനയിച്ചത്. വൻരാജ് ഭാട്ടിയ ആയിരുന്നു ഇതിന്റെ സംഗീത സംവിധായകനായി അറിയപ്പെട്ടിരുന്നത്. എന്നാൽ അദ്ദേഹം ചെയ്തത് ജർമ്മൻ പരസ്യത്തിലെ അതേ ഈണം ഉപയോഗിക്കുകയും അതിനിടയിൽ സിത്താർ പോലുള്ള ഇന്ത്യൻ വാദ്യോപകരണങ്ങളുടെ ശബ്ദം ചേർക്കുകയുമായിരുന്നു എന്ന് കാർത്തിക് പറയുന്നു.

രണ്ട് രാജ്യങ്ങളിലെ ഒരേ ഗുണങ്ങളുള്ള സോപ്പുകൾ ഒരേപോലെയുള്ള ദൃശ്യങ്ങളും സംഗീതവും ഉപയോഗിച്ചത് വെറുമൊരു യാദൃശ്ചികതയല്ല. അക്കാലത്ത് ഇന്ത്യൻ സിനിമകളിലും മറ്റും വിദേശ സംഗീതങ്ങൾ വ്യാപകമായി കടമെടുത്തിരുന്ന രീതിയുടെ ഭാഗമാണിതെന്നും അദ്ദേഹം വ്യക്തമാക്കുന്നു. വരും തലമുറകൾക്കും കൗതുകകരമായ ഒരു വിവരമായാണ് ഈ വെളിപ്പെടുത്തൽ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.