Fitness Health

ജിമ്മിലായാലും ജോലിയിലായാലും ഭാരം ഉയർത്തുന്ന പുരുഷന്മാർ സൂക്ഷിക്കുക! ഹെർണിയയും ക്യാൻസർ ഭീഷണിയും

അമിതഭാരമുള്ള വസ്തുക്കൾ ഉയർത്തുന്നത് പല പുരുഷന്മാരുടെയും ദിനചര്യയുടെ ഭാഗമാണ്. ജിമ്മിലോ ജോലിസ്ഥലത്തോ വീട്ടിലോ ആകട്ടെ, പലപ്പോഴും ആവർത്തിച്ചു ചെയ്യുന്ന ഈ പ്രവൃത്തി അപകടരഹിതമാണെന്ന് തോന്നാമെങ്കിലും കൃത്യമായ മുൻകരുതലുകൾ ഇല്ലാതെ ചെയ്യുന്നത് ശരീരത്തിന് വലിയ സമ്മർദ്ദമുണ്ടാക്കും. അമിതഭാരം ഉയർത്തുന്നത് മാത്രമല്ല പ്രശ്നം, മറിച്ച് അത് എങ്ങനെ ചെയ്യുന്നു എന്നതും ശരീരത്തിന്റെ ലക്ഷണങ്ങൾ എങ്ങനെ അവഗണിക്കുന്നു എന്നതുമാണ് പ്രധാനമെന്ന് പരേലിലെ ഗ്ലെനെഗിൾസ് ഹോസ്പിറ്റലിലെ സർജിക്കൽ ഗ്യാസ്‌ട്രോഎൻട്രോളജി വിഭാഗം ഡയറക്ടർ ഡോ. പ്രശാന്ത് റാവു പറയുന്നു.

തെറ്റായ രീതിയിലോ അമിതമായോ ഭാരമുയർത്തുന്നത് വയറിനുള്ളിലെ മർദ്ദം വർദ്ധിപ്പിക്കാൻ കാരണമാകും. ഇത് കാലക്രമേണ പേശികളെ ദുർബലപ്പെടുത്തുകയും ഹെർണിയ (Hernia) ഉണ്ടാകാൻ ഇടയാക്കുകയും ചെയ്യും. തുടക്കത്തിലുള്ള നേരിയ അസ്വസ്ഥതകൾ പല പുരുഷന്മാരും അവഗണിക്കാറാണ് പതിവ്, എന്നാൽ ഇത് രോഗം വഷളാക്കാൻ മാത്രമേ സഹായിക്കൂ. പേശികളുടെ ബലക്കുറവ് മൂലം ശരീരത്തിനകത്തെ അവയവങ്ങൾ പുറത്തേക്ക് തള്ളി വരുന്ന അവസ്ഥയെയാണ് ഹെർണിയ എന്ന് വിളിക്കുന്നത്. ഭാരമുയർത്തുന്നത് കൂടാതെ വിട്ടുമാറാത്ത ചുമ, അമിതവണ്ണം, മലബന്ധം എന്നിവയും ഇതിന് കാരണമാകാം.

തുടക്കത്തിൽ ചെറിയൊരു മുഴയോ വേദനയോ ആയിട്ടായിരിക്കും ഹെർണിയ പ്രത്യക്ഷപ്പെടുക. എന്നാൽ കൃത്യസമയത്ത് ചികിത്സിച്ചില്ലെങ്കിൽ ഇത് അപകടകരമാവുകയും രക്തയോട്ടം തടസ്സപ്പെടുന്നതുപോലുള്ള അവസ്ഥയിലേക്ക് എത്തുകയും ചെയ്യും. ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ അടിയന്തര ശസ്ത്രക്രിയ ആവശ്യമായി വരും. ഹെർണിയയെക്കാൾ ഗൗരവകരമായ മറ്റൊരു വശം ഇതിന്റെ ലക്ഷണങ്ങളെ നമ്മൾ തെറ്റായി മനസ്സിലാക്കുന്നു എന്നതാണ്. ശരീരത്തിൽ കാണുന്ന മുഴയോ വീക്കമോ ഹെർണിയ ആണെന്ന് സ്വയം കരുതി ചികിത്സ തേടാതിരിക്കുന്നത് ടെസ്റ്റിക്കുലർ ക്യാൻസർ (വിത്തുസഞ്ചിയിലെ ക്യാൻസർ), വയറിനുള്ളിലെ ട്യൂമറുകൾ തുടങ്ങിയ ഗൗരവകരമായ രോഗങ്ങൾ തിരിച്ചറിയാൻ വൈകുന്നതിന് കാരണമാകും.

വയറിനുള്ളിൽ ട്യൂമർ വളരുമ്പോൾ ആന്തരിക മർദ്ദം വർദ്ധിക്കുകയും അത് അവയവങ്ങളെ പുറത്തേക്ക് തള്ളുകയും ചെയ്യും. ഇത് കാഴ്ചയിൽ ഹെർണിയ പോലെ തോന്നിക്കാം. അതുകൊണ്ട് ലക്ഷണങ്ങൾ അവഗണിക്കുന്നതും സ്വയം രോഗനിർണയം നടത്തുന്നതും വലിയ അപകടമാണ്. ശരീരത്തിലെ മുഴ വലുതാകുകയോ, വേദന കഠിനമാകുകയോ, അകാരണമായി ഭാരം കുറയുകയോ, മൂത്രത്തിൽ രക്തം കാണുകയോ ചെയ്താൽ വൈകാതെ തന്നെ ഒരു ഡോക്ടറെ കാണേണ്ടതുണ്ട്. ഭാരമുയർത്തുന്നത് കൊണ്ട് പ്രശ്നമില്ല, എന്നാൽ ശരീരം നൽകുന്ന മുന്നറിയിപ്പുകൾ അവഗണിക്കുന്നത് ഗുരുതരമാണ്. ശരിയായ രീതിയിൽ ഭാരമുയർത്തുന്നതും അസ്വസ്ഥതകൾ ശ്രദ്ധിക്കുന്നതും ഇത്തരം വലിയ ആരോഗ്യപ്രശ്നങ്ങളെ ഒരു പരിധിവരെ തടയാൻ സഹായിക്കും.

Disclaimer: Tips and suggestions mentioned in the article are for general information purposes only and should not be construed as professional medical advice.